ചൂട് ഇനിയും കൂടും; കണ്ണൂരില്‍ 60 കുട്ടികള്‍ക്ക് പൊള്ളലേറ്റു

Posted on: 12 Mar 2010



പാലക്കാട്: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കേരളം സൂര്യാഘാതഭീഷണിയിലേക്ക്. പാലക്കാട്ട് നാലുദിവസത്തിനിടെ വ്യാഴാഴ്ചയും ചൂട് 42 ഡിഗ്രി സെല്‍ഷ്യസിലെത്തി. സൂര്യതാപമേറ്റ് എട്ടുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും പശുക്കള്‍ ചാവുകയും ചെയ്തു. സംഭവം പരിശോധിക്കാന്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്സ്) വിദഗ്ധസംഘം വെള്ളിയാഴ്ച പാലക്കാട്ടെത്തും. കണ്ണൂരിലും കൊടുംചൂട് അപകടംവിതച്ചുതുടങ്ങി. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ റഹ്മാനിയ ഓര്‍ഫനേജ് എ.എല്‍.പി.സ്‌കൂളിലെ 60 കുട്ടികള്‍ക്ക് വെള്ളിയാഴ്ച സൂര്യതാപമേറ്റു. സ്‌കൂളിലേയ്ക്ക് നടന്നുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊള്ളലേറ്റത്. തൊലിപ്പുറത്ത് പൊള്ളലും ചുവന്ന തടിപ്പുകളുമുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടികളെ പരിശോധിച്ചു. കണ്ണൂരിലെ കുറ്റിയാട്ടൂരില്‍ പെരുമ്പുള്ളിത്തരിയില്‍ കര്‍ഷകത്തൊഴിലാളിയായ എം.സതി (48) ക്കും കണ്ണിന് ചുറ്റും സൂര്യതാപമേറ്റിട്ടുണ്ട്.

പാലക്കാട്ട് ചെര്‍പ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയില്‍ തൊഴിലുറപ്പുപദ്ധതി റോഡുപണിയിലേര്‍പ്പെട്ടിരുന്ന അമ്പതുകാരിയുടെ ശരീരത്തില്‍ വ്യാഴാഴ്ച കരിവാളിപ്പ് പ്രത്യക്ഷപ്പെട്ടു. മേലെ പൊട്ടച്ചിറയിലെ പാറക്കല്‍ ദേവയാനിക്കാണ് സൂര്യതാപമേറ്റത്.

പുനലൂര്‍, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ എല്ലായിടത്തും ചൂട് മുന്‍വര്‍ഷത്തേക്കാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അന്തരീക്ഷ ഊഷ്മാവ് കൂടിയതിനെത്തുടര്‍ന്ന് പാലുത്പാദനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പധികൃതര്‍ പറഞ്ഞു.

പാലക്കാട്ട് സൂര്യതാപമേറ്റ് രണ്ടുദിവസത്തിനിടെ എട്ടുപേര്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്. രണ്ട് പശുക്കള്‍ കഴിഞ്ഞദിവസം ചത്തിരുന്നു. വ്യാഴാഴ്ചയും ഒരു പശുക്കുട്ടി ചത്തു.

താപനില 40 ഡിഗ്രിയെന്നത് 104 ഡിഗ്രി പനിക്ക് തുല്യമാണ്. 42 ഡിഗ്രി ചൂടാവുമ്പോള്‍ 107ഡിഗ്രി പനിക്ക് തുല്യം. 104 ഡിഗ്രി പനിവന്നാല്‍ അടിയന്തര ചികിത്സ നല്കിയില്ലെങ്കില്‍ അപകടം സംഭവിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പാലക്കാട്ട് മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും രണ്ട് ഡിഗ്രി അധികമാണ് ചൂട്. ദക്ഷിണാര്‍ധഗോളത്തില്‍നിന്ന് ഉത്തരാര്‍ധഗോളത്തിലേയ്ക്കുള്ള സൂര്യന്റെ സഞ്ചാരം തുടങ്ങിയതിനാല്‍ വരുംദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു. സൂര്യതാപത്തിന്റെ ശക്തികൂടുമ്പോഴാണ് സൂര്യാഘാതം സംഭവിക്കുന്നത്. 2009ലും 2007ലും സൂര്യാഘാതംമൂലം പാലക്കാട്ട് രണ്ടുപേര്‍ മരിച്ചിരുന്നു.

പാലക്കാട്ട് മാര്‍ച്ച് എട്ടിന് 42 ഡിഗ്രി ചൂട് എത്തിയിരുന്നു. തൊട്ടടുത്തദിവസങ്ങളില്‍ ഒരുഡിഗ്രി കുറഞ്ഞെങ്കിലും വ്യാഴാഴ്ച വീണ്ടും 42 ഡിഗ്രിയിലെത്തി. മുന്‍വര്‍ഷം 41 ഡിഗ്രിയായിരുന്നു.

പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പുനലൂരില്‍ വ്യാഴാഴ്ച 38.2 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. കോട്ടയത്ത് 12 വര്‍ഷത്തിനിടെ വ്യാഴാഴ്ച ചൂട് 38 ഡിഗ്രിയിലെത്തി. കൊച്ചിയില്‍ 36.4 ഡിഗ്രിയും മലപ്പുറത്ത് 35 ഡിഗ്രിയും തിരുവനന്തപുരത്ത് 35 ഡിഗ്രിയുമാണ് ചൂട് രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ 38 ഡിഗ്രിവരെ ചൂട് അനുഭവപ്പെട്ടു. ചൂട് പൊതുവെ കുറവായ ഇടുക്കിയില്‍ 36 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മൂന്നാറില്‍ സമീപകാലത്തെ ഉയര്‍ന്ന താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്, 26 ഡിഗ്രി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/