അള്‍ജീരിയ ബന്ദിപ്രശ്‌നം: മരണസംഖ്യ 81 ആയി

Posted on: 22 Jan 2013അള്‍ജിയേഴ്‌സ്: അള്‍ജീരിയയിലെ അമിനാസിനടുത്ത് സഹാറ മരുഭൂമിയിലെ വാതക പ്ലാന്റില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ നടന്ന സൈനിക നടപടിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. സ്‌ഫോടകവസ്തുക്കള്‍ക്കായി അള്‍ജീരിയന്‍ സേന ഇവിടെ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പല മൃതദേഹങ്ങളും വികൃതമായിരുന്നു. ഇവ ബന്ദികളുടെതാണോ തീവ്രവാദികളുടെതാണോ എന്ന് വ്യക്തമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ ഇടപെടല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് വാതക പ്ലാന്റ് ജീവനക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കിയത്. ശനിയാഴ്ച അള്‍ജീരിയന്‍ പ്രത്യേകസേന ഇവിടം വളഞ്ഞു. ഇതോടെ, തീവ്രവാദികള്‍ ബന്ദികളെ കൊന്നൊടുക്കാന്‍ തുടങ്ങി.

ശനിയാഴ്ച നടന്ന രക്തരൂഷിത പോരാട്ടത്തില്‍ 32 തീവ്രവാദികളും 23 ബന്ദികളും കൊല്ലപ്പെട്ടെന്ന് അള്‍ജീരിയ അറിയിച്ചു. വാതക പ്ലാന്റില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ അയച്ച അള്‍ജീരിയന്‍ ബോംബ് സ്‌ക്വാഡ് ഞായറാഴ്ച 25 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതുകൂടാതെ, സൈന്യം മോചിപ്പിച്ച റൊമാനിയക്കാരന്‍ മരിച്ചു. ഇതോടെയാണ് മരണസംഖ്യ 81 ആയി ഉയര്‍ന്നത്. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

തടവിലായിരുന്ന 685 അള്‍ജീരിയന്‍ തൊഴിലാളികളെയും 185 വിദേശികളെയും മോചിപ്പിച്ചു.

മാലിയിലെ ഫ്രഞ്ച് ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് അള്‍ജീരിയയിലെ സംഭവത്തിന്റെ ഉത്തരവാദികളെന്നവകാശപ്പെടുന്ന തീവ്രവാദസംഘടന 'മാസ്‌കഡ് ബ്രിഗേഡ്' പ്രസ്താവനയില്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/