ഗുജറാത്ത് കലാപം: നരേന്ദ്ര മോഡിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും
Posted on: 12 Mar 2010
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം(എസ്.എ.ടി.) മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യംചെയ്യും. മാര്‍ച്ച് 21നുമുമ്പ് എസ്.എ.ടി.ക്ക് മുമ്പാകെ ഹാജരാകാന്‍ അതിന്റെ തലവന്‍ ആര്‍.കെ.രാഘവന്‍ മോഡിക്ക് സമന്‍സ് അയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് കേസ് അന്വേഷിക്കാന്‍ നേരത്തേ എസ്.എ.ടി. രൂപവത്കരിച്ചത്.
ഗോധ്ര കൂട്ടക്കൊലയ്ക്ക് തുടര്‍ച്ചയായി നടന്ന ഗുജറാത്ത് കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ നടന്ന തീവെപ്പും കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യംചെയ്യുക. ഗുല്‍ബര്‍ഗ സംഭവത്തില്‍, മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിധവ സാഖിയ ജഫ്രി നല്‍കിയ പരാതി കണക്കിലെടുത്താണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്. ഗുല്‍ബര്‍ഗ സംഭവവുമായി ബന്ധപ്പെട്ട് എസ്.എ.ടി. നേരത്തേ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗുല്‍ബര്‍ഗ സംഭവത്തിനുപിന്നില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭയിലെ ചില അംഗങ്ങളുടേയും ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു സാഖിയ ജഫ്രിയുടെ പരാതി. ഏപ്രില്‍ 27നാണ് ഈ കേസ് അന്വേഷിക്കാന്‍ എസ്.എ.ടി.ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. എസ്.എ.ടി. രൂപവത്കരണത്തെ നേരത്തേ എതിര്‍ത്ത ഗുജറാത്ത് സര്‍ക്കാര്‍, ഗുല്‍ബര്‍ഗ സംഭവവുമായി ബന്ധപ്പെട്ട രേഖകളുംമറ്റും നല്‍കാതെ എസ്.എ.ടി.യുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. എസ്.എ.ടി.യുടെ കാലാവധി നീട്ടുന്നതിനേയും സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam