ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ പിടിയില്‍

Posted on: 12 Mar 2010




കോഴിക്കോട്:മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ രഹസ്യമായി സ്ഥാപിച്ച് ചിത്രീകരണം നടത്തിയ സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ജീവനക്കാരന്‍ കൂരാച്ചുണ്ട് എരാട്ടുമുഴി സ്വദേശി അഖില്‍ ജോസിനെ (23) നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ക്യാമറ കണ്ടെത്തി പരാതിനല്‍കിയ വിദ്യാര്‍ഥിനിയെ സഹായിക്കാനെത്തിയ ബന്ധുവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് മര്‍ദിച്ചു. ഹോട്ടലിലേക്ക് ഹിന്ദുഐക്യവേദി, യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ്. എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന് സമീപമുള്ള ഹോട്ടലിലെ മൂത്രപ്പുരയിലാണ് രഹസ്യക്യാമറ വെച്ച് ചിത്രീകരണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കെ.എം.സി.ടി. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനികളില്‍ ഒരാളാണ് മൂത്രപ്പുരയിലെ ക്യാമറ കണ്ടെത്തിയത്. ക്ലോസറ്റിന്റെ നേരെ മുകളിലായുള്ള ഉത്തരത്തിലെ ദ്വാരത്തിലായിരുന്നു ക്യാമറ. വിദ്യാര്‍ഥിനി ക്യാമറ പരിശോധിച്ചപ്പോള്‍, ഏറ്റവും ഒടുവില്‍ ചിത്രീകരിച്ച വീഡിയോയില്‍ ക്യാമറ സ്ഥാപിക്കുന്ന ജീവനക്കാരന്റെ മുഖം വ്യക്തമായി കണ്ടു. വിവരം ഉടന്‍തന്നെ ഹോട്ടല്‍നടത്തിപ്പുകാരെയും ബന്ധുവായ നടക്കാവ് പാറക്കാട് കളിത്തറവീട്ടില്‍ രാഹുലിനെയും അറിയിച്ചു. രാഹുലും കൂട്ടുകാരും ഹോട്ടലില്‍ എത്തിയപ്പോഴേക്കും ഫോണിന്റെ ഉടമയായ അഖിലിനെ കണ്ടെത്തിയിരുന്നു. അഖിലിനെ കൈയേറ്റം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ നടക്കാവ് എസ്.ഐ.യും സംഘവും രാഹുലിനെയാണ് കസ്റ്റഡിയിലെടുത്തത്. തുടക്കത്തില്‍ പരാതിക്കാരെ വിരട്ടി കേസൊതുക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ പ്രതിയാണെന്ന് കരുതിയാണ് രാഹുലിനെ മര്‍ദിച്ചതെന്നാണ് നടക്കാവ് എസ്.ഐ. പറയുന്നത്. സാരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി കണ്ടെടുത്ത മൊബൈല്‍ഫോണ്‍ നടക്കാവ് പോലീസിന് ഉടന്‍തന്നെ കൈമാറാന്‍ തയ്യാറാവാതിരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പോലീസിനെ വിശ്വാസമില്ലെന്നു പറഞ്ഞ വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ വിദ്യാര്‍ഥിനി ബന്ധുക്കളോടൊപ്പം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്ത് മുമ്പാകെയാണ് മൊബൈല്‍ഫോണും പരാതിയും നേരിട്ട് നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ 1.38 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത് കണ്ടെത്തിയതായി കമ്മീഷണര്‍ പറഞ്ഞു. അഖില്‍ജോസിന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തുകയും ചെയ്തു. ഐ.ടി. ആക്ട് പ്രകാരമാണ് അഖിലിനെ അറസ്റ്റുചെയ്തത്.

സാഗര്‍ ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസും ഹിന്ദു ഐക്യവേദിയും നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ഹോട്ടലിനുനേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ലാത്തിയടിയേറ്റ് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറില്‍ബാബു, നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സി. സലീം എന്നിവരെ ബീച്ച് ഗവ. ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടലിന് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മാനേജ്‌മെന്റ് നിസ്സഹായരാണെന്നും താല്ക്കാലിക സപ്ലെയറുടെ മാനസികവൈകല്യമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും സാഗര്‍ മാനേജിങ് പാര്‍ട്ണര്‍ കെ.ടി. അബ്ദുള്‍ഗഫൂര്‍ അറിയിച്ചു. പ്രസ്തുതസംഭവത്തിലെ കുറ്റക്കാരെ പിടികൂടി പോലീസിലേല്പിച്ചത് മാനേജ്‌മെന്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/