ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതിന്റെ ആഹ്ലാദത്തില്‍ മലയാളികള്‍
Posted on: 12 Mar 2010
യശ്വന്ത്പുര്‍ ട്രെയിന്‍
ബാംഗ്ലൂര്‍: കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പ്രതിദിനമാക്കിക്കൊണ്ടുള്ള റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിന്റെ പ്രഖ്യാപനത്തെ ബാംഗ്ലൂര്‍ മലയാളി സംഘടനകള്‍ സ്വാഗതം ചെയ്തു. ബന്ദിപ്പുര്‍ വഴിയുള്ള രാത്രികാല യാത്രാനിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചയുടനെ കോഴിക്കോടുവഴി ബാംഗ്ലൂരിലേക്കുള്ള ഏക ട്രെയിന്‍ പ്രതിദിനമാക്കിയത് മലയാളികള്‍ക്ക് അനുഗ്രഹമായി. മലബാറില്‍നിന്നുള്ള യാത്രക്കാര്‍ ഗതാഗത സൗകര്യമില്ലാതെ വലയുന്നതിനാല്‍ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്. യശ്വന്ത്പുര്‍ തീവണ്ടിയുടെ ദിവസം കൂട്ടാനുള്ള പ്രയത്‌നം സഫലമായതിലുള്ള സന്തോഷത്തിലാണ് ജനങ്ങള്‍.
നഗരത്തിലെ പത്തു ലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് അനുഗ്രഹമാകുന്നതാണ് ഉത്തരവ്. ഈ ട്രെയിനില്‍ കണ്ണൂരില്‍നിന്നുള്ളവര്‍ക്കുപോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ജനപ്രതിനിധികളും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കമുള്ള സംഘടനകള്‍ ഈ തീവണ്ടി ദിവസേനയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോച്ചുകള്‍ കണ്ടെത്തി തീവണ്ടി ഉടനെ ഓടിത്തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം. ബജറ്റില്‍ പ്രഖ്യാപിച്ച മറ്റു വണ്ടികളെക്കാളും ജനങ്ങളുടെ അടിയന്തരാവശ്യം കണക്കിലെടുത്ത് യശ്വന്ത്പുര്‍ തീവണ്ടിക്ക് മുന്‍ഗണന നല്‍കണമെന്നാണ് നഗരത്തിലെ മലയാളികളുടെ ആവശ്യം. ട്രെയിനിന്റെ പ്രതിദിന സര്‍വീസ് ഉടന്‍ തുടങ്ങാനായാല്‍ ബദല്‍ റോഡിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ജനങ്ങള്‍ക്കു വലിയ സൗകര്യമാകും. യശ്വന്ത്പുര്‍ ട്രെയിന്‍ പ്രതിദിനമായി പ്രഖ്യാപിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിനെയും ബാംഗ്ലൂര്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഭാരവാഹികളായ ഡോ. എന്‍.എ. മുഹമ്മദ്, എ.ബി. ഖാദര്‍ ഹാജി എന്നിവര്‍ അഭിനന്ദിച്ചു.
തീരുമാനം സ്വാഗതാര്‍ഹം -ശ്രേയാംസ്‌കുമാര്‍
തിരുവനന്തപുരം: ബാംഗ്ലൂരിലേക്ക് എല്ലാ ദിവസവും തീവണ്ടി ഓടിക്കാനുള്ള തീരുമാനം കേരളീയര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു.
സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പ്പേട്ട പാതയില്‍ കര്‍ണാടകം ഏര്‍പ്പെടുത്തിയ രാത്രിയാത്രാനിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ ആയിരങ്ങളാണ് ദുരിതത്തിലായത്. ബാംഗ്ലൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ദിവസവുമെന്നോണം ബാംഗ്ലൂരുമായി ബന്ധപ്പെടുന്ന മലയാളികളായ നൂറുകണക്കിന് വ്യാപാരികളും മറ്റനേകം പേരും ഇതിന്റെ ദുരിതം പേറുകയാണ്. ഇതിനിടയില്‍ ബാംഗ്ലൂരിലേക്ക് പ്രതിദിന തീവണ്ടിയെന്ന മലയാളികളുടെ ഏറെക്കാലത്തെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാറിനെയും റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിനെയും എം.എല്‍.എ. അഭിനന്ദിച്ചു.
യാത്രാപ്രശ്‌നത്തിന് ആശ്വാസം- പി.വി. ഗംഗാധരന്‍
കോഴിക്കോട്: കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പ്രതിദിന സര്‍വീസ് ആക്കാനുള്ള തീരുമാനത്തെ സസന്തോഷം സ്വാഗതം ചെയ്യുന്നതായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ അറിയിച്ചു.മലബാറുകാര്‍ വര്‍ഷങ്ങളായി നേരിടുന്ന യാത്രാദുരിതത്തിന് ഇത്തരമൊരു പരിഹാരം ചേംബര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ രാത്രിയാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂക്ഷമായ യാത്രാ പ്രശ്‌നമാണ് മലബാറുകാര്‍ നേരിടുന്നത്. പ്രതിദിന തീവണ്ടിയെന്ന മലയാളിയുടെ ഏറെക്കാലത്തെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാറിനും റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിനും മലബാറിലെ എം.പി.മാര്‍ക്കും പ്രത്യേക അഭിനന്ദനം അര്‍പ്പിക്കുന്നതായി പി.വി. ഗംഗാധരന്‍ അറിയിച്ചു.