ബലം പ്രയോഗിച്ച് വനിതാ ബില്‍ പാസാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും - ശിവസേന
Posted on: 12 Mar 2010
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ബലം പ്രയോഗിച്ച് ലോക്‌സഭയില്‍ പാസാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കി. രാജ്യസഭയില്‍ ബില്ലിനെ ശിവസേന അനുകൂലിച്ചിരുന്നു.
വനിതകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്നാണ് പാര്‍ട്ടി നിലപാടെങ്കിലും നിശ്ചിത നിയോജകമണ്ഡലങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി സംവരണം ചെയ്യരുതെന്ന് മുന്‍ ലോക്‌സഭാ സ്പീക്കറും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ മനോഹര്‍ ജോഷി പറഞ്ഞു. ബില്ല് പ്രകാരം വനിതകള്‍ക്കുള്ള സംവരണ മണ്ഡലങ്ങള്‍ അതത് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാനുള്ള അധികാരം നല്‍കണം. ഇക്കാര്യത്തില്‍ വനിതാ ബില്ലില്‍ ഭേദഗതി ആവശ്യമാണെന്ന് ജോഷി കൂട്ടിച്ചേര്‍ത്തു. ഇതിനായി ബി.ജെ.പി.യുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.ബില്ലിനെ അനുകൂലിക്കുന്ന ശിവസേനയുടെ നിലപാട് എന്‍.ഡി.എ.യില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. രാജ്യസഭയില്‍ ബില്‍ അവതരണവേളയിലുണ്ടായ ബഹളത്തില്‍ ഏഴുപേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഇറ്റലിയില്‍ മുസ്സോളിനി നടപ്പാക്കിയ അടിയന്തരാവസ്ഥയെ ഓര്‍മപ്പെടുത്തുന്നതായി ലോക്‌സഭയിലെ ശിവസേനാ നേതാവ് ആനന്ദ്ഗീഥേ പറഞ്ഞു. വിലക്കയറ്റം തടയുന്നതിലുണ്ടായ പരാജയവും ഭീകരവിരുദ്ധ പോരാട്ടത്തിലെ കഴിവില്ലായ്മയും മറച്ചുപിടിക്കാന്‍ വേണ്ടിയാണ് കേന്ദ്രം വനിതാസംവരണ ബില്‍ കൊണ്ടുവന്നതെന്ന് ഗീഥേ കുറ്റപ്പെടുത്തി.