അത്ഭുതങ്ങളിലേക്കൊരു ക്ലിക്ക്‌

Posted on: 20 Jan 2013


കെ.ആര്‍. പ്രഹ്ലാദന്‍ആര്‍ട്ടിക് പ്രദേശത്തെ 'അറോറ'യെന്ന വാനപ്രതിഭാസം
ക്യാമറയില്‍ പകര്‍ത്തിയ ജതിന്‍ പ്രേംജിത്തിന്
വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരം
ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് സ്ഥോടനത്തിന് നേതൃത്വം നല്‍കിയ മനുഷ്യന് ഭൂമിയിലെ ദൃശ്യം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് ആയിരം സൂര്യന്‍മാരുടെ വെള്ളിവെളിച്ചത്തെക്കുറിച്ചാണ്. ഒരു മലയാളി ബാലന്‍ ആര്‍ട്ടിക്കിലെ മഞ്ഞില്‍നിന്ന് മേലേക്ക് നോക്കിയപ്പോഴും കണ്ടത് അതുപോലൊന്നാണ്. എന്റെ ദൈവമേ ഇങ്ങനെയും വെളിച്ചത്തിന്റെ വിരുന്നുണ്ടോ? ഭൂമിയുടെ ഒരറ്റത്ത്, ആര്‍ട്ടിക് പ്രദേശത്ത് തൃശ്ശൂര്‍ കണ്ണംകുളങ്ങര സ്വദേശികളായ ജതിന്‍ പ്രേംജിത്തും അച്ഛന്‍ പ്രേംജിത്ത് നാരായണനും. ധ്രുവക്കരടികള്‍ക്കും റെയിന്‍ ഡീറുകള്‍ക്കുമൊപ്പം നടക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു സ്വപ്നമുണ്ടായിരുന്നു. അറോറ എന്ന വെളിച്ചത്തിന്റെ വിരുന്നുണ്ണുക. അത് ക്യാമറയിലാക്കുക. ധ്രുവനായകളുടെ വണ്ടിയില്‍ സവാരി ചെയ്യുമ്പോഴും അവര്‍ ഭയന്നില്ല. മഞ്ഞിലേക്ക് തെന്നിവീണപ്പോഴും മനസ്സിരുണ്ടില്ല. കാരണം ഉള്ളിലൊരു വിളക്കായി അറോറ നിന്നു കത്തിയിരുന്നു.
മഞ്ഞിന്റെ പാളികളില്‍ നിന്ന് ഒരു ദിനം രാവില്‍ മേലേക്ക് നോക്കിയപ്പോള്‍ ഇവര്‍ കണ്ടത് 'അറോറ ദീപ്തി'. ഒരായിരം സൂര്യന്‍മാരുടെ പ്രഭയില്‍ നിറക്കൂട്ടുകള്‍ ചേര്‍ത്തു കൂട്ടിയതുപോലെ ഒന്ന്. ജതിന്‍ പ്രേംജിത്ത് എന്ന ബാലന് മുന്നില്‍ ആര്‍ട്ടിക് പ്രദേശം കാത്തുവെച്ചത് മാനത്തെ അത്ഭുത വിരുന്ന്. ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ലണ്ടനിലെ റോയല്‍ ഒബ്‌സര്‍വേറ്ററിയുടെ പുരസ്‌കാരവും ഈ പതിനഞ്ചുകാരന്‍ സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജ്യോതിശാസ്ത്ര മേഖലയിലെ ഈ ഉന്നത ഏജന്‍സിയുടെ അംഗീകാരം ജതിനെ തേടിയെത്തുന്നത്.
ജതിനും അച്ഛന്‍ പ്രേംജിത്ത് നാരായണനും ആര്‍ട്ടിക്കിലേക്ക് പോകുമ്പോള്‍ മനസ്സില്‍ അധികം സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷേ ആരോ അവരോട് പറഞ്ഞു- ഭാഗ്യശാലികള്‍ക്ക് മുന്നില്‍ പ്രകൃതി എപ്പോഴൊക്കെയോ പ്രകാശവും നിറവും ചേര്‍ന്ന വിരുന്നൊരുക്കുമെന്ന്. അതിന് സൂര്യന്‍ കനിയണം. പ്രകൃതിയും.


