മരുന്നുകള്‍ക്ക് തീവില: കമ്പനി ഉടമകളുമായി ചര്‍ച്ച നടത്തും - മന്ത്രി
Posted on: 12 Mar 2010
തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനി ഉടമകളുമായി മുഖ്യമന്ത്രിയുടെ തലത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ച് ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി.കെ. ശ്രീമതി നിയമസഭയില്‍ പറഞ്ഞു. ജീവന്‍രക്ഷാമരുന്നുകള്‍ക്ക് തീവിലയാണ് പൊതുവിപണിയില്‍ അനുഭവപ്പെടുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന അതേ മരുന്ന് പലയിരട്ടി വിലയ്ക്കാണ് പൊതുവിപണിയില്‍ കമ്പനികള്‍ വില്‍ക്കുന്നത്.
ഇതിനെ തീവെട്ടിക്കൊള്ളയെന്നേ പറയാനാവൂ. കോര്‍പ്പറേഷന്‍ വഴി രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ മരുന്നിന് പൊതുവിപണിയില്‍ 11 കോടിയാണ് വില. ഔഷധവില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിലേക്ക് സഭയൊന്നായി പ്രമേയം പാസാക്കി അയയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കാം.
കെ.സി. ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് അത്യാവശ്യമരുന്നുകളുടെ വിലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ യൂണിറ്റുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ തുടങ്ങണമെന്നും സഹകരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഇതേ മാതൃകയില്‍ മരുന്ന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam