സൂര്യാഘാതം: മൃഗങ്ങളെ ചികിത്സിക്കാന്‍ പ്രത്യേക സംഘങ്ങള്‍

Posted on: 13 Mar 2010



തിരുവനന്തപുരം: സൂര്യാഘാതമേറ്റ മൃഗങ്ങളെ അടിയന്തരമായി ചികിത്സിക്കാന്‍ ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ അറിയിച്ചു.

വേണ്ടത്ര മരുന്നുകളും നിര്‍ജലീകരണത്തിന് എതിരെയുള്ള ലായനികളും സംഘങ്ങളിലൂടെ നല്‍കും. ഇളംപ്രായമുള്ള മൃഗങ്ങള്‍, പ്രായം കൂടിയവ, ശരീരഭാരം വളരെ കൂടിയവ, വ്യായാമമില്ലാത്തവ, ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവ ഇങ്ങനെയുള്ള മൃഗങ്ങളെയാണ് സൂര്യാഘാതം കൂടുതലായി ബാധിക്കുന്നത്. സൂര്യാഘാതം വന്നാല്‍ മസ്തിഷ്‌കക്ഷതംവരെ സംഭവിക്കാം. ശ്വാസം വേഗത്തിലാവുക, ക്ഷീണം, ഉയര്‍ന്നതോതിലുള്ള ഹൃദയമിടിപ്പ്, വിറയല്‍, വയറിളക്കം, അബോധാവസ്ഥ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതം ഉണ്ടായ മൃഗങ്ങളുടെ ശരീരോഷ്മാവ് കുറയ്ക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനായി മൃഗത്തെ തണലിലേക്ക് മാറ്റുക, തണുത്ത വെള്ളത്തില്‍ മുക്കിയ തുണി പുതപ്പിക്കുക, വീശിക്കൊടുക്കുക, നിര്‍ജലീകരണം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ലായനികള്‍ ഡ്രിപ്പായി നല്‍കുക, ആവശ്യമുള്ള കുത്തിവെയ്പുകള്‍ നല്‍കുക മുതലായവയാണ് അടിയന്തരമായി ചെയ്യേണ്ടത്.

മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ അനുവദിക്കരുത്, കഠിനാധ്വാനം ഒഴിവാക്കണം, വേണ്ടത്ര വെള്ളം നല്‍കാന്‍ ശ്രദ്ധിക്കണം. സൂര്യാഘാതം ഏറ്റെന്ന് ബോധ്യമായാലുടന്‍ അടുത്ത മൃഗാസ്​പത്രിയിലെ ഡോക്ടറുമായി ബന്ധപ്പെടണമെന്നും ഡയറക്ടര്‍ അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/