നെയ്മലയില്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്ന സാക്ഷാല്‍ വടക്കുംനാഥന്റെ മണ്ണില്‍നിന്നെത്തിയ അച്ഛനും മകനും മനസ്സില്‍ കൈലാസത്തോളം പ്രതീക്ഷയുണ്ടായി. സൂര്യചന്ദ്രന്‍മാരെ കാല്‍വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന സാക്ഷാല്‍ ജഗന്നാഥന്‍ ഒരു വേള സൂര്യനെ ഇവര്‍ക്കായി പറഞ്ഞുവിട്ടു. അതാ അറോറ ബോറിയാലിസ് കണ്‍മുന്നില്‍. ഗ്രീക്ക് പുരാണത്തില്‍ അറോറ എന്നാല്‍ ഉദയത്തിന്റെ ദേവത. ബോറിയസ് എന്നാല്‍ വടക്കന്‍ കാറ്റ്. ധ്രുവപ്രദേശത്ത് അപൂര്‍വമായി രൂപപ്പെടുന്ന നിറംചാലിച്ച പ്രകാശവര്‍ഷമാണ് ഈ പ്രതിഭാസം.
ജതിനും പ്രേംജിത്തും മഞ്ഞുപാളികളില്‍ നില്‍ക്കവെ ആകാശവിസ്മയം വിരിഞ്ഞു. നീലയോ പച്ചയോ മഞ്ഞയോ... അതോ വെള്ളിപ്പാളികള്‍ മഞ്ഞുപോലെ നേര്‍ത്തുവന്ന് പ്രകാശത്തിന്റെ ഗോളമായി, പിന്നെയൊരു കുടയായി ഇടിച്ചിറങ്ങുകയോ... പക്ഷേ ഒന്നുറപ്പായിരുന്നു. തേക്കിന്‍കാട്ടില്‍ പൂരപ്പിറ്റേന്ന് പുലരിയില്‍ കണ്ട കരിമരുന്നിന്‍ കൂട്ടപ്പൊരിച്ചിലിന്റെ ഒരു വലിയ പതിപ്പ്. അതിലെ വെളിച്ചവും കളറടുക്കുമൊക്കെ പോലെ ഭൂമിയുടെ വടക്കേയറ്റത്ത് എല്ലാ ദിവസവും അറോറയായി മാനത്തെ വെള്ളിത്തേരുകള്‍ സഞ്ചരിക്കുന്നു. മേടത്തില്‍ മാത്രമല്ല ഇവിടെയെന്നും മാനത്ത് പ്രകൃതിയൊരുക്കിയ കരിമരുന്ന് വിരുന്നുണ്ട്. പക്ഷേ അത് കാണാന്‍ യോഗം വേണം എന്നുമാത്രം.
അറോറയെന്ന മാനത്തെ വിസ്മയം എന്തെന്ന് മനസ്സിലാക്കാന്‍ ജതിന്‍ പുസ്തകങ്ങളെ ആശ്രയിച്ചു. ഇന്റര്‍നെറ്റില്‍ വാനശാസ്ത്രത്തിന്റെ സൈററുകളില്‍ അച്ഛനൊപ്പം കയറിയിറങ്ങി. നേരില്‍ കണ്ടപ്പോഴോ, പാഠങ്ങള്‍ വെറും വാക്കുകള്‍. കണ്ടതെല്ലാം വാക്കിലൊതുക്കാനും വിഷമം.

