ദ്വേധാ നാരായണീയം...

Posted on: 20 Jan 2013


പി.കെ. ദയാനന്ദന്‍കേവലഭക്തികൊണ്ട് ഒരു കൃതിക്കും കാലത്തിനൊത്തു
തുഴയാനാവില്ല. കൃതിയുടെ സര്‍ഗാത്മകപ്രഭാവവും
കവിയുടെ വൈയക്തികവിഭവങ്ങളും കൃതിക്ക്
സ്വീകാര്യത വളര്‍ത്തുന്നു. നാരായണീയം ഇപ്പോള്‍
425 വര്‍ഷങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു!ഗുരുവായൂരപ്പന്റെ അക്ഷരരൂപമത്രേ ശ്രീമന്നാരായണീയം! 'മഹത്ത്വംകൊണ്ടും ഭാരംകൊണ്ടും' നാരായണീയത്തെ അതിശയിക്കാന്‍ സ്‌തോത്രങ്ങളില്ല. എന്‍.വി. കൃഷ്ണവാര്യര്‍ നിരീക്ഷിച്ചപോലെ അത് 'സ്‌തോത്രമഹാകാവ്യം' തന്നെ!
തന്നെ ബാധിച്ച വാതരോഗത്തിന് ഒരു ചികിത്സാപദ്ധതി എന്ന നിലയ്ക്കാണ് മേല്പത്തൂര്‍ നാരായണീയരചനയില്‍ മുഴുകുന്നത്. ഒരു ദിവസം ഒരു ദശകംവീതം എഴുതി നൂറു ദശകങ്ങള്‍കൊണ്ട് ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കി 'ആയുരാരോഗ്യ സൗഖ്യം' നേടി എന്നാണ് വിശ്വാസം. നാരായണീയം ഇപ്പോള്‍ 425 വര്‍ഷങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു!
കേവലഭക്തികൊണ്ട് ഒരു കൃതിക്കും കാലത്തിനൊത്തു തുഴയാനാവില്ല. കൃതിയുടെ സര്‍ഗാത്മകപ്രഭാവവും കവിയുടെ വൈയക്തികവിഭവങ്ങളും കൃതിക്ക് സ്വീകാര്യത വളര്‍ത്തുന്നു. അധ്യാത്മ രാമായണവും ജ്ഞാനപ്പാനയും ഇത് ഉദാഹരിക്കുന്നുണ്ടല്ലോ. 'ദ്വേധാ നാരായണീയം' എന്ന് മേല്പത്തൂര്‍തന്നെ അവകാശപ്പെട്ട നിലയ്ക്ക് 'നാരായണീയം' രണ്ടു നാരായണന്മാരുടെ ജീവിതമാണെന്നു വരുന്നു.
'ആര്‍ത്തനായ ഭക്ത'നാണ് ഭട്ടതിരി. 'രോഗം മാറ്റിത്തരണേ' എന്നാണ് മിക്ക ശ്ലോകങ്ങളിലെയും പ്രാര്‍ഥന. മൂന്നാം ദശകം ഈ വിലാപമാണ്. 'രോഗം മാറ്റിത്തന്നില്ലെങ്കില്‍ ഗുരുവായൂരപ്പന് പേരുദോഷമുണ്ടാവും' എന്നൊരു ചെറു ഭീഷണിയും നിലവിലുണ്ട്!
ഭഗവാന്‍ ശ്രീകൃഷ്ണനെ 'ഗുരുവായൂരപ്പ'നായി പുനഃപ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഭട്ടതിരിയുടെ അക്ഷരപൂജയുടെ ആരംഭം എന്നത് ഏറെ ശ്രദ്ധേയം. 'ബ്രഹ്മതത്ത്വം' ഇതാ ഗുരുപവനപുരത്തിലുണ്ട്! മനുഷ്യരുടെ ഭാഗ്യം എന്നാണ് ഭട്ടതിരിയുടെ ആഹ്ലാദ പ്രഖ്യാപനം! തുടര്‍ന്നുള്ള പൂജകളില്‍ ത്രൈലോക്യത്തിലെ മഹിതങ്ങളില്‍ മഹീയസ്സായും മോഹനങ്ങളില്‍ സമ്മോഹനമായും ആശ്ചര്യങ്ങളില്‍ അത്യാശ്ചര്യമായും തന്റെ ഇഷ്ടമൂര്‍ത്തിയെ സങ്കല്പിച്ച് പരകോടിയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. കവിയുടെ ഓരോ അഭിസംബോധനയും 'പവനപുരപതേ...', 'വാതാലയേശാ...' എന്നിങ്ങനെ 'ഗുരുവായൂരപ്പ'നെ അഷ്ടബന്ധമിട്ടുറപ്പിക്കാന്‍വേണ്ടി വിഷ്ണുപര്യായങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. ഭാഗവതകൃഷ്ണനില്‍നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിസ്വരൂപം ഗുരുവായൂരപ്പന് നല്കാന്‍ കവി ശ്രമിക്കുന്നു!


