ഒരു ദൃശ്യസംസ്‌കാരത്തിന്റെ തുടക്കം

Posted on: 20 Jan 2013


ശ്രീകാന്ത് കോട്ടയ്ക്കല്‍



മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായി 'മാതൃഭൂമി ന്യൂസ്'
ജനവരി 23 മുതല്‍. കൈമുതലായി വാര്‍ത്തകളിലെ സത്യസന്ധതയും
വിശ്വാസ്യതയും ഉറച്ച നിലപാടുകളും. മലയാളിയുടെ മൂല്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കാവലായി
ഒരു ആറാമിന്ദ്രിയം




1980കളുടെ പകുതിയിലെ ഒരു ഉച്ച മുറിച്ചുകടന്ന് സ്‌കൂളിലേക്ക് നടക്കുമ്പോഴാണ് കൂട്ടുകാരന്റെ വീട്ടില്‍ ടെലിവിഷന്‍ വാങ്ങിയെന്നറിഞ്ഞത്. അടുത്ത അവധിദിവസം അത് കാണാന്‍ പോകുമ്പോള്‍ ഒരുത്സവത്തിന് പോകുന്ന ഉത്സാഹമായിരുന്നു. കെല്‍ട്രോണിന്റെ ആ ടി.വി.യില്‍ ആദ്യം തെളിഞ്ഞത് കറങ്ങി, കലങ്ങിമറിയുന്ന പശ്ചാത്തലത്തില്‍ വെളുത്ത വളയങ്ങള്‍ പിറകിലേക്ക് പാഞ്ഞ് മറയുന്ന ദൃശ്യങ്ങള്‍. സവിശേഷമായ സംഗീതം ആ ദൃശ്യങ്ങളെ കണ്ണിലൂടെ മനസ്സിലേക്ക് കയറ്റിവിട്ടു. അന്ന് എന്തൊക്കെയോ കണ്ടു, കണ്ടതെല്ലാം ഹിന്ദിമയം, വിസ്മയം... ടി.വി.യുള്ള വീട്ടിലെ കൂട്ടുകാരന്‍ എന്നും രാവിലെ മറ്റാരും കാണാത്ത കാഴ്ചകളുടെ കഥകളുമായി ക്ലാസ്സില്‍ വന്നു. ആനയുള്ള വീട്ടിലെ കുട്ടി അന്ന് അവന്റെ മുന്നില്‍ ആരുമല്ലാതായി...
പതുക്കെപ്പതുക്കെ വീടുകളുടെ മുകളില്‍ പ്രൗഢിയുടെ കൊടിയടയാളം പോലെ നീണ്ട ഇല്ലിവിരലുകളുള്ള ആന്റിനകള്‍ പൊങ്ങി. ടി.വി.