ജയ്പ്പുര്‍ ലിഫ്റ്റില്‍ കേരളത്തിന്റെ സ്മാഷ്!

Posted on: 20 Jan 2013


ഒളിംപ്യന്‍

എക്കാലത്തും ഓര്‍മിക്കാന്‍ ഒരുപിടി കിടയറ്റ താരങ്ങള്‍. വോളിബോളില്‍ കേരളത്തിന് ആവേശകരമായ പാരമ്പര്യമാണുള്ളത്. പപ്പനും അബ്ദുറഹ്മാനും ഭാസ്‌കരക്കുറുപ്പും വര്‍ക്കിയും ഇന്നും ഓര്‍മകളില്‍ മിന്നുന്നു. തലമുറകളെ കോര്‍ത്തിണക്കിയ പാലംപോലെ കേരളത്തിലങ്ങിങ്ങായി നടുവണ്ണൂരിലെ അച്ചുവിനെപ്പോലെയുള്ള നിരവധി താരങ്ങള്‍ വേറെയും. അതിനുശേഷമാണ് 70കളില്‍ ദേശീയതലത്തില്‍ കേരളം അരങ്ങുതകര്‍ക്കുന്നത്. ജിമ്മി ജോര്‍ജും ഗോപിനാഥും ജോസ് ജോര്‍ജും മാനുവലും സിറില്‍ സി. വെള്ളൂരും ഉദയകുമാറും അബ്ദുള്‍ റസാക്കുമെല്ലാം കേരള വോളിബോളിന്റെ മുഖച്ഛായതന്നെ മാറ്റിക്കളഞ്ഞു. ഇവര്‍ പകര്‍ന്ന ആവേശത്തില്‍ മലയാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മറുനാടന്‍ ടീമുകള്‍ വളര്‍ന്നുവന്നു - ചുരുക്കത്തില്‍ കേരളീയഗ്രാമങ്ങളില്‍ വോളിബോള്‍ ഒരു ലഹരിയായി പടര്‍ന്നു.
പുരുഷന്മാരെ പിന്തുടര്‍ന്നുകൊണ്ട് വനിതാ വോളിബോള്‍ ടീമുകളും കാഹളംമുഴക്കി രംഗത്തുവന്നു. നാമക്കുഴിക്കാരി ഏലമ്മ കൊളുത്തിയ ദീപശിഖയുമായി വനിതകള്‍ ആഞ്ഞടിച്ചു. അര്‍ജുന അവാര്‍ഡ് നേടി കോടഞ്ചേരിക്കാരി സാലി ജോസഫ് രാജ്യത്തെയും പ്രതിനിധീകരിച്ച് ചരിത്രത്തിലെ മികച്ച താരമായി ജ്വലിച്ചുനിന്നു - ജയ്‌സമ്മ മുത്തേടനും മറ്റും വനിതാ വോളിബോളിന്റെ ഗതിതന്നെ തിരിച്ചുവിട്ടു.
പുരുഷന്മാരെപ്പോലെ വനിതകള്‍ക്കും തൊഴില്‍സാധ്യതയുറപ്പാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ടീമുകള്‍ രംഗത്തുവന്നു. ഇഞ്ചോടിഞ്ച് പൊരുതിയ കേരള-കലിക്കറ്റ്-ഗാന്ധി സര്‍വകലാശാലകളാണ് ശരിക്കും കേരളത്തില്‍ വോളിബോളിന് ശക്തമായ അടിത്തറപാകിയത് - മത്സരിച്ച് സമ്മാനിച്ച ഗ്രേസ്മാര്‍ക്കും പ്രൊഫഷണല്‍ സീറ്റ് സംവരണവും സര്‍ക്കാറിന്റെ ജോലിസംവരണവുമെല്ലാം വോളിബോളിന് വലിയ മാന്യത നല്കി. വലിയ സാധ്യതകളൊരുക്കി. ഇതിനൊക്കെ പുറമെ സീസണാവുന്നതോടെ കേരളത്തിലുടനീളം - പ്രത്യേകിച്ച് മലബാറില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റുകളുടെ പരമ്പര തുടങ്ങി - ഗ്രാമങ്ങളെ മുഴുവന്‍ ഇളക്കിമറിച്ചുകൊണ്ട്‌വോളിബോള്‍ സാധാരണക്കാര്‍ ശരിക്കും നെഞ്ചിലേറ്റുകയായിരുന്നു.
ഇടക്കാലത്ത് കേരളാ വോളിബോള്‍ ഒന്ന് തളര്‍ന്നുവെന്നു തോന്നിയിടത്തുനിന്നാണ് ജയ്പ്പുരില്‍നിന്നുള്ള കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍ എത്തുന്നത് - പുരുഷന്മാരുടെതും വനിതകളുടെതുമായി കേരളം രണ്ട് ഫൈനലും കളിക്കുന്നുവെന്ന് ആദ്യം കേള്‍ക്കുന്നു. അടുത്ത ദിവസം പുരുഷവിഭാഗത്തില്‍ കേരളം കിരീടംചൂടിയെന്ന്. വനിതകളാകട്ടെ ചാമ്പ്യന്മാരായ റെയില്‍വേക്ക് മുന്നില്‍ വീണ്ടും രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടുന്നു.

