Posted on: 12 Mar 2010
ബസ് ചാര്‍ജ് വര്‍ധനയും ഫെയര്‍സ്റ്റേജും
ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നതിനുമുമ്പ് ബസ്സുടമകള്‍ പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്യണമെന്ന് 30.09.1997 ല്‍ ഹൈക്കോടതി വിധിയുണ്ട്. ബസ് മാത്രമാണ് സ്വകാര്യ വ്യക്തികളുടേതെന്നും പെര്‍മിറ്റുകള്‍ സര്‍ക്കാറിന്‍േറതാണെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഈകാരണംകൊണ്ട് സമരം ചെയ്യുന്ന ബസ്സുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുത്ത് മറ്റാര്‍ക്കെങ്കിലും നല്കാന്‍ സര്‍ക്കാറിനു കഴിയും. മാത്രമല്ല 1981ലെ കേരള റിക്വിസിഷനിങ് ആന്‍ഡ് അക്വിസിഷനിങ് ഓഫ് പ്രോപ്പര്‍ട്ടീസ് ആക്ട് അനുസരിച്ച് പണിമുടക്കുന്ന ബസ്സുകള്‍ പിടിച്ചെടുക്കാനും സര്‍ക്കാറിന് അധികാരമുണ്ട്.
ബസ് ചാര്‍ജ് കൂട്ടുന്നത് ബസ്സുടമകള്‍ നല്കുന്ന വരവുചെലവ് കണക്ക് സംബന്ധിച്ച ത്രൈമാസ റിട്ടേണ്‍ അനുസരിച്ചായിരിക്കണമെന്നാണ് നിലവിലുള്ള നിയമം. വര്‍ഷത്തില്‍ നാലുതവണ സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട ഈ റിട്ടേണ്‍ കഴിഞ്ഞ 12 വര്‍ഷമായി കേരളത്തിലെ ബസ്സുടമകള്‍ നല്കിയിട്ടില്ല. 1997 മുതല്‍ പുറപ്പെടുവിച്ച പല വിധിന്യായങ്ങളിലും ത്രൈമാസ റിട്ടേണ്‍ പരിശോധിക്കാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നാറ്റ്പാക്ക് കഴിഞ്ഞമാസം സര്‍ക്കാറിനു സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടില്‍ ചെലവുകണക്കുകള്‍ മാത്രമേയുള്ളൂ. വരവിന്റെ കണക്കുകൂടി കാണാതെ എങ്ങനെയാണ് ബസ് ചാര്‍ജ് വര്‍ധന ആവശ്യമാണെന്നറിയുക. ആയതിനാല്‍ നാറ്റ്പാക് (ഈ നാറ്റപാക്ക്) ബസ്സുടമകളില്‍നിന്ന് ത്രൈമാസ വരവുചെലവുകളും കൂടിച്ചേര്‍ത്ത ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം.
ബസ്സുടമകളുടെ വരുമാനം കണക്കാക്കുന്നത് സീറ്റുകളുടെ എണ്ണമനുസരിച്ചാണ്. അവര്‍ നികുതി നല്കുന്നതും ഇതുവെച്ചാണ്. നിന്ന് യാത്രചെയ്യുന്നവരുടേത് അധിക വരുമാനമാണ്. വിദ്യാര്‍ഥികള്‍ പോകുന്ന സമയങ്ങളില്‍ ബസ് കുത്തിനിറച്ചാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. വിദ്യാര്‍ഥികളാണെന്ന ഒരുകാരണം കൊണ്ടുതന്നെ പോലീസ് ഇവരെ ഒരിക്കലും ഓവര്‍ലോഡ് ചാര്‍ജ് ചെയ്യാറില്ല. ഒരു സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള നിയമലംഘനത്തിനു നേരെ പോലീസ് കണ്ണടയ്ക്കുന്നു. ചുരുക്കത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് ബസ്സുടമകള്‍ക്ക് കിട്ടുന്നത് കണക്കില്‍ കവിഞ്ഞുള്ള വരുമാനമാണ്.
മിനിമംനിരക്കിന് മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ അത് പാലിക്കാന്‍ സമയം വേണമെന്നും ഒറ്റത്തവണത്തേക്ക് ഇളവ് അനുവദിക്കണമെന്നും അന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പിന്നീട് 12 വര്‍ഷത്തിനിടെ അഞ്ചുപ്രാവശ്യം നിരക്ക് ഉയര്‍ത്തി. ഒരു പ്രാവശ്യംപോലും നടപടിക്രമം പാലിച്ചില്ല. ഇനി ഒരുവര്‍ധന വരുത്തുന്നതിനുമുമ്പ് മിനിമം ചാര്‍ജ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമതി എന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
പക്ഷേ, എത്രതവണ നിരക്ക് വര്‍ധിപ്പിച്ചാലും ഇരട്ടിയാക്കിയാല്‍പ്പോലും കെ.എസ്.ആര്‍.ടി.സി. രക്ഷപ്പെടില്ല.
ചട്ടങ്ങളനുസരിച്ചും രബീന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ചും നിരക്കും മിനിമം നിരക്കും മറ്റും നിശ്ചയിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കിന് അഞ്ച് കിലോമീറ്ററെങ്കിലും യാത്രചെയ്യാന്‍ അനുവദിക്കണം. അതനുസരിച്ച് ഫെയര്‍സ്റ്റേജ് പുതുക്കണം.
ബസ് വ്യവസായത്തില്‍ പ്രതിസന്ധി ഉണ്ടെങ്കില്‍ ചാര്‍ജ് വര്‍ധനയല്ല വേണ്ടത്. നികുതിയില്‍ ഇളവുനല്കിയാല്‍ ബസ് നടത്തിപ്പുകാര്‍ക്ക് സന്തോഷമായേക്കും.
-എസ്.പത്മനാഭ മല്ലയ്യ,പശ്ചിമ കൊച്ചി ബസ് പാസഞ്ചേഴ്‌സ് അസോ. സെക്രട്ടറി, സൗത്ത് ചെറളായി