ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ചരക്ക് ബോട്ട് കടലില്‍ മുങ്ങി ജീവനക്കാരെ രക്ഷപ്പെടുത്തി

Posted on: 12 Mar 2010



മംഗലാപുരം: കോണ്‍ക്രീറ്റ് പണിക്ക് ആവശ്യമായ കരിങ്കല്ലുമായി മംഗലാപുരം പഴയ തുറമുഖത്ത് (ബന്ദര്‍) നിന്ന് ലക്ഷദീപിന് പുറപ്പെട്ട ചരക്ക്‌ബോട്ട് കടലില്‍ മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന 11 ജീവനക്കാരെ രക്ഷപ്പെടുത്തി രാത്രി 8 മണിയോടെ മംഗലാപുരത്ത് എത്തിച്ചു.

ചരക്ക്‌നിറച്ച ബോട്ട് വ്യാഴാഴ്ച രാവിലെ 6 മണിക്കാണ് മംഗലാപുരത്തുനിന്ന് പുറപ്പെട്ടത്. പതിനൊന്നരയോടെ പ്രൊപ്പല്ലറിന്റെ സ്റ്റാന്‍ഡ് ട്യൂബ് പൊട്ടി ബോട്ടില്‍ വെള്ളംകയറാന്‍ തുടങ്ങി. കാഞ്ഞങ്ങാടിന് നേര്‍ദിശയില്‍ 17 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം. ബോട്ടില്‍ ഉണ്ടായിരുന്ന പമ്പ്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും ഇരച്ച്കയറുന്ന വെള്ളം നിയന്ത്രിക്കാനാവാതെ ബോട്ട് മുങ്ങാന്‍ തുടങ്ങി.

തത്‌സമയം അതുവഴിവന്ന മറ്റൊരു ചരക്ക് ബോട്ടിലെ ക്യാപ്റ്റന് വിവരംകൈമാറിയതിനാല്‍ അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വൈകാതെ അധികൃതരെ അറിയിച്ചു.

മംഗലാപുരത്തുനിന്ന് പുറപ്പെട്ട രക്ഷാബോട്ട് അപകട സ്ഥലത്ത് എത്തിയാണ് മുങ്ങിക്കൊണ്ടിരിക്കയായിരുന്ന ബോട്ടിലെ ജീവനക്കാരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/