പാചകവാതകം ഡല്‍ഹിയില്‍ ഇനി 12 സിലിണ്ടര്‍

Posted on: 22 Jan 2013ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ ആറായി പരിമിതപ്പെടുത്തിയത് ഒമ്പതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ 12 എണ്ണമാക്കാന്‍ ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം. ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിസര്‍ക്കാര്‍ നടപ്പാക്കുന്ന 'മണ്ണെണ്ണ മുക്തനഗരം' പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ 12 എണ്ണമാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ഷീലാദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.പി.എല്‍, അന്ത്യോദയ-അന്നയോജന, നിര്‍ധനര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള നാലുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അധികമായി മൂന്ന് സിലിണ്ടര്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തും. ഒരു സിലിണ്ടറിന് സബ്‌സിഡിയായി നല്‍കേണ്ട 350 രൂപ സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. സബ്‌സിഡി സിലിണ്ടറുകളും സബ്‌സിഡിയിതര സിലിണ്ടറുകളുംതമ്മിലുള്ള വിലവ്യത്യാസം സര്‍ക്കാര്‍ പരിഹരിക്കും. പാവപ്പെട്ടവര്‍ക്ക് പരമാവധി ആശ്വാസം നല്‍കാനാണ് സബ്‌സിഡി സിലിണ്ടറുകള്‍ 12 എണ്ണമാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ കേന്ദ്രം ആറാക്കി പരിമിതപ്പെടുത്തിയപ്പോള്‍ മൂന്ന് സിലിണ്ടറുകളുടെ സബ്‌സിഡിബാധ്യതവഹിച്ച് ഒമ്പതെണ്ണമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച സബ്‌സിഡി സിലിണ്ടറുകള്‍ ഒമ്പതാക്കാന്‍ കേന്ദ്രതീരുമാനം വന്നതോടെയാണ് 12 എണ്ണമാക്കി കൂട്ടാനുള്ള തിങ്കളാഴ്ചത്തെ തീരുമാനം.

വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ ജനരോഷം പരമാവധി തണുപ്പിച്ച് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സംസ്ഥാനകോണ്‍ഗ്രസ്സിന്റെ നീക്കം. പാചകവാതകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നതിനു പകരം എല്ലാ വീടുകളിലും പാചകവാതകമെത്തിക്കുന്ന 'മണ്ണെണ്ണമുക്ത നഗരം' പദ്ധതി സംസ്ഥാനസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയിരുന്നു.

ഇതിനുപുറമെ ഭക്ഷ്യസബ്‌സിഡി പണമായി നല്‍കുന്ന 'അന്നശ്രീ യോജന'യും ഡല്‍ഹിസര്‍ക്കാര്‍ കഴിഞ്ഞമാസം നടപ്പാക്കി. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ സ്ത്രീയുടെ പേരില്‍ പ്രതിമാസം 600 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. ആധാര്‍കാര്‍ഡ് അടിസ്ഥാനമാക്കി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വീട്ടുടമസ്ഥരെ സഹായിക്കും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനംചെയ്തതാണ് ഈ പദ്ധതി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/