ബോഷിന്റെ ബാംഗ്ലൂര്‍ യൂണിറ്റും ലോക്കൗട്ടിലേക്ക്
Posted on: 12 Mar 2010
ബാംഗ്ലൂര്‍: എന്‍ജിനീയറിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബോഷ് ബാംഗ്ലൂരിലെ പ്രധാന നിര്‍മാണ യൂണിറ്റിലും ലോക്കൗട്ട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡീസല്‍ സിസ്റ്റം ഇന്ത്യ ഭരണ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സൗമിത്ര ഭട്ടാചാര്യ പറഞ്ഞു.
സമരം ചെയ്യുന്ന തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുന്നെന്നാരോപിച്ച് ബോഷ് ലിമിറ്റഡിന്റെ നാഗനാഥപുരം ഫാക്ടറിയില്‍ തിങ്കളാഴ്ച ലോക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബാംഗ്ലൂരിലെ മെയിന്‍ യൂണിറ്റിലും ലോക്കൗട്ട് പ്രഖ്യാപിക്കുമെന്ന ഭീഷണി കമ്പനി ഉയര്‍ത്തിയിരിക്കുന്നത്.
ഒരു മാസമായി ജീവനക്കാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് മെല്ലെപ്പോക്കുസമരത്തിലാണ്. ഇക്കാരണത്താല്‍ കമ്പനി വന്‍ നഷ്ടത്തിലേക്കാണു നീങ്ങുന്നതെന്നും ഇതു തുടര്‍ന്നാല്‍ ലോക്കൗട്ട് പ്രഖ്യാപിക്കുകമാത്രമേ വഴിയുള്ളൂവെന്നും സൗമിത്ര ഭട്ടാചാര്യ പറഞ്ഞു. ഫിബ്രവരി 12 മുതല്‍ ആരംഭിച്ച സമരത്തെത്തുടര്‍ന്ന് ഉത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായി. ഒരു ദിവസം ഒരു കോടി രൂപയുടെ നഷ്ടമാണ് കമ്പനി കണക്കാക്കുന്നത്. ബാംഗ്ലൂര്‍ യൂണിറ്റിലെ നഷ്ടം മൂന്നു കോടി രൂപ കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്കൗട്ട് പ്രഖ്യാപിക്കാന്‍ കമ്പനി നിര്‍ബന്ധിതമാവുകയാണെന്ന് ഭട്ടാചാര്യ പറഞ്ഞു. കമ്പനിയുമായി സഹകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായാല്‍ ലോക്കൗട്ട് ഒഴിവാക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam