വനിതാ ഹെല്‍പ്‌ലൈന്‍ ഇനി രാജ്യമൊട്ടാകെ

Posted on: 22 Jan 2013ന്യൂഡല്‍ഹി:ഒരു മാസം മുമ്പ് ഡല്‍ഹിയില്‍ നടപ്പാക്കിയ 181 എന്ന വനിതാ ഹെല്‍പ്‌ലൈന്‍ നമ്പര്‍ രാജ്യമൊട്ടാകെ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ക്കായി ഇത് അടിയന്തര നമ്പറാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് സിബല്‍ കത്തെഴുതും.

മൂന്നക്ക നമ്പറായ 181-നെ ദേശീയ വനിതാ ഹെല്‍പ്‌ലൈന്‍ നമ്പറാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതു നടപ്പാവുമ്പോള്‍ രാജ്യത്തുടനീളം അതത് സംസ്ഥാന സര്‍ക്കാറുകള്‍ കോള്‍ സെന്ററുകള്‍ തുറക്കേണ്ടിവരും. ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ ഡിസംബറിലാണ് ടെലികോം മന്ത്രാലയം ഡല്‍ഹിയിലെ വനിതകള്‍ക്ക് മൂന്നക്ക ഹെല്‍പ്‌ലൈന്‍ നമ്പര്‍ ലഭ്യമാക്കിയത്. ആദ്യം ഇത് 167 എന്ന നമ്പറായിരുന്നു. എളുപ്പം ഓര്‍മിക്കാവുന്ന നമ്പര്‍ എന്നനിലയ്ക്കാണ് പിന്നീടത് 181 ആക്കിയത്. ടെലികോം മന്ത്രാലയം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നല്‍കുന്ന ആദ്യ മൂന്നക്ക നമ്പറായിരുന്നു അത്.

ഏത് അടിയന്തര സാഹചര്യത്തിലും ആര്‍ക്കും വിളിക്കാവുന്ന ഒരു അടിയന്തര നമ്പര്‍ കൂടി നല്‍കാനും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആലോചിക്കുന്നുണ്ട്. പോലീസ്, അഗ്‌നിശമന സേന, ആംബുലന്‍സ് തുടങ്ങി എന്താവശ്യത്തിനും ഈ നമ്പര്‍ ഉപയോഗപ്പെടുത്താനാകും. അമേരിക്കയിലെ 911 നമ്പറിന്റെ മാതൃകയിലാവും ഇത്. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത അടിയന്തര നമ്പറുകളാണുള്ളത്. പോലീസ് ഹെല്‍പ് ലൈനായ 100 പോലും പലപ്പോഴും പ്രവര്‍ത്തിക്കാറില്ല. ഈ സാഹചര്യത്തിലാണ് ലാന്‍ഡ്‌ലൈന്‍, ജി.എസ്.എം, സി.ഡി.എം.എ. തുടങ്ങി ഏത് നമ്പറില്‍ നിന്നും ലഭ്യമാവുന്ന അടിയന്തര നമ്പര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/