റാങ്ക് പട്ടിക ചോര്‍ത്തല്‍: അന്വേഷണം വിജിലന്‍സിന്
Posted on: 12 Mar 2010
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിന് മുമ്പ് ചോര്‍ന്ന സംഭവത്തില്‍ പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. റാങ്ക് പട്ടിക പുറത്തുള്ള ചിലര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണച്ചുമതല കമ്മീഷന്‍ വിജിലന്‍സിന് നല്‍കിയത്. വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വി. ആര്‍. രഘുവര്‍മ്മയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
റാങ്ക് പട്ടികയ്ക്ക് കമ്മീഷന്‍ അംഗീകാരം നല്‍കുന്നതിനുമുമ്പ് പല ഉദ്യോഗാര്‍ത്ഥികളും റാങ്കുനില അറിഞ്ഞതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ കണക്കാക്കി റാങ്ക് പട്ടിക തയ്യാറാക്കുന്നത് പി. എസ്. സിയിലെ സീക്രട്ട് സെക്ഷനിലാണ്. ഇവിടെ സഹായത്തിന് കംപ്യൂട്ടര്‍ സെക്ഷനിലെ ചിലരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക ആവശ്യങ്ങള്‍ക്കായി കംപ്യൂട്ടര്‍ വിഭാഗക്കാര്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തിയെടുത്ത റാങ്ക് പട്ടികയാണ് പുറത്തായതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
എന്നാല്‍ സീക്രട്ട് സെക്ഷനില്‍ നിന്ന് തന്നെയാണ് ഇത് ചോര്‍ന്നതെന്ന ആരോപണവുമുണ്ട്. ചില പരിശീലന സ്ഥാപനങ്ങള്‍ക്കുവേണ്ടി റാങ്ക് പട്ടികയും മറ്റ് വിവരങ്ങളും ചോര്‍ത്തി നല്‍കുന്ന ചില ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടെന്ന ആക്ഷേപവും ഈ സാഹചര്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അപേക്ഷ ക്ഷണിച്ചതു മുതല്‍ തന്നെ വിവിധ ആക്ഷേപങ്ങളില്‍പ്പെട്ട സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് നിയമന നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് റാങ്ക് പട്ടിക ചോര്‍ത്തല്‍ വിവാദമുയര്‍ന്നിരിക്കുന്നത്. റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam