കൂടങ്കുളത്തുനിന്ന് കേരളത്തിന് വൈദ്യുതി ഉറപ്പ്; ഉദുമല്‍പേട്ട വഴി കൊണ്ടുവന്നാല്‍ നഷ്ടംവരും

Posted on: 22 Jan 2013തിരുവനന്തപുരം: കൂടങ്കുളം താപനിലയത്തില്‍ നിന്ന് ഉത്പാദനം തുടങ്ങിയാല്‍ കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഈ ഉറപ്പ് ലഭിച്ചത്. എന്നാല്‍ ഇതുകൊണ്ടുവരാന്‍ നിലവിലുള്ള ലൈനിനെ ആശ്രയിക്കുന്നത് കെ.എസ്.ഇ.ബി ക്ക് വന്‍ നഷ്ടം വരുത്തിവെയ്ക്കും.
തിരുനെല്‍വേലി-മാടക്കത്തറ ലൈന്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കൂടങ്കുളം നിലയം പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ഉദുമല്‍പേട്ട വഴിയുള്ള ലൈനിലൂടെ താത്കാലികമായി വൈദ്യുതി കൊണ്ടുവരും. എന്നാല്‍ ഈ ലൈന്‍ പഴകിയതിനാല്‍ പത്തുശതമാനത്തില്‍ കൂടുതല്‍ പ്രസരണ നഷ്ടമുണ്ടാകും.15 മെഗാവാട്ടുവരെ ഇങ്ങനെ നഷ്ടപ്പെടും. കൂടങ്കുളം വൈദ്യുതിക്കായി ഈ ലൈന്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇതിലൂടെ വൈദ്യുതി കൊണ്ടുവരാനുമാവില്ല. ഇങ്ങനെ രണ്ടുതരത്തിലാണ് ബോര്‍ഡിന് നഷ്ടമുണ്ടാക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കൂടങ്കുളം നിലയത്തില്‍ ആദ്യഘട്ടം 1000 മെഗാവാട്ടിന്‍േറതാണ്. കേന്ദ്രനിലയങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനുള്ള ഫോര്‍മുലയനുസരിച്ച് കേരളത്തിന് കിട്ടേണ്ടത് 133 മെഗാവാട്ടാണ്. രണ്ടാംഘട്ടത്തില്‍ ആയിരം മെഗാവാട്ടിന്റെ നിലയം കമ്മിഷന്‍ ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി കിട്ടണം. എന്നാല്‍ ഇവിടെനിന്നുള്ള വൈദ്യുതി മുഴുവന്‍ തമിഴ്‌നാടിന് വേണമെന്ന് അവിടത്തെ മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കേരളത്തിന് ഇതുകൊണ്ടുവരാന്‍ ലൈനില്ലെന്നും ജയലളിത വാദിച്ചിരുന്നു.
എന്നാല്‍ കേരളത്തിന് അര്‍ഹമായ വിഹിതം കിട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരളത്തിന് വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പുനല്‍കി.
തിരുനെല്‍വേലി-മാടക്കത്തറ ലൈന്‍ ഇനിയും 100 കിലോമീറ്ററോളം പണി പൂര്‍ത്തിയാക്കാനുണ്ട്. ലൈന്‍ കടന്നുപോകുന്ന പ്രദേശവാസികളുടെ പ്രതിഷേധമാണ് പണി മുടങ്ങാന്‍ കാരണം. ഇവരെ വിശ്വാസത്തിലെടുത്ത് ലൈനിന്റെ പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം. ഈ ലൈന്‍ പൂര്‍ത്തിയായില്ലെങ്കില്‍ കൂടങ്കുളം വൈദ്യുതി ലഭിച്ചാലും അത് കേരളത്തിന് ആശ്വാസമാവില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/