കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് ഡല്‍ഹിയില്‍

Posted on: 22 Jan 2013


പി.കെ. മണികണ്ഠന്‍ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ ഡി.എം.ആര്‍.സി.യുടെ പങ്കാളിത്തം ഉറപ്പായ ശേഷമുള്ള ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കും. സാങ്കേതികവിദ്യ, സാമ്പത്തികസഹായം തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഉണ്ടായേക്കും.

ബോര്‍ഡ് ചെയര്‍മാനായ നഗരവികസനസെക്രട്ടറി സുധീര്‍കൃഷ്ണയുടെ സൗകര്യം കണക്കിലെടുത്താണ് ഡല്‍ഹിയിലേക്ക് യോഗം മാറ്റിയത്.

കമ്പ്യൂട്ടര്‍അധിഷ്ഠിത ട്രെയിന്‍ കണ്‍ട്രോള്‍ (സി.ബി.ടി.സി) സാങ്കേതികവിദ്യയായിരിക്കും കൊച്ചി മെട്രോയുടെ സവിശേഷത. ഡ്രൈവറില്ലാതെ ട്രെയിന്‍ സര്‍വീസ് നടത്താനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാരുള്ള ട്രെയിന്‍ തന്നെയായിരിക്കും സര്‍വീസ് നടത്തുക. സ്റ്റാന്‍ഡേഡ് ഗേജ് ട്രെയിനുകളായിരിക്കും കൊച്ചിയില്‍ ഉപയോഗിക്കുക. പാളത്തിന്റെ വീതി 2.9 മീറ്ററാക്കി നിശ്ചയിക്കാനും ധാരണയായി.

വായ്പയ്ക്ക് ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (ജൈക്ക)യെമാത്രം ആശ്രയിക്കേണ്ടെന്ന് നേരത്തേ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം ഡി.എം.ആര്‍.സി. ഉപദേശകന്‍ ഇ. ശ്രീധരനും നിര്‍ദേശിച്ചിരുന്നു. ഹഡ്‌കോ കൊച്ചിമെട്രോയ്ക്ക് 563 കോടി രൂപയുടെ സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും ധനസഹായം നല്‍കാമെന്നേറ്റിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വായ്പ തേടാനും ആലോചിക്കുന്നു. ഇതിനുപുറമെ ഫ്രഞ്ച് സാമ്പത്തികഏജന്‍സിയായ എ.എഫ്.ഡി.യില്‍നിന്നും ധനസഹായം അഭ്യര്‍ഥിക്കും. വ്യവസ്ഥകള്‍ക്കനുസരിച്ച് ഏതൊക്കെ ഏജന്‍സികളില്‍ നിന്ന് കൊച്ചി മെട്രോയ്ക്ക് പണം കണ്ടെത്താമെന്ന ചര്‍ച്ചകളും ചൊവ്വാഴ്ചയുണ്ടാവും.

മെട്രോയുടെ ഭാഗമായി പരിസ്ഥിതി-സാമൂഹിക പ്രത്യാഘാതപഠനവും നടത്തുന്നുണ്ട്. നേരത്തേ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല കൊച്ചി മെട്രോയ്ക്കായി പാരിസ്ഥിതിക പ്രത്യാഘാതപഠനം നടത്തിയിരുന്നു. എന്നാല്‍ ഏറ്റവും കാലികമായ പഠനം നടത്തണമെന്ന് കൊച്ചി സന്ദര്‍ശിച്ച ജൈക്ക പ്രതിനിധിസംഘം അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പഠനം . ഇതിനുള്ള ഏജന്‍സിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചയും കെ.എം.ആര്‍.എല്‍. ബോര്‍ഡിലുണ്ടാവും.

ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും തമ്മില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും നടക്കും. ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം 28ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍മാത്രമേ ധാരണാപത്രം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവാനിടയുള്ളൂ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/