പുനലൂര്‍ ചുട്ടുപൊള്ളുന്നു

Posted on: 12 Mar 2010



പുനലൂര്‍:വ്യാഴാഴ്ച 38.2 ഡിഗ്രിയായിരുന്നു പുനലൂരിലെ താപനില. കുറേ നാളുകളായി തുടരുന്ന അസഹ്യമായ പകല്‍ താപനിലയില്‍ പുനലൂരും പരിസരപ്രദേശങ്ങളും ചുട്ടുപൊള്ളുകയാണ്. ഉച്ചയായാല്‍ പട്ടണത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി. കാല്‍നടയാത്രക്കാര്‍ ഒഴിയുന്ന പാതകളില്‍ വാഹനങ്ങള്‍മാത്രം. കടകളില്‍ തിരക്കേയില്ല.

രണ്ടാഴ്ചമുമ്പ് 39.8 ഡിഗ്രിവരെ ചൂട് ഉയര്‍ന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 40 ഡിഗ്രിവരെ ചൂട് ഉയര്‍ന്നിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റും മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെ പരീക്ഷയെഴുതുന്ന കുട്ടികള്‍ രണ്ടുമണിക്കൂര്‍ സമയം ഉരുകും. പരീക്ഷ തീരുംമുമ്പ് ക്ലാസ് വിടാന്‍ അനുവാദമില്ലാത്തതിനാല്‍ മുഴുവന്‍ ചൂടും സഹിക്കുകയാണവര്‍.

കൊടുംചൂടില്‍ കിഴക്കന്‍മേഖല ഒന്നാകെ ഉരുകുകയാണ്. പ്രധാനപ്പെട്ട രണ്ട് ജലസ്രോതസ്സുകളായ കല്ലടയാറും ഇത്തിക്കരയാറും വരള്‍ച്ചയുടെ പിടിയിലായി. കിണറുകള്‍ മിക്കതും വരണ്ടു. കുടിവെള്ളക്ഷാമം രൂക്ഷമായി. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പലരും കുടിവെള്ളം ചുമന്നെത്തിക്കുന്നത്.

രണ്ടുദിവസം മുമ്പ് പെയ്ത മഴ കിണറുകളിലെ ബാക്കി വെള്ളംകൂടി വറ്റിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. ഏലാകളില്‍ ഏത്തവാഴകള്‍ ചൂടേറ്റ് നിലംപറ്റുകയാണെന്ന് കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളില്‍ കുംഭം-മീനമാസങ്ങളില്‍ ലഭിക്കാറുണ്ടായിരുന്ന മഴ ഇക്കുറി ലഭിച്ചിട്ടില്ല.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/