ഗാന്ധിജി ഉപ്പുകുറുക്കി; സൂര്യനസ്തമിക്കാത്ത സാമ്രാജ്യം വിറച്ചു

Posted on: 12 Mar 2010



ഇന്ന് ദണ്ഡി മാര്‍ച്ചിന് 80 ആണ്ട്


''ഞാന്‍ മുട്ടുകുത്തി അപ്പത്തിന് യാചിച്ചു. അപ്പത്തിനുപകരം എനിക്ക് കിട്ടിയത് കല്ലുകളാകുന്നു.

ദരിദ്രന്റെ ഉപ്പിന്‍മേലുള്ള ചുങ്കം എടുത്തുകളഞ്ഞ് എന്റെ വാദത്തിന്റെ തീക്ഷ്ണത വൈസ്രോയിക്ക് കുറയ്ക്കാമായിരുന്നു.''

80 വര്‍ഷം മുമ്പ് ഗാന്ധിജി ബ്രിട്ടീഷ് വൈസ്രോയിക്കെഴുതിയ ഈ അന്ത്യ അറിയിപ്പായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്കുള്ള അവസാന യാത്രയുടെ തുടക്കം. ദരിദ്രന്റെ ഉപ്പിനായുള്ള ഈ അവകാശസമരത്തില്‍ ഗാന്ധിജിയുടെ പിന്നാലെ ലക്ഷങ്ങള്‍ ഒഴുകിച്ചേര്‍ന്നത് സ്വതന്ത്രഭാരതമെന്ന പാരാവാരത്തിലേക്ക്. ഭാരതം മുഴുവന്‍ മനസ്സുകൊണ്ടു ചേര്‍ന്ന ദണ്ഡി കടപ്പുറത്തേക്കുള്ള ആ യാത്രയ്ക്ക് ഇന്ന് 80 ആണ്ട് തികയുന്നു.

'വിജയം അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യത്തോടുകൂടിയാണ് മഹാത്മാഗാന്ധിയും 79 അനുയായികളും ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയാത്ര ആരംഭിച്ചത്. സിവില്‍ ആജ്ഞാലംഘനത്തിനായുള്ള ഒന്നാം സംഘത്തിന്റെ ആ കാല്‍നട യാത്ര ബ്രിട്ടീഷ് ഭരണത്തിന്റെ അടിവേരുകള്‍ ഇളക്കി.

ഭാരതീയന് സമൃദ്ധമായി ലഭിക്കുന്ന ഉപ്പ് ഇനി മുതല്‍ ബ്രിട്ടീഷ് സര്‍ക്കാറല്ലാതെ മറ്റാരും നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് ക്രമിനല്‍ കുറ്റമാണെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സമ്പര്‍മതി ആശ്രമത്തില്‍ നിന്ന് ജ്വലിച്ച നാളം രാജ്യം മുഴുവന്‍ പടര്‍ന്നു.

1930 മാര്‍ച്ച് 12ന് രാവിലെ ആറരയ്ക്ക് സബര്‍മതിയില്‍ നിന്ന് ദണ്ഡിയാത്ര ആരംഭിച്ചു. 390 കിലോമീറ്റര്‍ അകലെയുള്ള ദണ്ഡി തീരം ലക്ഷ്യം. അതിവേഗത്തില്‍ ഗാന്ധിജി മുന്നില്‍. അനുയായികള്‍ ഒപ്പമെത്താന്‍ പ്രയാസപ്പെട്ടു. ദണ്ഡിയിലേക്കുള്ള റോഡില്‍ ലക്ഷങ്ങള്‍ കാത്തുനിന്നു. 21 കിലോമീറ്റര്‍ പിന്നിട്ട ആദ്യ ദിവസത്തെ യാത്ര അവസാനിച്ചത് അസ്‌ലാലി ഗ്രാമത്തില്‍. അവിടെ കൂടിയ നാലായിരത്തിലധികം വരുന്ന ജനക്കൂട്ടത്തോട് ഗാന്ധിജി സംസാരിച്ചു. ഉപ്പിന് നികുതി ചുമത്തുന്നത് മനുഷ്യത്വഹീനമാണ്. ഉപ്പുസത്യാഗ്രഹം പാവപ്പെട്ടവന്റെ സമരമാണ്. അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. പിന്നിട്ട വഴികളിലും ഗ്രാമങ്ങളിലും നിന്ന് സത്യാഗ്രഹികള്‍ ദണ്ഡി മാര്‍ച്ചില്‍ അണിനിരന്നു. അമ്മമാരും സഹോദരിമാരും സംഭാവനകള്‍ നല്‍കി. ബ്രിട്ടീഷ് ഭരണത്തോട് നിസ്സഹകരിച്ച് രാജിവെക്കുന്നതായുള്ള ഉദ്യോഗസ്ഥരുടെ അറിയിപ്പുകള്‍ പ്രവഹിച്ചു.

61കാരനായ ഗാന്ധിജിക്കൊപ്പം ദണ്ഡിയിലേക്ക് തിരിച്ചവരില്‍ നാല് മലയാളികളുമുണ്ടായിരുന്നു. 25-കാരായ രാഘവന്‍ജിയും തിത്‌സുജിയും കൃഷ്ണന്‍ നായരും ശങ്കരനും ജാതി, ദേശ, ഭാഷ, പ്രായവ്യത്യാസമില്ലാത്ത ആ സംഘം ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്തെത്തിയപ്പോള്‍ ബ്രിട്ടീഷ് രാജിനെ വെല്ലുവിളിക്കാന്‍ ഒത്തുകൂടിയത് അരലക്ഷത്തിലധികം പേര്‍. സമുദ്ര സ്‌നാനത്തിനുശേഷം ഗാന്ധിജി കടല്‍വെള്ളം കോരി കുറുക്കി ഉപ്പുതരികള്‍ നിര്‍മിച്ചു. ബ്രിട്ടീഷ്അന്യായത്തിനെതിരെ രാജ്യമെമ്പാടും സ്വാതന്ത്ര്യത്തിന്റെ ഉപ്പുതരികള്‍ ഉണ്ടായി. ഭാരതത്തിലെ എല്ലാ തീരപ്രദേശങ്ങളിലും സത്യാഗ്രഹികള്‍ കടല്‍വെള്ളം കുറുക്കി.

പൂര്‍ണസ്വാതന്ത്ര്യം പ്രാപിച്ചല്ലാതെ ആശ്രമത്തിലേക്ക് തിരിച്ചുവരികയില്ലെന്നുള്ള ഗാന്ധിജിയുടെ പ്രതിജ്ഞയുടെ കാഠിന്യം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവും ലോകവും അറിഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/