ഭാഗവത സന്ദര്‍ഭങ്ങളില്‍നിന്ന് താനിപ്പോള്‍ ഇവിടെ എത്തിയിട്ടേയുള്ളൂ എന്നൊരു പ്രതീതി സൃഷ്ടിക്കുന്നുണ്ട് ഭട്ടതിരിയുടെ ഗുരുവായൂരപ്പന്‍! വൃന്ദാവനത്തില്‍നിന്ന് ഗോപവാടത്തിലേക്ക് പുറപ്പെട്ട കൃഷ്ണന്‍ എത്തിയതോ ഗുരുവായൂരമ്പലത്തിലും! ഇങ്ങനെ തന്റെ ആരാധനാമൂര്‍ത്തിയെ നവീകരിക്കാന്‍ ഭൂതവര്‍ത്തമാനകാലങ്ങളെ സമന്വയിക്കാന്‍ സമര്‍ഥമായ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് കവി.
ഭാഗവത കഥാപാത്രങ്ങളില്‍ ചിലതില്‍ സ്വയം കണ്ടെത്തിയിട്ടുണ്ടാവാം മേല്പത്തൂര്‍. 'ഗജേന്ദ്രമോക്ഷം' അങ്ങനെ ഒരു 'കവീന്ദ്രമോക്ഷ'വുമാകാം. മദിച്ചുല്ലസിക്കുന്ന 'ഗജേന്ദ്ര'നില്‍ പാണ്ഡിത്യമദംകൊണ്ട ഭട്ടതിരിയുടെ ഛായയുണ്ട്! രോഗനക്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഭട്ടതിരിയും 'സ്‌തോത്രശ്രേഷ്ഠം' ചൊല്ലുകയാണ്, രചിക്കുകയാണ്!

നരസിംഹാവതാരം വര്‍ണിക്കുമ്പോള്‍ താന്‍തന്നെ സാക്ഷി എന്ന മട്ടിലാണ് ഭട്ടതിരി. ഹിരണ്യകശിപു അട്ടഹസിച്ചുകൊണ്ട് സ്തംഭത്തില്‍ ഘട്ടനംചെയ്യുമ്പോഴുണ്ടായ സംഭവങ്ങള്‍ വര്‍ണിക്കാന്‍ താനാളല്ല എന്നുവെച്ച് രംഗംവിട്ടോടുകയാണദ്ദേഹം. അടുത്ത ദശകത്തില്‍തന്നെ തിരിച്ചെത്തിയ കവി താന്‍ കണ്ട കാഴ്ചകള്‍ നരസിംഹഗര്‍ജനങ്ങള്‍പോലുള്ള പദ്യങ്ങളായി മാറ്റുകയാണ്.
'തപ്തസ്വര്‍ണസവര്‍ണഘൂര്‍ണ....'
'ഉത്സര്‍പ്പദ്വലിഭംഗഭീഷണഹനു...'