യുള്ളവരുടെ വീട്ടുമുറികള്‍ സിനിമാശാലകള്‍ പോലെ അയല്‍വാസികളെക്കൊണ്ട് നിറഞ്ഞു. ക്രിക്കറ്റ് മുതല്‍ കൃഷിദര്‍ശന്‍വരെ, രാമായണവും മഹാഭാരതവും മുതല്‍ ബുനിയാദും ഭാരത് ഏക് ഖോജും വരെ അവര്‍ അത്ഭുതത്തോടെ കണ്ടു. വാര്‍ത്തകളുമായി വരുന്ന തിളങ്ങുന്ന കണ്ണുകളുള്ള ശശികുമാറും മുടി ബോബ് ചെയ്ത റിനിഖന്നയും പിന്നെ ഗീതാഞ്ജലി അയ്യരും നീതി രവീന്ദ്രനും സുനീത് ഠണ്ഡനുമെല്ലാം സിനിമാതാരങ്ങളോളം പ്രിയപ്പെട്ടവരായി... എണ്‍പതുകളുടെ അവസാനം ദൂരദര്‍ശന്‍ മലയാളം കുടപ്പനക്കുന്നിറങ്ങി വന്നപ്പോള്‍ മലയാളി കുറേക്കൂടി ടെലിവിഷനോട് അടുത്തു, ഇണങ്ങി. ആ ചതുരക്കള്ളിക്കുള്ളിലൂടെ പി.ടി. ഉഷ ഓടുന്നതും സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ പതിനായിരാമത്തെ റണ്ണിനായി കുതിക്കുന്നതും മാറഡോണയുടെ മാന്ത്രിക ഗോളും കപില്‍ദേവിന്റെ നാനൂറാം വിക്കറ്റും മതകലാപങ്ങളും കുവൈറ്റ്-ഇറാഖ് യുദ്ധവും ഒളിമ്പിക്‌സിന്റേയും ഏഷ്യാഡിന്റേയും വേഗങ്ങളും മലയാളി കണ്ടു...
അവിടന്നങ്ങോട്ടുള്ള ഇരുപത് വര്‍ഷങ്ങള്‍ കേരളത്തിന്റെ ആകാശത്തിലും വീട്ടുമുറികളിലും പുതിയപുതിയ ദൃശ്യങ്ങളുടെയും നിറങ്ങളുടെയും നാദങ്ങളുടെയും പൂരങ്ങള്‍ കൊടിയേറി. വീടിന്റെ മേല്‍ക്കൂരയിലെ ഇല്ലിവിരലുള്ള ആന്റിന മാറി വെണ്‍കുടകള്‍ വിടര്‍ന്നു, കൈയിലുള്ള റിമോട്ട് കണ്‍ട്രോളിലെ അക്കങ്ങളും അവയുടെ കൂട്ടിച്ചേര്‍ക്കലുകളും പെരുകി. പല ചാനലുകള്‍, എണ്ണമറ്റ പരിപാടികള്‍, പുതിയ പുതിയ മുഖങ്ങള്‍. ഇടിമുഴക്കം പോലുള്ള പശ്ചാത്തല സംഗീതവുമായി ന്യൂസ് ചാനലുകള്‍ മലയാളിയുടെ നിത്യജീവിതത്തെ ഉറങ്ങാനനുവദിക്കാതെ ഉണര്‍ത്തിനിര്‍ത്തി, ന്യൂസ് നൈറ്റുകള്‍ വിവാദങ്ങളുടെയും സംവാദങ്ങളുടെയും പലതട്ടുകളില്‍പ്പൊട്ടുന്ന അമിട്ടുകളായി, ഓരോ നിമിഷവും വാര്‍ത്തകള്‍ ഉറവപൊട്ടിയൊഴുകിക്കൊണ്ടേയിരിക്കുന്നു..