അറുപത്തിയൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ നാലാമത്തെ കിരീടം നേടുന്ന കേരളം സ്‌ട്രെയിറ്റ് ഗെയിമിന് തമിഴ്‌നാടിനെ തകര്‍ത്തുവിടുമ്പോള്‍ വലിയ പ്രതീക്ഷകളുയരുകയാണ്. തുടക്കംമുതല്‍ നേടിയ ലീഡ് കൈവിടാതെ തികഞ്ഞ ഒത്തിണക്കത്തില്‍ ടോം ജോസഫും മനുവും രതീഷും ബിപിനും അജേഷുമെല്ലാം ചേര്‍ന്ന് നേടിയെടുത്ത വിജയത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ പി.എസ്. അബ്ദുള്‍ റസാക്ക് 'ക്ലാസിക് പെര്‍ഫോമന്‍സെ'ന്ന് വിശേഷിപ്പിച്ചതിനോട് നൂറുശതമാനം യോജിക്കുന്നു. വനിതാ ഫൈനലിലാകട്ടെ, ഇരുപത്തിയെട്ടുതവണ കിരീടം നേടിയ നിലവിലുള്ള ചാമ്പ്യന്മാരായ റെയില്‍വേക്കെതിരെ തുടക്കത്തിലൊഴിച്ചാല്‍ ശരിക്കൊന്ന് പൊരുതിയില്ലെന്ന ദുഃഖം മാത്രം ബാക്കികിടക്കുന്നു. കോഴിക്കോട്ടുകാരി രേഷ്മയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങിയ റെയില്‍വേ തുടര്‍ച്ചയായ നാലാമത്തെ കിരീടം ശരിക്കും അര്‍ഹിച്ചിരുന്നുവെന്ന് പറയാതെവയ്യ.
കേരളാ വോളിബോള്‍ വളരുന്നുവെന്നതില്‍ ആര്‍ക്കും സംശയംവേണ്ട. സ്‌പോര്‍ട്‌സ് കൗണ്‍സില്‍തന്നെ അറുന്നൂറോളം യുവതീയുവാക്കള്‍ക്ക് പരിശീലനം നല്കുന്നുണ്ടെന്നുള്ള അബ്ദുള്‍ റസാക്കിന്റെ വെളിപ്പെടുത്തല്‍തന്നെ ഏറെ ആഹ്ലാദകരമാണ്. കേരളത്തിന്റെ ഭാവി വോളിബോളിലാണെന്ന് റസാഖ് പറയുന്നു. അതുകൊണ്ടുതന്നെ ജയ്പ്പുര്‍ വിജയത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട്, വളരുന്ന തലമുറ മുന്നോട്ടുവരണമെന്നുള്ള ക്ഷണമാകട്ടെ വലിയ പ്രതീക്ഷകളുയര്‍ത്തുന്നു.


സഡന്‍ഡത്ത്: വിലക്ക് പിന്‍വലിച്ചു. ബഗാന് പിഴ രണ്ട് കോടി!
ഗോളുകള്‍ മത്സരം ജയിക്കുന്നു.
ഇവിടെ കോടികളും...

vrgpal@gmail.com

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/