സൂര്യാഘാതം: തൊഴിലുറപ്പുപദ്ധതിയുടെ തൊഴില്‍സമയം ക്രമീകരിച്ചു

Posted on: 12 Mar 2010



പാലക്കാട്: ജില്ല സൂര്യാഘാതഭീഷണി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പുപദ്ധതിയുടെ തൊഴില്‍സമയം ക്രമീകരിച്ചു. രാവിലെ ഏഴുമുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയുമാണ് പുതിയ തൊഴില്‍സമയം. ജില്ലയില്‍ 98,000 പേരാണ് തൊഴിലുറപ്പുപദ്ധതിയുടെ പരിധിയിലുള്ളത്.

ഇത്രയും തൊഴിലാളികള്‍ ഉള്ളതിനാല്‍ ആരോഗ്യസുരക്ഷയുടെ ഭാഗമായാണ് സമയക്രമീകരണമെന്ന് കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു.

താപനില ഇനിയും ഉയര്‍ന്നാല്‍ വിദ്യാര്‍ഥികളുടെ പരീക്ഷാസമയം, സ്വകാര്യമേഖല, പൊതുസ്ഥലങ്ങളിലെ തൊഴില്‍സമയം എന്നിവയുടെ ക്രമീകരണത്തെക്കുറിച്ച് ആലോചിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാരുമായി ആവശ്യമെങ്കില്‍ ചര്‍ച്ചനടത്തും.

സൂര്യതാപംമൂലം പൊള്ളലേല്‍ക്കുന്നവര്‍ക്കും അസ്വസ്ഥതകളുണ്ടാകുന്നവര്‍ക്കും അടിയന്തരചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെല്ലാം സജ്ജമായതായി ഡി.എം.ഒ. ഡോ. പി. കരുണാകരന്‍ അറിയിച്ചു. ഇതിനായി ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫീല്‍ഡ്‌വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള മരുന്നുകളും ലഭ്യമാണ്.

സൂര്യതാപം നേരിടാനുള്ള മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ അഞ്ചുതാലൂക്കുകളിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നിര്‍മാണ-കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/