'ചതുര്‍മുഖി'യുമായി ഷര്‍മിള ബിശ്വാസ്

Posted on: 22 Jan 2013തിരുവനന്തപുരം: ഒഡിഷയിലെ പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്ന 'ചതുര്‍മുഖി' നൃത്തവുമായി ഷര്‍മിള ബിശ്വാസ് ചൊവ്വാഴ്ച 'നിശാഗന്ധി'യുടെ വേദിയിലെത്തും. നാലുഭാഗങ്ങളുള്ള ഈ നൃത്തം ഒഡിഷയുടെ ശുദ്ധ നൃത്തരൂപങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിന്റെ ഫലമാണെന്ന് ഷര്‍മിള പറഞ്ഞു.

പശ്ചിമ ഒഡീഷയുടെ ആചാരങ്ങളും സംഗീതവും കോര്‍ത്തിണക്കിയാണ് 'ചതുര്‍മുഖി'യുടെ ആദ്യഭാഗമായ 'ദേവി ഭര്‍നി' തയാറാക്കിയിരിക്കുന്നത്. രണ്ടാംഭാഗമായ 'ത്രികായി' ഒഡിഷി നാടന്‍ കലാരൂപമായ 'പ്രഹ്ലാദ നാടക'ത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണ്.

മൂന്നാം ഭാഗമായ 'ലീല' അഭിനയപ്രാധാന്യമുള്ളതും ഗൗഡിയ വൈഷ്ണവ തത്ത്വശാസ്ത്രത്തെ അധികരിച്ചുള്ളതുമാണ്. 'ഗീതഗോവിന്ദ'ത്തെ ആധാരമാക്കി, കൃഷ്ണന്റെ പക്കലേക്കുള്ള രാധയുടെ യാത്രയെ വര്‍ണിക്കുന്നതാണ് ഈ ഭാഗം. മാര്‍ഗദര്‍ശിയായ ഗുരുവായിട്ടാണ് സഖിയെ 'ചതുര്‍മുഖി'യില്‍ ചിത്രീകരിക്കുന്നതെന്നും ഒഡിഷി ഗുരു കേളുചരണ്‍ മഹാപാത്രയുടെ ഈ ശിഷ്യ പറഞ്ഞു.

ഒരു പൂര്‍ണാവസ്ഥയിലേക്കും ആനന്ദത്തിലേക്കും നര്‍ത്തകരെയും ആസ്വാദകരെയും എത്തിക്കുന്ന 'പട്വാര്‍' ആണ് 'ചതുര്‍മുഖി'യുടെ നാലാംഭാഗം. ഒഡിഷയിലെ പ്രധാനമായ പത്ത് വാദ്യോപകരണങ്ങള്‍ ഈ നൃത്തരൂപത്തിന് പശ്ചാത്തലസംഗീതം നല്‍കും.

വര്‍ഷങ്ങള്‍ക്കുശേഷം നിശാഗന്ധി ഫെസ്റ്റിവലിന്റെ വേദിയിലെത്താനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ 'മീറ്റ് ദി ആര്‍ട്ടിസ്റ്റ്' പരിപാടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഹിനിയാട്ടം നര്‍ത്തകി സ്മിത രാജനും ഘടം വിദ്വാന്‍ ഡോ. എസ്. കാര്‍ത്തിക്കും പരിപാടിയില്‍ സംസാരിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/