മാവോവാദി വേട്ട: യു.പി.എക്കെതിരെ തൃണമൂല്‍ എം.പി

Posted on: 12 Mar 2010



കൊല്‍ക്കത്ത: മാവോവാദികള്‍ക്കെതിരായ യു.പി.എ.യുടെ സൈനികനീക്കത്തിനെതിരെ യു.പി.എ സഖ്യകക്ഷി തൃണൂമല്‍ കോണ്‍ഗ്രസ് എം.പിയുടെ രൂക്ഷവിമര്‍ശം. മാവോവാദികളുമായി ചര്‍ച്ചനടത്താന്‍ കേന്ദ്രത്തിന് യാതൊരു താല്പര്യവുമില്ലെന്നും മാവോവാദി വേട്ടയെന്ന പേരില്‍ സൈന്യം ആദിവാസികളെ പീഡിപ്പിക്കുകയാണെന്നും തൃണമൂലിന്റെ ജനപ്രിയ എം.പി കബീര്‍ സുമന്‍ ആരോപിച്ചു.

മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരെ ഇതുവരെ പശ്ചിമബംഗാളില്‍മാത്രമാണ് തൃണമൂല്‍ പ്രതിഷേധമുയര്‍ത്തിയിരുന്നത്.

ബംഗാളിലെയും ജാര്‍ഖണ്ഡിലെയും ആദിവാസികളുടെ ധാതുസമ്പുഷ്ടമായ ഭൂമി പിടിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ളതെന്ന് സുമന്‍ പറഞ്ഞു. സുരക്ഷാസേനയുടെ സഹായത്തോടെ ഒരു വിഭാഗം ആളുകള്‍ ആദിവാസികളെ കൊള്ളയടിക്കാനും അവരുടെ സാമൂഹികഅവകാശങ്ങള്‍ തട്ടിയെടുക്കാനും ശ്രമിക്കുകയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരെ സമ്മര്‍ദംചെലുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദംചെലുത്തണമെന്നും അദ്ദേഹം അറിയിച്ചു.

യു.പി.എ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നെങ്കിലും മാവോവാദിവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെ അനുകൂലിക്കാനാവില്ല എന്നാണ് സുമന്റെ നിലപാട്.

ബംഗാളി ഗായകനും ഗാനരചയിതാവും കവിയും ടി.വി. അവതാരകനുമായ സുമന്‍ കൊല്‍ക്കത്തയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. നന്ദിഗ്രാം, സിംഗൂര്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത അദ്ദേഹം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സുജന്‍ ചക്രവര്‍ത്തിയെ തോല്പിച്ചാണ് പാര്‍ലമെന്റിലെത്തിയത്. മാവോവാദികളും കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ തന്നെ മധ്യസ്ഥനാക്കണമെന്ന മാവോവാദിതലവന്‍ കിഷന്‍ജിയുടെ ആവശ്യം സുമന്‍ സ്വാഗതം ചെയ്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/