കോമണ്‍വെത്തിന് 'വിദേശ കള്ളന്മാരും' എത്തിയേക്കുമെന്ന് മുന്നറിയിപ്പ്
Posted on: 12 Mar 2010
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന സമയം പഞ്ചനക്ഷത്രഹോട്ടലില്‍ താമസിച്ച് ത്രീപീസ് സ്യൂട്ടുമണിഞ്ഞെത്തുന്ന വിദേശികള്‍ നിങ്ങളുടെ പേഴ്‌സോ ബാഗോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ അപഹരിച്ചാല്‍ അതിശയിക്കേണ്ടതില്ല. വ്യാഴാഴ്ച ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച കോമണ്‍വെല്‍ത്ത് ഫെഡറേഷന്റെ സെക്യൂരിറ്റി വിദഗ്ധ സംഘം അറിയിച്ചതാണ് ഇക്കാര്യം.
''വലിയ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ നടക്കുമ്പോള്‍ വിദേശത്തുനിന്നു കള്ളന്‍മാര്‍ എത്തുന്നത് സാധാരണമാണ്. തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്''- ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗെയിംസിനായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ തൃപ്തരാണെന്ന് ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയെ സന്ദര്‍ശിച്ചശേഷം ഫെഡറേഷന്റെ സുരക്ഷാ ഉപദേഷ്ടാവ് നീല്‍ ഫെര്‍ഗ്യൂസ് അറിയിച്ചു.
''ഇപ്പോഴത്തെ ക്രമീകരണങ്ങളില്‍ ഞങ്ങള്‍ തൃപ്തരാണ്. കുറച്ചുകാര്യം കൂടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. കാര്യങ്ങള്‍ ശരിയായ വഴിക്കുതന്നെയാണ് നീങ്ങുന്നത്''- ഫെര്‍ഗ്യൂസ് പറഞ്ഞു.
ഒക്ടോബര്‍ മൂന്നുമുതല്‍ 14 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam