കണ്ണൂര്‍-യശ്വന്ത്‌പുര്‍ തീവണ്ടി എല്ലാ ദിവസവുമാക്കുന്നു
Posted on: 12 Mar 2010
ആശ്രയം പ്രതിദിന തീവണ്ടി
മലബാറിന് താത്കാലിക ആശ്വാസം
ന്യൂഡല്‍ഹി: കണ്ണൂരില്‍നിന്ന് കോഴിക്കോട് വഴി യശ്വന്ത്പുരിലേ (ബാംഗ്ലൂര്‍)ക്കുള്ള കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് ആഴ്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്താന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വീസ്. കോച്ചിന്റെ ലഭ്യതയ്ക്കനുസരിച്ച് എത്രയും പെട്ടെന്ന് സര്‍വീസ് ദിനംപ്രതിയാക്കാനാണ് തീരുമാനം.
ഈ തീരുമാനം യാത്രാദുരിതം അനുഭവിക്കുന്ന മലബാറിന് താത്കാലിക ആശ്വാസമായി. രാത്രിയാത്രാ നിരോധനം നീക്കിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ ശക്തമായി ന്യായമുന്നയിക്കുക എന്നതാണ് കേരളത്തിനു മുന്നിലുള്ള അടുത്ത കടമ്പ. ദേശീയപാത 212 വഴി രാത്രികാല യാത്ര നിരോധിച്ചതോടെ മലബാറില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയാണ് പ്രതിസന്ധിയിലായത്. പ്രശ്‌നപരിഹാരത്തിന് ബാംഗ്ലൂരിലേക്ക് നിത്യേന തീവണ്ടി സര്‍വീസ് ആരംഭിച്ച് യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യം ശക്തമായി. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ആഴ്ചകള്‍ക്കു മുമ്പുതന്നെ ബാംഗ്ലൂരിലേക്കുള്ള തീവണ്ടി പ്രതിദിന സര്‍വീസാക്കുമെന്ന് പറഞ്ഞിരുന്നു. എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ് എന്നീ എം.പി.മാരും കേന്ദ്രത്തില്‍ ഈ ആവശ്യം ഉന്നയിച്ചു. 'മാതൃഭൂമി'യും ഈ ആവശ്യം നിരന്തരം അധികൃതരുടെ മുന്നിലെത്തിക്കാന്‍ ശ്രമം നടത്തി. അതിന്റെയൊക്കെ വിജയമാണ് റെയില്‍വേയുടെ ഈ തീരുമാനം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam