സൂര്യാഘാതം: ശാസ്ത്രസംഘം പാലക്കാട്ടെത്തും - മുഖ്യമന്ത്രി

Posted on: 12 Mar 2010



തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെയും പാലക്കാട്ട് സൂര്യാഘാതമേറ്റ് പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പഠനം നടത്താനും നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ വിദഗ്ദ്ധര്‍ പാലക്കാട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

പാലക്കാട്ട് 40-42 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളുടെ ജോലിസമയം മാറ്റി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളുടെയും മറ്റും സമയമാറ്റവും ആലോചിക്കും.

ഇതുസംബന്ധിച്ച് എം.ഹംസ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും നിരവധി അംഗങ്ങള്‍ ഇടപെട്ട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിച്ചതോടെ സഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുയര്‍ന്നു.

പാലക്കാട്ട് മാത്രമല്ല, സംസ്ഥാനത്തുടനീളം ഇതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തണമെന്ന് ജി. കാര്‍ത്തികേയന്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിക്കുന്നില്ലെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കുടിവെള്ള വിതരണത്തിനായി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്രസംഘത്തിന് പുറമേ ദുരിതനിവാരണ അതോറിറ്റിയിലെ വിദഗ്ദ്ധരും പാലക്കാട്ട് പഠനം നടത്തുമെന്ന് മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരം പ്രതിഭാസങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നത് കണക്കാക്കി ദീര്‍ഘകാല ആസൂത്രണം വേണമെന്ന് മന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു. വൈദ്യുതി ഉപയോഗം വളരെയധികം വര്‍ധിച്ചുവെന്നും ഊര്‍ജ സംരക്ഷണ നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. വൈദ്യുതിക്ക് കടുത്ത ക്ഷാമം നേരിടും. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കുകള്‍ പോലെയുള്ളവ നിരോധിക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് നിര്‍ദ്ദേശിച്ചു. തടയണകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സ്​പീക്കര്‍ കെ.രാധാകൃഷ്ണനും പറഞ്ഞു. സഭയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/