സൗരവൈദ്യുതിക്കായി നല്ല തുടക്കം

Posted on: 22 Jan 2013സൗരവൈദ്യുതി ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വൈദ്യുതി ബോര്‍ഡ്, വൈകിയാണെങ്കിലും തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. ആദ്യഘട്ടത്തില്‍ 500 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബോര്‍ഡിന്റെ ചെലവില്‍ സൗരവൈദ്യുതി ഉണ്ടാക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ ആസ്​പത്രികള്‍, ജല അതോറിറ്റി ഓഫീസുകള്‍, പോലീസ്‌സ്റ്റേഷനുകള്‍ എന്നിവയടക്കം 500 ഓഫീസുകള്‍ ഇതിനായി കണ്ടെത്തുകയും പ്രാഥമികപഠനം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വൈദ്യുതിച്ചാര്‍ജില്‍ വന്‍ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കുകയും അതിന്റെ വില ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വിലയില്‍ തട്ടിക്കിഴിക്കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യും. പദ്ധതിക്കായി ഫിബ്രവരിയില്‍ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. ഇത്തരം സ്ഥാപനങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാവുന്ന ഏജന്‍സികള്‍ക്ക് വാര്‍ഷിക ഗഡുക്കളായാണ് പണം നല്‍കുക. വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബോര്‍ഡ് സൗരവൈദ്യുതി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഊര്‍ജപ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ കേരളത്തില്‍ വൈദ്യുതിബോര്‍ഡും വിവിധ മേഖലകളിലെ ഉപഭോക്താക്കളും വിഷമിക്കാന്‍തുടങ്ങിയിട്ട് ഏറെക്കാലമായി. വൈദ്യുതിയുടെ ലഭ്യതയും ഉപയോഗവും തമ്മിലുള്ള അന്തരം നിത്യേനയെന്നോണം വര്‍ധിച്ചുവരുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഊര്‍ജാവശ്യത്തിന് പ്രധാനമായും ജലവൈദ്യുതപദ്ധതികളെയാണ് കേരളം ആശ്രയിച്ചുപോരുന്നത്. എന്നാല്‍, ജലദൗര്‍ലഭ്യവും പരിസ്ഥിതിപ്രശ്‌നങ്ങളും കാരണം ഇനി അതിനുകഴിയില്ല. നിലവിലുള്ള പദ്ധതികളുടെ ഉത്പാദനശേഷിപോലും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍, ഊര്‍ജോത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. അവയില്‍ ഏറ്റവും പ്രായോഗികവും ചെലവുകുറഞ്ഞതുമാണ് സൗരവൈദ്യുതിയെന്ന് വിദഗ്ധര്‍ പറയുന്നു. സൗരവൈദ്യുതി പ്ലാന്റുകള്‍ സ്ഥാപിച്ച് വിവിധ സ്ഥാപനങ്ങളെ ഊര്‍ജാവശ്യത്തിന്റെ കാര്യത്തില്‍ പരമാവധി സ്വയംപര്യാപ്തമാക്കാന്‍ നിര്‍ദിഷ്ടപദ്ധതി സഹായകമാകും. ഊര്‍ജത്തിന്റെ കാര്യത്തില്‍ മാതൃകാപരമായ വികേന്ദ്രീകൃത ശൈലിക്ക് തുടക്കംകുറിക്കാനും ഇതുവഴി കഴിയും. വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതികളുടെയും അവയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെയും കാര്യത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയണം.

സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും വിദഗ്ധസഹായവും ലഭ്യമാക്കിയാല്‍ ഒട്ടേറെ ഉപഭോക്താക്കള്‍ സൗരോര്‍ജോത്പാദനസംവിധാനം ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവരും. വൈദ്യുതി ബോര്‍ഡില്‍ സൗരോര്‍ജസെല്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. വന്‍തോതില്‍ സൗരോര്‍ജോത്പാദനത്തിനുള്ള സാധ്യതകളും കേന്ദ്രം അന്വേഷിക്കുകയുണ്ടായി. കനാലുകള്‍ക്കു മുകളില്‍ സൗരവൈദ്യുതി പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ജലസേചന കനാലുകളും ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്താനാവും. അണക്കെട്ടുകളിലെ ജലാശയങ്ങള്‍ക്കു മുകളില്‍ സൗരവൈദ്യുതിപാനലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കാനും വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നു. എന്തായാലും സൗരോര്‍ജോത്പാദനത്തിന് ഗാര്‍ഹിക ഉപഭോക്താക്കളും വിവിധ സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇതിന് നേതൃത്വം വഹിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വൈദ്യുതി ബോര്‍ഡ്തന്നെ മുന്നോട്ടുവരണം. കേരളത്തിന്റെ ആകെ സ്ഥലത്തിന്റെ അരശതമാനത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യവും നിറവേറ്റാനുള്ള സൗരവൈദ്യുതി ഉണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈദ്യുതി ബോര്‍ഡും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇക്കാര്യത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഊര്‍ജപ്രശ്‌നങ്ങള്‍ക്ക് അധികം വൈകാതെ തന്നെ പരിഹാരമുണ്ടാക്കാനാവും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/