പാലക്കാട്ട് എട്ടുപേര്‍ക്കു കൂടി സൂര്യാഘാതം
Posted on: 12 Mar 2010
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ പത്തിരിപ്പാല, കിഴക്കഞ്ചേരി, മണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ടുപേര്‍ക്കു കൂടി സൂര്യാഘാതംമൂലം പൊള്ളലേറ്റു. ഇവരെ പാലക്കാട് ജില്ലയിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പു ഡയറക്ടര്‍ അറിയിച്ചു. സൂര്യാഘാതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഡി.എം.ഒമാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സൂര്യാഘാതത്തിന് വിധേയരാകുന്നവര്‍ക്ക് കടുത്ത ക്ഷീണം, തളര്‍ച്ച, ദാഹം, ബോധക്ഷയം, തൊലിപ്പുറത്ത് കരുവാളിപ്പ്, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം. വളരെ ഉയര്‍ന്ന താപനിലയും (40 മുതല്‍ 41.5 ഡിഗ്രി സെല്‍ഷ്യസ് വരെ) വരണ്ട കാറ്റുമാണ് ഇതിന് കാരണം. അന്തരീക്ഷ താപനില ഉയരുന്നതോടെ ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും ക്രമാതീതമായി നഷ്ടപ്പെടുകയും ഇതുമൂലം ശരീരതാപനില നിയന്ത്രിക്കുന്നതിനുള്ള കഴിവ് നഷ്ടമാകുകയും ചെയ്യുന്നു. സൂര്യാഘാതം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
പകല്‍ 12 മുതല്‍ മൂന്നു വരെ കഠിനമായ വെയിലത്ത് പണിയെടുക്കുന്നത് ഒഴിവാക്കുക,ഇതനുസരിച്ച് ജോലിസമയം ക്രമീകരിക്കുക, നിര്‍ജലീകരണം ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക, കഴിവതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, അമിതഭക്ഷണം, മദ്യപാനം എന്നിവ ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.