സൂര്യനില്‍ നിന്നു വരുന്ന ഇലനേക്ട്രാണുകളും പോസിറ്റീവ് അയോണുകളും കാന്തികശക്തി കൂടുതലുള്ള ധ്രുവപ്രദേശത്ത് എത്തുമ്പോള്‍ സഞ്ചാരദിശ വളയുകയും അന്തരീക്ഷ വായുവുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. അസാധാരണ പ്രകാശം രൂപപ്പെടുന്നത് ഇങ്ങനെയാണ്. അന്തരീക്ഷത്തിലെ നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയുമായിട്ടാണ് അയോണുകളുടെ സംഘര്‍ഷമേറെ. രാത്രിയും പകലും ഇതെല്ലാം സംഭവിക്കുന്നുണ്ടെങ്കിലും രാത്രിയിലാണ് നിറനൃത്തം കാണാനാവുക.
'ഗോളങ്ങളെടുത്ത് ഞാന്‍ പന്തടിക്കുന്നു'വെന്ന് വയലാര്‍ പറഞ്ഞതുപോലെ സ്‌കൂളിലെ എ പ്ലസിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കപ്പുറം അസാധ്യമായവ സാധിക്കാനുള്ള ആഗ്രഹമാണ് ജതിന്റെ ഊര്‍ജം. ബഹറിനിലെ എന്‍ജീനിയറിങ് ജോലിക്കപ്പുറം ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളുടെ ലോകം കാണുകയായിരുന്നു അച്ഛന്‍ പ്രേംജിത്തിന്റെ ഹോബി. വീടിനു മുകളില്‍ ഉറപ്പിച്ച ദൂരദര്‍ശിനിയും ക്യാമറയും മാനത്തെ ദൃശ്യങ്ങള്‍ മുറ്റത്തു കൊണ്ടുവന്നു. അച്ഛനൊപ്പം നക്ഷത്രങ്ങളെയും ക്യാമറയെയും സ്‌നേഹിച്ച ജതിന്‍ പന്ത്രണ്ടാം വയസ്സില്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ്പ്രീ കാറോട്ടത്തിന്റെ ചിത്രം പകര്‍ത്താന്‍ ഇറങ്ങി. ഈ ചിത്രം കാനന്‍ അന്താരാഷ്ട്ര മാഗസിന്‍ പ്രസിദ്ധീകരിച്ചു. പതിമൂന്നാം വയസ്സില്‍ റോയല്‍ ഒബ്‌സര്‍വേറ്ററിയും ബി.ബി.സി. സൈ്ക അറ്റ് നൈറ്റും ചേര്‍ന്ന് നടത്തിയ ഗ്ലോബല്‍ യങ് അസ്‌ട്രോ ഫോട്ടോഗ്രാഫര്‍ മത്സരത്തിലും സമ്മാനം. ശുക്രസംതരണം, ചന്ദ്രനിലെ ജലകണികകള്‍ കാണുംപോലെയുള്ള മനോഹര ദൃശ്യം എന്നിവ അടുത്ത വര്‍ഷങ്ങളിലും വിജയം സമ്മാനിച്ചു. 2011ല്‍ ഇതേ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായി ഹാട്രിക് നേട്ടവും.

അറോറ ചിത്രത്തിനും ഇക്കുറി പുരസ്‌കാരമുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം. തുടര്‍ച്ചയായി മൂന്നു തവണ 'യങ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍' മത്സരത്തില്‍ സമ്മാനം നേടിയ ഒരേയൊരു ഇന്ത്യന്‍ ബാലനാണ് ജതിന്‍. ലോകത്തെ മികച്ച 50 ചിത്രങ്ങള്‍ കാനന്‍ മാഗസിന്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ജതിന്റെ ചിത്രമായിരുന്നു. ബി.ബി.സി. സൈറ്റില്‍ ചിത്രം പ്രസിദ്ധീകരിച്ചതു പോലും അസാധാരണ നേട്ടം. അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മുമ്പ് വിജയം നേടിയ പ്രേംജിത്തിന്റെ പാതയിലാണ് മകന്റെ സഞ്ചാരവും.
2005 ന് ശേഷമുള്ള ഏറ്റവും ശക്തമായ ഊര്‍ജപ്രവാഹമാണ് ഇവര്‍ക്ക് മുന്നില്‍ വന്നുചേര്‍ന്നത്. ശാസ്ത്രജ്ഞന്‍മാരുടെ കണക്കുപ്രകാരം സെക്കന്‍ഡില്‍ 1400 മൈല്‍ വേഗത്തില്‍. ക്യാമറ ഇതേറ്റുവാങ്ങാന്‍ 10 സെക്കന്‍ഡുവരെ മാത്രമേ സമയം അനുവദിച്ചുള്ളൂ. മൂന്ന് ക്യാമറകള്‍ മൂന്ന് വ്യത്യസ്ത ദിശകളില്‍ തുറന്നു വെച്ചു കൊണ്ടായിരുന്നു ചിത്രീകരണം. ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡി ക്വീനിന്റെ സഹായത്തോടെയാണ് ജതിനും അച്ഛനും ആര്‍ട്ടിക്കിലെത്തിയത്. നിരവധി അറോറ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ക്വീനിന്റെ സാങ്കേതിക സഹായം ഗുണം ചെയ്തു.
ചിത്രങ്ങളുടെ ലോകത്ത് മറ്റൊരു നേട്ടവും ജതിനുണ്ട്. കോളിന്‍സ് പ്രസിദ്ധീകരിച്ച അസ്‌ട്രോണമി 'ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍' എന്ന പുസ്തകത്തില്‍ ജതിന്റെ അഞ്ചു ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലായി ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഇതില്‍ കാണാം.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/