
ന്യൂഡല്‍ഹി: നാളികേരത്തില്‍ മധുരമൂറുന്ന ചിപ്‌സുണ്ടാക്കി അതു പരിചയപ്പെടുത്താനാണ് ജെയിംസ്.പി.മാത്യു ഡല്‍ഹിയിലെത്തിയത്. എന്നാല്‍ പുതിയ ആശയാവിഷ്‌കാരവും കൈയില്‍ക്കരുതി. തേങ്ങയുല്‍പ്പന്നം കൊണ്ടുവന്നെങ്കിലും പാലക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല സ്വദേശി ജെയിംസിന്റെ മനസ്സു നിറയെ ചക്കയാണ്. വല്ലാത്ത ചെലവൊന്നുമില്ലാത്ത തന്റെ ആശയം ഈ കര്‍ഷകന്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 'ചക്ക മിഷന്‍' പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ജെയിംസിന്റെ ആവശ്യം. ആന്‍േറാ ആന്റണി എം.പി വഴി ഇക്കാര്യം കേന്ദ്ര കൃഷിസഹമന്ത്രി പ്രൊഫ.കെ.വി. തോമസിനെ അദ്ദേഹം അറിയിക്കുകയും ചെയ്തു.
ആവിയില്‍ വേവിച്ച പച്ചച്ചക്ക, കറിയുണ്ടാക്കാന്‍ ഇടിച്ചക്ക ഉണക്കിയെടുത്തത്, ചക്ക വൈന്‍, ചക്കപ്പഴം എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍. ചുണ്ണാമ്പു വെള്ളത്തിലും പഞ്ചസാര ലായനിയിലും ചക്കച്ചുള മുക്കി ഉണക്കിയെടുത്തതാണ് ചക്കപ്പഴം. മധുരമുള്ള ഈ ഉല്‍പ്പന്നം മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനും കഴിയും. സാധാരണ ചക്കയുടെ രുചിയും മണവുമുള്ളതാണ് പച്ചച്ചക്ക ആവിയില്‍ വേവിച്ചെടുത്ത വേറിട്ട സാധനം. ഏഴു കൊല്ലത്തെ ഗവേഷണഫലമാണ് ഈ ചക്കയുത്പന്നങ്ങള്‍. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും സുലഭമായ ചക്ക പാഴായിപ്പോകുന്നതിന്റെ വേദനയിലാണ് ഈ കര്‍ഷകന്‍. വീട്ടില്‍ 54 പ്‌ളാവുകളുണ്ട്. ചക്ക പഴുത്തു പാഴാവുന്നതു കാണുമ്പോള്‍ ജെയിംസിന്റെ ഹൃദയം തകരും. ആരോഗ്യത്തിന് ഏറെ ഗുണകരമായ ചക്കയെ ജനങ്ങളും സര്‍ക്കാരും അവഗണിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീട്ടിലെ പ്‌ളാവുകള്‍ മുറിച്ചു കളഞ്ഞാലോ എന്ന് ആദ്യം കരുതിയെങ്കിലും മനസ്സു സമ്മതിച്ചില്ല. പിന്നീട് ചക്കയില്‍ നിന്നും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഭാര്യയും പദ്ധതിയില്‍ പങ്കാളിയായി.
ആദ്യം ചക്ക വൈനാണ് ഉണ്ടാക്കിയത്. മദ്യപിച്ചാലുണ്ടാക്കുന്ന ലഹരി ചക്ക വൈനിനും നല്‍കാനാവും. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളൊന്നും സര്‍ക്കാര്‍ അനുമതിയായിട്ടില്ല. ഒരു ശുശ്രൂഷയുമില്ലാതെ തഴച്ചു വളരുന്ന പ്ലാവിനെയും ചക്കയെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മിഷന്‍ തന്നെ തുടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ചക്കയുത്പന്നങ്ങള്‍ വിവരങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി കെ.വി.തോമസിന് കത്തുമയച്ചു. ഉടന്‍ മറുപടി ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കൃഷിക്കാരുടെ സംഘടനയായ കാഞ്ഞിരപ്പുഴ ഫാം ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് ആഹാര്‍ മേളയില്‍ ജെയിംസിന്റെ പ്രദര്‍ശനശാല.