അവയ്ക്കിടയില്‍ ഒരു
BREAKING NEWS:

'മാതൃഭൂമി ന്യൂസ് ചാനല്‍ ജനവരി 23ന്
മിഴിതുറക്കുന്നു.'

തുറക്കുന്നത് സംഹാരനേത്രങ്ങളല്ല. സമചിത്തതയുടെ, സമാദരത്തിന്റെ സൃഷ്ട്യുന്മുഖമായ കണ്ണുകള്‍...
ടി.വി. പോയിട്ട് റേഡിയോ പോലുമില്ലാത്ത 1923 മുതല്‍ ലോകസംഭവങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മാത്രമല്ല ദൃശ്യങ്ങളും മലയാളിക്ക് നല്‍കിയത് 'മാതൃഭൂമി'യാണ്. മഹാത്മാഗാന്ധി ദണ്ഡിയിലേക്ക് ഉപ്പുകുറുക്കാന്‍ പോയതും ക്വിറ്റ് ഇന്ത്യാ സമരം കാട്ടുതീപോലെ പടരുന്നതും ലോകമഹായുദ്ധങ്ങളും അണുബോംബിലെരിഞ്ഞ ഹിരോഷിമയും നാഗസാക്കിയും ഹിറ്റ്‌ലറുടെ ആത്മഹത്യയും ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും ഗാന്ധിജിയുടെ മരണവുമെല്ലാം മലയാളി അറിഞ്ഞതും നിശ്ചല ദൃശ്യങ്ങളിലൂടെ കണ്ടതും 'മാതൃഭൂമി'യുടെ താളുകളിലൂടെയാണ്. സ്വാതന്ത്ര്യസമരത്തിനൊപ്പം നിന്ന ഏക മലയാള പത്രം പകര്‍ന്ന കാഴ്ചകളും അനുഭവങ്ങളും ദൃശ്യങ്ങളും. ആ ചിത്രങ്ങള്‍ മലയാളിയുടെ ആദ്യത്തെ ദൃശ്യ സാക്ഷരതയായി. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രങ്ങള്‍ പിന്നീട് കളറായി, ഇന്റര്‍നെറ്റിന്റെ യുഗം പിറന്നപ്പോള്‍ ഓണ്‍ലൈനിലൂടെ 'മാതൃഭൂമി' ഒഴുകി... തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം, മാറിയ കാലത്ത്, പുതിയ വേഗത്തില്‍ 'മാതൃഭൂമി'യിലൂടെ ചലിക്കുന്ന ദൃശ്യങ്ങളും മലയാളിയിലെത്തുന്നു. എല്ലാ പുലര്‍ച്ചയിലും വീട്ടുവരാന്തയില്‍ 'മാതൃഭൂമി' പത്രം വന്നുവീഴുന്ന ശബ്ദം ഐശ്വര്യമായി കേട്ടുണര്‍ന്നിരുന്ന കേരളത്തിന് അതേ കുടുംബത്തില്‍നിന്നുതന്നെ ഇപ്പോള്‍ എഫ്.എമ്മിന്റെ ശുഭപ്രഭാത രാഗങ്ങളുണ്ട്, ഇനി പകലിരവുകളില്‍ ന്യൂസ് ചാനലിന്റെ വിശ്വാസ്യപൂര്‍ണമായ ജാഗ്രതയും.


മലയാളത്തിലെ ആറാമത്തെ വാര്‍ത്താ ചാനലായി 'മാതൃഭൂമി ന്യൂസ്' യാഥാര്‍ഥ്യമാവുമ്പോള്‍ എം.ടി.യുടെ 'വീരഗാഥ'യിലെ ചന്തു ചേകവരുടെ പിന്മുറക്കാരോട് ചോദിച്ചതുതന്നെ മലയാളികളും ചോദിക്കുന്നുണ്ട്: 'ശേഷം എന്തുണ്ട് കൈയില്‍?'
ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന് അതിന് കൃത്യമായ ഉത്തരവുമുണ്ട്: 'വാര്‍ത്ത ആഘോഷമാകുന്ന, അല്ലെങ്കില്‍ ആക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഔചിത്യമില്ലായ്മയിലേക്കും പലപ്പോഴും മര്യാദകേടുകളിലേക്കുംവരെ ഈ ആഘോഷവും മത്സരവും എത്തിച്ചേരാറുണ്ട്. ഈ ഒരു അവസ്ഥ 'മാതൃഭൂമി ന്യൂസ് ചാനലി'ന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവില്ല. ആഘോഷപരമായ വാര്‍ത്തയ്ക്കാണ് കാഴ്ചക്കാര്‍ കൂടുതലുള്ളത് എന്നത് ഒരുതരത്തില്‍ ശരിയാണ്, തെറ്റുമാണ്. എല്ലാം അത്തരത്തിലാവുമ്പോള്‍, മറ്റൊരു ചോയ്‌സ് ഇല്ലാതെ ജനം ഈ ആവേശത്തിന്റെ കൂടെ പോവുകയാണ്. അതിനിടയില്‍ വാര്‍ത്തയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട കൃത്യതയും കണിശതയും പോലും കൈമോശം വരുന്നു. ആ വീഴ്ച വിശ്വാസ്യതയുടെ വീഴ്ചകൂടിയാണ്. അത്തരം വീഴ്ച വരാതിരിക്കാനാണ് ഏറ്റവും കഠിനമായ ശ്രമം.
കോലാഹലങ്ങള്‍കൊണ്ട് കാഴ്ചക്കാരുടെ കണ്ണില്‍ മണ്ണുവാരിയിടുന്ന അടവുകളില്ല. യുദ്ധം ചെയ്യാനല്ല, സംവാദങ്ങളിലൂടെ സംയോജനത്തിന്റെ ബിന്ദു കണ്ടെത്താനാണ് ഈ യാത്ര...

കണക്കുകളില്‍ മാത്രമാണോ ഈ വിശ്വാസ്യത?

ഒരിക്കലുമല്ല. ഇന്നത്തെക്കാലത്ത് കണക്കുകള്‍ മാത്രമല്ല ചാനലിന്റേതായാലും വ്യക്തിയുടേതായാലും വിശ്വാസ്യത നിര്‍ണയിക്കുന്നത്. അതിലുപരി നിലപാടുകളാണ്. ഓരോ വിഷയത്തിലും എടുക്കുന്ന നിലപാടുകളിലൂടെയാണ് വ്യക്തിയും ചാനലുമെല്ലാം വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ 'മാതൃഭൂമി ന്യൂസ്' ഏതെങ്കിലും പാര്‍ട്ടിയുടെയോ വ്യക്തികളുടെയോ കൂടെയല്ല. മനുഷ്യന്റെയും പരിസ്ഥിതിയുടെയും കൂടെയാണ്. കേരളത്തിന്റെ വികസനം എന്നത് ഈ ചാനലിന്റെയും മാര്‍ഗവും ലക്ഷ്യവും തന്നെയാണ്. പക്ഷേ വികസനം എങ്ങനെ എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മാതൃഭൂമി ന്യൂസിന്റെ നിലപാടായി മാറും. പരിസ്ഥിതിയേയും വികസനത്തേയും ബന്ധിപ്പിച്ചു കൊണ്ടുപോകുന്ന സമീപനം വളരെ പ്രകടമായിട്ടുതന്നെ കാണാം. ഇത്തരത്തിലുള്ള നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കണം നാളെ മലയാളികള്‍ മാതൃഭൂമി ന്യൂസിനെ വ്യത്യസ്തമായ ചാനല്‍ എന്ന് വിളിക്കേണ്ടത്. മറിച്ച് മറ്റ് ബഹളങ്ങളുടെ പേരിലല്ല.

തിരുവനന്തപുരത്തെ മാതൃഭൂമി ന്യൂസിന്റെ അന്തര്‍ലോകം- അതുപോലൊന്ന് കേരളത്തില്‍ മറ്റൊന്നില്ലാത്തവിധം വിപുലവും വിസ്മയകരവുമാണ്. കേരളത്തിലെ ഏറ്റവും വലിയ ന്യൂസ് റൂമാണ് ഇത്. ഇന്നത്തെ ഉപയോഗത്തെ മാത്രം മുന്നില്‍ക്കണ്ട്് നിര്‍മിച്ചതല്ല. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വരാന്‍പോകുന്ന മാറ്റങ്ങളെക്കൂടിക്കണ്ടാണ് ഈ ന്യൂസ് റൂം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ എല്ലാ ജില്ലകളിലും സ്റ്റുഡിയോ അടക്കമുള്ള ഓഫീസും മാതൃഭൂമി ന്യൂസിനായി ഒരുങ്ങിക്കഴിഞ്ഞു.


