ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ ബി.ജെ.പിയിലും തലവേദന സൃഷ്ടിക്കുന്നു. ബില്ലിനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ച ബി.ജെ.പി അംഗങ്ങളെ സമാധാനിപ്പിക്കാന്‍ എന്‍.ഡി.എ. ചെയര്‍മാന്‍ എല്‍.കെ.അദ്വാനി ഔദ്യോഗികവസതിയില്‍ വ്യാഴാഴ്ച വൈകിട്ട് ചായസത്കാരം നടത്തി. എന്നാല്‍, ബില്ലിനെക്കുറിച്ച് ബി.ജെ.പി.യില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ലോക്‌സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പ്രതികരിച്ചു.
എന്നാല്‍, മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ അടങ്ങുന്ന പല നേതാക്കളും ബില്ലിനോടുള്ള എതിര്‍പ്പ് പരസ്യമായാണ് കഴിഞ്ഞദിവസങ്ങളില്‍ പ്രകടിപ്പിച്ചത്. അതിനുപുറമെ ശിവസേന നിലവിലുള്ള രൂപത്തില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയും വ്യാഴാഴ്ച ബില്ലിനെതിരെ രംഗത്തിറങ്ങി. അതിനിടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം ലഭിക്കുമെന്നുള്ള ഉറപ്പ് വനിതാസംവരണബില്ലില്‍ ഉറപ്പുവരുത്തണമെന്ന് ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യായ മുഹമ്മദ് അസ്രുള്‍ ഹഖും ആവശ്യപ്പെട്ടു.
തീവ്രവാദം, നക്‌സലിസം, വിലക്കയറ്റം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ധൃതിപിടിച്ച ഭരണഘടനാ ഭേദഗതി വനിതബില്ലിന്റെ പേരില്‍ കൊണ്ടുവരുന്നത് കോണ്‍ഗ്രസിന്റെ കെണിയാണെന്ന് ഗൊരഖ്പുരില്‍ നിന്നുള്ള ബി.ജെ.പി അംഗം യോഗി ആദിത്യനാഥ് പറഞ്ഞു. പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം വേണമെന്നും എല്ലാ കാര്യവും ഡല്‍ഹിയിലിരുന്ന് തീരുമാനിക്കാനാവില്ലെന്നും വനിതാസംവരണബില്ലിന്റെ പ്രധാന വക്താക്കളിലൊരാളായ അരുണ്‍ ജെയ്റ്റ്‌ലിയെ ഉദ്ദേശിച്ച് ആദിത്യനാഥ് പറഞ്ഞു. ബില്ലിന് താന്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന ആവശ്യപ്പെട്ട ആദിത്യനാഥ് ബില്ലിനനുകൂലമായി ലോക്‌സഭയില്‍ വോട്ടു ചെയ്യില്ലെന്നും പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രധനകാര്യ, വിദേശമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും വിലക്കയറ്റംപോലുള്ള നിര്‍ണാകയപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ അടവാണ് വനിതാ സംവരണബില്ലെന്ന് ആരോപിച്ചു. യു.പി.യില്‍നിന്നുള്ള ബി.ജെ.പി അംഗം ഹുക്കുംദേവ് നാരായണ്‍ യാദവാകട്ടെ ഇക്കാര്യത്തില്‍ ഏതു വിപ്പും ലംഘിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂനപക്ഷ-പിന്നാക്കവിഭാഗക്കാരെ പിന്തള്ളുന്ന നിയമത്തെ പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ എഴുപത് ശതമാനം എം.പി.മാരും ബില്ലിന് എതിരാണെന്ന് ബി.ജെ.പി. ചീഫ്‌വിപ്പ് രമേഷ് ബയസ് കഴിഞ്ഞദിവസം ഒരു പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. ബില്ലിനെതിരായ നിലപാട് പാര്‍ട്ടിവൃത്തങ്ങളില്‍ ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍, ഇതെല്ലാം വെറും തെറ്റിദ്ധാരണയാണെന്നും ബി.ജെ.പി അംഗങ്ങള്‍ ഒറ്റക്കെട്ടായി ബില്ലിന് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് സുഷമാസ്വരാജും ഉപനേതാവ് ഗോപിനാഥ് മുണ്ടെയും പ്രഖ്യാപിച്ചത്. 'ചില അംഗങ്ങള്‍ക്ക് വ്യക്തിപരമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ എല്ലാ അംഗങ്ങളും പിന്തുണയ്ക്കും'-മുണ്ടെ പറഞ്ഞു. അദ്വാനി വ്യാഴാഴ്ച വൈകിട്ട് നല്‍കിയ ചായസത്കാരം എല്ലാ സമ്മേളനകാലയളവിലും പതിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.