ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: 43 പേര്‍ പത്രിക നല്‍കി

Posted on: 12 Mar 2010



ബാംഗ്ലൂര്‍: ബൃഹത് ബാംഗ്ലൂര്‍ മഹാനഗരപാലികെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സിവിക്ഫ്രണ്ട് ബുധനാഴ്ച കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കുകയും ആദ്യത്തെ സ്ഥാനാര്‍ഥിലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 28നാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെ കടത്തിവെട്ടുന്ന തരത്തിലുള്ള പ്രചാരണപരിപാടികളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്.

ജനതാദള്‍ (ഗൗഡ വിഭാഗം) സ്ഥാനാര്‍ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് 13ന് പൂര്‍ണമായും പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്പട്ടിക 14ന് പൂര്‍ത്തിയാകും. നാമനിര്‍ദേശപത്രികാ സമര്‍പ്പണം മാര്‍ച്ച് ഒമ്പതിനാണ് ആരംഭിച്ചത്. ബുധനാഴ്ചവരെ 43 സ്ഥാനാര്‍ഥികളില്‍നിന്നായി 63 സെറ്റ് നാമനിര്‍ദേശപത്രിക സ്വീകരിച്ചതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇതുവരെ നാമനിര്‍ദേശപത്രിക നല്‍കിയവരില്‍ 35 പേര്‍ സ്വതന്ത്രരാണ്.

സ്ഥാനാര്‍ഥിനിര്‍ണയത്തിനായി വാര്‍ഡ്തലങ്ങളില്‍ യോഗം സംഘടിപ്പിക്കുന്ന തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. മാര്‍ച്ച് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏപ്രില്‍ അഞ്ചിനാണ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയ്യതി 15 ആണ്. 14-ാം തീയതിയോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ചിത്രം വ്യക്തമാകും.

കോര്‍പ്പറേഷനില്‍ മൊത്തം 66,17,379 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 34,80,268 പുരുഷന്മാരും 31,37,111സ്ത്രീകളുമാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/