ഏതൊരു ചാനലിന്റേയും ബലം അതിന്റെ അണിയറപ്രവര്‍ത്തകരാണ്. അവരുടെ സര്‍ഗാത്മക സംഭാവനകളും സമീപനങ്ങളും പ്രയത്‌നങ്ങളുമാണ് അതിന്റെ ദിശയേയും വ്യക്തിത്വത്തേയും ബലപ്പെടുത്തുന്നത്. കാലത്തിന്റെ ആവശ്യത്തെയും 'മാതൃഭൂമി' എന്ന പ്രസ്ഥാനത്തിന്റെ പ്രൗഢിയെയും പാരമ്പര്യത്തെയും ഉള്‍ക്കൊള്ളുന്നതുമായ ഒരുസംഘമാണ് 'മാതൃഭൂമി ന്യൂസി'നെ ചലിപ്പിക്കുന്നത്.
വായനയും ചിന്തയും ഉണരുന്ന കൗമാര-യൗവന കാലഘട്ടങ്ങളില്‍ 'മാതൃഭൂമി' പത്രത്തിലൂടെയും ആഴ്ചപ്പതിപ്പിലൂടെയും സ്വന്തം സെന്‍സിബിലിറ്റിയെ രൂപവത്കരിച്ചവരും മലയാള ദൃശ്യമാധ്യമ രംഗത്ത് പയറ്റിത്തെളിഞ്ഞവരും ദൃശ്യമാധ്യമങ്ങള്‍ മാത്രം കണ്ട് പുതുതായ എല്ലാറ്റിനേയും ഉള്‍ക്കൊണ്ടവരും 'മാതൃഭൂമി ന്യൂസി'ല്‍ സംഗമിക്കുന്നു...

ഈ മിശ്രണം എങ്ങനെയാണ് ചാനലിന് ഗുണകരമാവുന്നത്?

ഉണ്ണി ബാലകൃഷ്ണന്‍: മാതൃഭൂമിക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. അതിനെ മറന്നുകൊണ്ട് ചാനലിന് ഒരിക്കലും മുന്നോട്ടുപോകുക സാധ്യമല്ല. എന്നാല്‍ മാറിയ കാലത്ത് അതുമാത്രം പോരാ. ഏറ്റവും പുതിയ കാര്യങ്ങളും വേഗങ്ങളും ചലനങ്ങളും ചാനലിന് വേണം. അതിന് ആ മേഖലയിലുള്ള പ്രൊഫഷണലുകളും വേണം. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ പുതിയ തലമുറതന്നെ വേണം. അതുകൊണ്ടാണ് പ്രൊഫഷണലുകളുടെ ഇത്തരത്തിലുള്ള ഒരു മിക്‌സ് ഉണ്ടാക്കിയത്. എല്ലാതരത്തിലുമുള്ള ആളുകളുടെ അഭിരുചികളെ അറിയാനും അതിനെ നല്ല രീതിയില്‍ തൃപ്തിപ്പെടുത്താനും ഇതുകൊണ്ട് കഴിയും.

അഞ്ച് ഇന്ദ്രിയങ്ങള്‍കൊണ്ടാണ് ഈ പ്രപഞ്ചത്തെ മനുഷ്യന്‍ അറിയുന്നത്. ആറാമത്തെ ഇന്ദ്രിയംകൊണ്ട് ഈ പ്രപഞ്ചത്തിന്റെ പൊരുളുകളേയും അതിലപ്പുറവും അറിയാന്‍ സാധിക്കുന്നു. സിക്‌സ്ത് സെന്‍സിന്റെ കാഴ്ചകളും അനുഭവങ്ങളും. 72 മണിക്കൂറുകള്‍കൂടി കഴിയുമ്പോള്‍ കേരളത്തിലെ ആറാമത്തെ വാര്‍ത്താചാനലായി, മലയാളിയുടെ ആറാമിന്ദ്രിയമായി 'മാതൃഭൂമി ന്യൂസ്' യാഥാര്‍ഥ്യമാവും.
അപ്പോള്‍ അവകാശവാദങ്ങളുടെ അലങ്കാരഭാരങ്ങളില്ലാതെ, അഹങ്കാരമില്ലാതെ ഒരു വാചകം അതിന്റെ കണ്ഠാഭരണവും കവചകുണ്ഡലങ്ങളുമായുണ്ടാകും:
'ഏറ്റവും വേഗത്തില്‍, ഏറ്റവും വിശ്വാസ്യതയോടെ...'



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/