വികലാംഗര്‍ക്കും നിരക്ഷരര്‍ക്കുമുള്ള മൊബൈല്‍ സാങ്കേതികതയുമായി ഐ.ബി.എം.
Posted on: 12 Mar 2010
വാഷിങ്ടണ്‍: പ്രായംചെന്നവര്‍ക്കും നിരക്ഷരര്‍ക്കും ശാരീരികവൈകല്യങ്ങളുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന മൊബൈല്‍സാങ്കേതികത വികസിപ്പിക്കാന്‍ അമേരിക്കന്‍കമ്പനിയായ ഐ.ബി.എം. ഒരുങ്ങുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനുമായും ടോക്യോവിലെ റിസര്‍ച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റ് കൂടുതല്‍ ജനങ്ങളിലെത്തിക്കുകയും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍സങ്കേതങ്ങള്‍ രൂപപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഐ.ബി.എം. അധികൃതര്‍ വ്യക്തമാക്കി.
ഐ.ബി.എം. വികസിപ്പിക്കുന്ന ഏത് സോഫ്റ്റ്‌വെയറും സര്‍ക്കാറുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന 'ഓപ്പണ്‍സോഴ്‌സ്' സേവനങ്ങളായിരിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള സംയോജിത ഗവേഷണ പരിപാടിയുടെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഐ.ബി.എം. സഹകരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകുന്ന ജപ്പാനിലെ ആദ്യത്തെ സ്ഥാപനമാണ് ടോക്യോ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇന്ത്യയില്‍ ഈ പദ്ധതിയുമായി സഹകരിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.
ഇന്ത്യയിലെ നിരക്ഷര - അര്‍ധസാക്ഷരതാവിഭാഗങ്ങള്‍ക്ക് വിവരലഭ്യത ഉറപ്പുവരുത്താനുതകുന്ന മൊബൈല്‍ സങ്കേതങ്ങള്‍ വികസിപ്പിക്കാനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനുമായി ചേര്‍ന്നുള്ള ഗവേഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam