ലാഭകരമല്ലാത്ത 1700 സര്‍വീസുകള്‍ വെട്ടിച്ചുരുക്കും

Posted on: 22 Jan 2013ഡീസല്‍ വിലവര്‍ധന കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം പ്രതിമാസം 80 കോടിയാക്കും
നിര്‍ത്തിവെക്കുന്നത് ലാഭകരമല്ലാത്ത സര്‍വീസുകള്‍
വന്‍ ഗതാഗതപ്രശ്‌നത്തിന് ഇടയാക്കു
തിരുവനന്തപുരം: ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന് ഔദ്യോഗികമായ അംഗീകാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. പതിനായിരം രൂപ പ്രതിദിന കളക്ഷനില്ലാത്ത 1700-ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് കോര്‍പ്പറേഷന്‍ അനുമതി തേടുന്നത്.

വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കെ.എസ്.ആര്‍.ടി.സി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാധാരണ ഉപഭോക്താക്കള്‍ ഒരു ലിറ്റര്‍ ഡീസലിന് 48.72 രൂപ നല്‍കുന്ന സ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. 60.20 രൂപ നല്‍കേണ്ടിവരുന്നു. നിലവില്‍ 65 കോടി പ്രതിമാസ നഷ്ടം വരുത്തിവെക്കുന്നുണ്ട് കോര്‍പ്പറേഷന്‍. അടുത്തമാസം മുതല്‍ അത് 80 കോടിയാകും. ഈ സാഹചര്യത്തിലാണ് ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്.

പതിനായിരം രൂപയെങ്കിലും പ്രതിദിന കളക്ഷനില്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. 1700-ഓളം ബസ്സുകളാണ് ഇതിന്റെ ഭാഗമായി ഓട്ടം നിര്‍ത്തുക. സംസ്ഥാനത്ത് വന്‍ ഗതാഗത പ്രശ്‌നത്തിന് ഇത് വഴിയൊരുക്കും.

കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ലാഭകരമായ റൂട്ടുകളില്‍ മാത്രം സര്‍വീസ് നടത്തുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. ഈ മാസം ഇതുവരെ പെന്‍ഷന്‍ നല്‍കിയിട്ടില്ല. പെന്‍ഷനും ദൈനംദിന ചെലവുകള്‍ക്കുമായി 200 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡീസല്‍ സബ്‌സിഡി നഷ്ടമായതിന്റെ ആഘാതം പരിഹരിക്കാന്‍ സര്‍വീസുകള്‍ കുറയ്ക്കുന്ന പദ്ധതിക്ക് കോര്‍പ്പറേഷന്‍ ഞായറാഴ്ച തന്നെ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച 5870 ഷെഡ്യൂളുകളില്‍ 4470 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തിയത്. കോര്‍പ്പറേഷന് സംസ്ഥാനതലത്തില്‍തന്നെ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തിരുവനന്തപുരത്തെ സിറ്റി, പാപ്പനംകോട്, പേരൂര്‍ക്കട, വികാസ്ഭവന്‍, വെള്ളനാട് ഡിപ്പോകളില്‍പ്പോലും 526 സര്‍വീസുകളില്‍ 281 എണ്ണമാണ് ഓടിയത്.

തിരുവനന്തപുരം ഉള്‍പ്പെടുന്ന ഒന്നാം സോണില്‍ മൊത്തം അഞ്ഞൂറോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ടാം സോണില്‍ 1350 ല്‍ 1060 സര്‍വീസുകള്‍ ഓടി. എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളുള്ള മൂന്നാം സോണില്‍ 1170-ല്‍ 920 ബസ്സുകളോടി. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ള നാലാം സോണില്‍ 729-ല്‍ 601 ബസ്സുകളോടി. അതേസമയം ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലുള്ള നിലമ്പൂരില്‍ 39 ഷെഡ്യൂളുകളില്‍ 37 എണ്ണം ഓടിയിട്ടുണ്ട്.

സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ കോര്‍പ്പറേഷന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. ഡീസല്‍ സബ്‌സിഡി നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് കോര്‍പ്പറേഷന്‍ പൂര്‍ണനിലയ്ക്ക് സര്‍വീസ് നടത്തിയ 16-ാം തീയതി 5.21 കോടി രൂപ കളക്ഷന്‍ ലഭിച്ചപ്പോള്‍ ഞായറാഴ്ച അത് 4.29 കോടിയായി കുറഞ്ഞു. സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം താറുമാറാകുന്ന സ്ഥിതിയാണ്. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/