അതിര്‍ത്തിയില്‍ വീണ്ടും ഏജന്റുമാരുടെ സമാന്തര ചെക്‌പോസ്റ്റ്‌

Posted on: 12 Mar 2010


പി. സുരേഷ്ബാബു




പാലക്കാട്: കോഴികടത്തിന് വ്യാജ പേ ഓര്‍ഡര്‍ നല്‍കി 13.28 കോടിയുടെ നികുതിവെട്ടിപ്പ് നടന്ന കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ നടുപ്പുണി വില്പനനികുതി ചെക്‌പോസ്റ്റില്‍ ഏജന്റുമാരുടെ 'സമാന്തര ചെക്‌പോസ്റ്റ്' വീണ്ടും സക്രിയം.

കേരള ചെക്‌പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട് അതിര്‍ത്തിയിലെ പോലീസ് ചെക്‌പോസ്റ്റിനിടെ റോഡിനിരുവശത്തുമായി ഏജന്റുമാരുടെ ആറ് അനധികൃത ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെവരെയാണ് പ്രവര്‍ത്തനം.

ഒരു രൂപയുടെപോലും കോഴിക്കച്ചവടം നടത്താത്ത വാണിജ്യനികുതിവകുപ്പ് കോഴികടത്താന്‍ നല്‍കുന്ന ടിന്‍നമ്പര്‍ (ടാക്‌സ് പേയേഴ്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) മറിച്ചുവിറ്റാണ് ഏജന്റുമാര്‍ വന്‍തുക ലാഭം കൊയ്യുന്നത്. രജിസ്‌ട്രേഷനില്ലാലത്ത കോഴിവണ്ടിക്ക് ടിന്‍നമ്പര്‍ 800 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിനുപുറമെ കോഴികൊണ്ടുവരുന്ന പെട്ടികളില്‍ കൃത്രിമംകാണിച്ച് നികുതിയിനത്തിലും സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്നുണ്ട്. നടുപ്പുണി നികുതിവെട്ടിപ്പിനെത്തുടര്‍ന്ന് പോലീസ് അടപ്പിച്ച ഏജന്റുമാരുടെ ഓഫീസുകള്‍ അടുത്തിടെയാണ് വീണ്ടും തുറന്നത്.

കോഴികടത്താന്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് വാണിജ്യനികുതിവകുപ്പ് നല്‍കുന്ന തിരിച്ചറിയില്‍ നമ്പറാണ് ടിന്‍നമ്പര്‍. ഡിക്ലറേഷന്‍ ഫോറത്തില്‍ ടിന്‍നമ്പര്‍ ഉണ്ടെങ്കിലേ ചെക്‌പോസ്റ്റ്‌വഴി കോഴികടത്താനാവൂ. പഴയ ഡെലിവറിനോട്ടിന്റെ പകരമായാണ് ടിന്‍നമ്പര്‍ ഉപയോഗിക്കുന്നത്.

കോഴികടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ സ്വന്തമാക്കാന്‍ വ്യവസ്ഥകള്‍ ഇളവുചെയെ്തങ്കിലും ആദായനികുതി, മാസാവസാനം സമര്‍പ്പിക്കേണ്ട കണക്കുകള്‍ എന്നിവ ഒഴിവാക്കാന്‍ രജിസ്‌ട്രേഷനെടുക്കാത്ത നിരവധി കച്ചവടക്കാര്‍ സംസ്ഥാനത്ത് കോഴിക്കച്ചവടം ചെയ്യുന്നുണ്ട്. ബിനാമി ഏജന്റുമാരാണ് ഇതിന് ഒത്താശ ചെയ്യുന്നത്.

രജിസ്‌ട്രേഷനില്ലാത്ത കച്ചവടക്കാര്‍ തമിഴ്‌നാട്ടില്‍നിന്ന്‌കോഴിയുമായി നേരിട്ട് ചെക്‌പോസ്റ്റിനടുത്ത് ഏജന്റുമാരുടെ ഓഫീസിലെത്തും. ഏജന്റുമാര്‍ അവരുടെ പേരിലുള്ള ടിന്‍നമ്പര്‍ കോഴികച്ചവടക്കാര്‍ക്ക് നല്‍കും. ഒരു വണ്ടിക്ക് 800 രൂപ ഏജന്റുമാര്‍ക്ക് നല്‍കണം. ഒപ്പം കേരളത്തിനകത്ത് വില്പനനടത്താന്‍ വേണ്ട സെയില്‍ബില്ലും വ്യാപാരികള്‍ക്ക് നല്‍കും. ഇതുരണ്ടും കിട്ടിയാല്‍ വ്യാപാരികള്‍ക്ക് ചെക്‌പോസ്റ്റിലെ ട്രഷറിയില്‍ പണമടച്ച് കോഴി എവിടേക്ക് വേണമെങ്കിലും കൊണ്ടുപോവാം. കോഴിക്കച്ചവടം നടത്താത്ത ബിനാമി ഏജന്റുമാരുടെ ടിന്‍നമ്പര്‍ ഉപയോഗിച്ച് കോഴികൊണ്ടുവരുമ്പോള്‍ വ്യാപാരികള്‍ക്ക് മറ്റ് നൂലാമാലകളൊന്നും അറിയേണ്ടതില്ല. ഏജന്റുമാര്‍ക്കാകട്ടെ ചുളുവില്‍ ഒരുവണ്ടിക്ക് 800 രൂപയും ലാഭം നേടാം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/