
മണക്കടവ്: സന്തോഷിന്റെ ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി പ്രതീക്ഷകള്‍ നാമ്പിട്ടുതുടങ്ങി. ഡയാലിസിസിനായി ഇടയ്ക്കിടെയുള്ള ആസ്പത്രി യാത്രകള്‍ ഇനി വേണ്ട. തകരാറിലായ ഇരു വൃക്കകള്‍ക്കും പകരമായി മാറ്റിവെച്ച വൃക്ക ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കണ്ണൂര്‍ ആലക്കോടിനടുത്ത മണക്കടവിലെ കൊച്ചാനിമൂട്ടില്‍ സാബുവിന്റെ മകന്‍ സന്തോഷ് എന്ന പതിന്നാലുകാരന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മസ്തിഷ്‌ക മരണം സംഭവിച്ച മലപ്പുറം ചെമ്മാട് സ്വദേശി കണ്ടാണത്ത് ഹാഷിമിന്റെ വൃക്കകളിലൊന്നാണ് സന്തോഷിന് പുതുജീവന്‍ നല്‍കിയത്.
പക്ഷേ, വൃക്കമാറ്റല്‍ ശസ്ത്രക്രിയയും തുടര്‍ന്നുള്ള ചികിത്സയും ഉണ്ടാക്കുന്ന വന്‍ സാമ്പത്തിക ബാധ്യത സന്തോഷിന്റെ കുടുംബത്തെ അലട്ടുന്നു. 15 സെന്റ് സ്ഥലവും ഒരു കൊച്ചുവീടും മാത്രം സ്വന്തമായുള്ള കുടുംബം ചികിത്സാ ചെലവ് കണ്ടെത്താന്‍ ഉദാരമതികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ശ്രീപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ സന്തോഷിന്റെ ഇതുവരെയുള്ള ചികിത്സാചെലവുകള്‍ക്കായി പി.ടി.എ.യും നാട്ടുകാരും സഹായിച്ചിരുന്നു. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു മാസത്തോളം മെഡിക്കല്‍കോളേജിന് സമീപം തന്നെ താമസിച്ച് വൈദ്യസഹായം തേടണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഒരു വാടകവീടന്വേഷിക്കുകയാണ് സന്തോഷിന്റെ കുടുംബം. ഇതിനും ഭാരിച്ച തുക കണ്ടെത്തേണ്ടിവരും. തുടര്‍ന്നുള്ള ചികിത്സാചെലവുകളും ഏറെ വലുതാണ്.
സന്തോഷിന്റെ ചികിത്സയ്ക്ക് ഉദാരമതികളില്‍ നിന്ന് പണം കണ്ടെത്താനായി ജോയി പൂവ്വത്തുങ്കല്‍ ചെയര്‍മാനും വി.എം. മധു വൈസ് ചെയര്‍മാനുമായി ചികിത്സാ സഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
സഹായങ്ങള്‍ സ്വീകരിക്കുന്നതിന് ആലക്കോട് സിന്‍ഡിക്കേറ്റ് ബാങ്കില്‍ എസ്.വൈ.എന്‍.ബി. 0004229, 42292200067172 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അകാലത്തില്‍ വൃക്കരോഗം തളര്‍ത്തിയ മകന്റെ ചികിത്സയ്ക്കായി ഉദാരമതികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഈ നിര്‍ധന കുടുംബം.