നാരായണീയം 'സ്‌തോത്രമഹാകാവ്യ'മാണെന്ന നിരീക്ഷണം വിശദീകരിക്കപ്പെടേണ്ടതാണ്. ഒരു സ്‌തോത്രകൃതിയില്‍ മഹാകാവ്യ ലക്ഷണങ്ങള്‍ മിന്നിമറയുന്നത് അത്യപൂര്‍വമായ വായനാനുഭവമൊരുക്കുന്നു. കാവ്യശൈലികൊണ്ട് മേല്പത്തൂര്‍ മറ്റൊരു മാഘന്‍തന്നെ! ഒരു 'നാരായണീയ മഹാകാവ്യം'തന്നെ രചിക്കാനുള്ള കോപ്പുകളെല്ലാമുള്ളവനാണീ കവി. അനേകം ചമ്പൂകാവ്യങ്ങളും പ്രക്രിയാസര്‍വസ്വവും എഴുതിയ ഈ പണ്ഡിതകവിയെ ശ്രീശങ്കരനുശേഷം കേരളം കണ്ട മഹാപ്രതിഭയായി ഉള്ളൂര്‍ വാഴ്ത്തിപ്പറയുന്നുണ്ട്!
ഭാഗവതത്തിനപ്പുറത്തേക്ക് കവികളുടെ ഭക്തിഭാവന പോയിട്ടില്ല. അതുകൊണ്ടാവാം ഭട്ടതിരിയും ഭാഗവതത്തില്‍ ശരണാഗതിയായത്! ഗോപികാഭക്തിയുടെ മഹിമാതിരേകത്തില്‍ തൊട്ടു വന്ദിച്ചുകൊണ്ട് അവരെ 'ഉപനിഷത്സുന്ദരി'കളായി വിഭാവനം ചെയ്തപ്പോള്‍ സത്യത്തില്‍ ഭാഗവതത്തിന്റെ നെറുകയില്‍ ഒരു മയില്‍പ്പീലി ചാര്‍ത്തുകയായിരുന്നു ഭട്ടതിരി.
'രാധിക' ഭാഗവതസൃഷ്ടിയല്ല. ഭട്ടതിരി ആ നായികയെ ജയദേവകൃതിയില്‍നിന്നോ മറ്റോ ക്ഷണിച്ചുവരുത്തിയതാവാം. രാധയില്ലാത്ത ഗോപികാചരിതം അപൂര്‍ണമായി അദ്ദേഹം കരുതിയിട്ടുണ്ടാവണം. രാധികയുടെ വരവോടെ നാരായണീയം ഒരു കാല്പനിക വിതാനത്തിലേക്ക് തെന്നുന്നതു കാണാം. ഗോപികാ'രാഗ'ത്തില്‍ കവി 'ശ്രുതിഭേദം' ചെയ്തപ്പോള്‍ അത് തീവ്രമായ രാധികാപ്രേമമായി. പിന്നീട് ആ 'ഏകാന്ത കാമുകി'യുടെ ഓര്‍മകളിലാണ് ശ്രീകൃഷ്ണന്‍! കൃഷ്ണന്‍ മഥുരയിലെത്തി കുവലയാപീഡത്തിന്റെ മസ്തകം തകര്‍ത്തെടുക്കുന്ന മുത്തുകള്‍ രാധികയ്ക്കുള്ള പ്രേമോപഹാരമായി ശ്രീദാമാവിനെ ഏല്പിക്കുമ്പോള്‍ 'രാധാകൃഷ്ണപ്രേമം' സാഫല്യമടയുന്നു.
ഭാഗവത സംക്ഷേപണം ഭട്ടതിരിയുടെ ലക്ഷ്യമല്ല; നാരായണീയ രചന ഒരു 'കുട്ടിഭാഗവത'മായി കലാശിച്ചു എന്നു മാത്രം. സംക്ഷേപവിദ്യയില്‍ മേല്പത്തൂര്‍ ആരെയും അതിശയിക്കും! 18,000 ഭാഗവതപദ്യങ്ങള്‍ 1036 നാരായണീയപദ്യങ്ങളായി അദ്ദേഹം വറ്റിച്ചുവെച്ചിരിക്കുന്നു! ഭഗവദ്ഗീതയെ ഒറ്റശ്ലോകത്തില്‍ കഴിച്ച ആ 'അണിമാസിദ്ധി'ക്കു കൂപ്പാം!

ഭാഗവതത്തില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മേല്പത്തൂര്‍ പുതിയ കരകള്‍ കണ്ടെത്തുന്നുണ്ട്. 'കൂട്ടിവായന'യില്‍ താന്‍ മഹാകേമനായതുകൊണ്ടായിരിക്കാം പരശുരാമകഥയ്ക്ക് കേരളോത്പത്തിയും വിദഗ്ധമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
മേല്പത്തൂര്‍ കേരളത്തെ തന്റെ മാതൃഭൂമിയായി സ്വീകരിച്ചിട്ടുണ്ടാവണം. അങ്ങനെ ഭഗവാന്റെ ഒരക്ഷരവിഗ്രഹം, ഒരു കേരളീയ ഭാഗവതം, 'ദ്വേധാ നാരായണീയം' സമര്‍പ്പിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. എന്തായാലും 'ഹന്ത ഭാഗ്യം ജനാനാം!'


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/