ന്യൂഡല്‍ഹി: ബാറ്ററിയിലാണ് ഓടുന്നതെങ്കിലും മണിക്കൂറില്‍ 65 കി.മീയാണ് ഈ ബസ്സിന്റെ വേഗം. ഒരേസമയം നൂറുപേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. പ്രവര്‍ത്തനച്ചെലവ് കി. മീറ്ററിന് രണ്ടുരൂപമാത്രം. അന്യരാജ്യത്തൊന്നുമല്ല ഈ ബസ് ഓടുന്നത്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍. ഒന്നല്ല, ഇത്തരം നാലുബസ്സുകള്‍ ഇവിടെ ഓടുന്നു.
ഡല്‍ഹി ഐ.ഐ.ടി.യിലെ ഇന്‍സ്ട്രുമെന്റ് ഡിസൈന്‍ ഡെവലഡ്‌മെന്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ് ഈ ഹൈബ്രിഡ് ഇലക്ട്രിക് ബസ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇതിലാണ് ഐ.ഐ.ടി.വിദ്യാര്‍ഥികളുടെ യാത്ര.
ആറു വോള്‍ട്ടുള്ള നാല്‍പതു ബാറ്ററികള്‍ വീതം മൊത്തം 240 വോള്‍ട്ടിലാണ് ബസ്സിന്റെ പ്രവര്‍ത്തനം. ഡ്രൈവറുടെ സീറ്റിനരികിലാണ് എന്‍ജിന്റെ സ്ഥാനം. ബസ്സിന്റെ വശത്തായി ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ചക്രങ്ങളിലേക്ക് ഊര്‍ജം സന്നിവേശിപ്പിക്കാനായി പ്രത്യേക ഇലക്ര്ടിക് മോട്ടോറും ഘടിപ്പിച്ചു. ചാര്‍ജു ചെയ്ത ബാറ്ററിയാണെങ്കിലും നിരന്തരമായ പ്രവര്‍ത്തനത്തിനായി പ്രത്യേകമായി ജനറേറ്ററും സ്ഥാപിച്ചു. ഒരു ട്രിപ്പില്‍ 160 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ബസ്സിന് പ്രയാസവുമില്ല. ഇടയ്ക്കുവെച്ച് ബാറ്ററി തീര്‍ന്നാല്‍ തന്നെയും ജനറേറ്ററുള്ളതിനാല്‍ ബസ്സിന്റെ യാത്ര തടസ്സപ്പെടില്ല.
ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ് കുറച്ചെങ്കിലും ഡീസല്‍ ഉപയോഗിക്കുന്നത്. ബാറ്ററിയും മോട്ടോറും ജനറേറ്ററും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം സാധാരണതരത്തിലുള്ള ബസ്സു തന്നെ. ഐ.ഐ.ടി. മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഇപ്പോള്‍ പ്രൊഫസര്‍ എമെരിറ്റസുമായ ആരോഗ്യസ്വാമിയാണ് ഹൈബ്രിഡ് ബസ്സിന്റെ ശില്‍പ്പി. 1996 ലാണ് ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗവേഷണം തുടങ്ങിയത്. പെട്രോളിയം വകുപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണത്തിന്റെ തുടക്കം. ഇന്നത്തെ രീതിയിലുള്ള ഹൈബ്രിഡ് ബസ്സിന്റെ രൂപഘടന തയ്യാറാക്കാന്‍ ടാറ്റയും സഹായിച്ചു. കാമ്പസില്‍ മാത്രമല്ല, ഇപ്പോള്‍ തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറിലേക്ക് നാലു ബസ്സുകള്‍ പൊതുജനങ്ങള്‍ക്കായും സര്‍വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യസ്വാമി 'മാതൃഭൂമി' യോടു പറഞ്ഞു.
ഹൈബ്രിഡ് ബസ്സുകള്‍ പൊതുജന സര്‍വീസിനായി ഉപയോഗിച്ചാല്‍ 40 ശതമാനം ഇന്ധനം ലാഭിക്കാനാവും. പുക പുറത്തു വിടാത്തതിനാല്‍ അന്തരീക്ഷ മാലിന്യവും കുറയ്ക്കാനാവും. ആവശ്യമെങ്കില്‍ സൗരോര്‍ജവും ബാറ്ററികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കാം. ജൈവ ഇന്ധനം ഉപയോഗപ്പെടുത്തി ഗ്രാമീണ മേഖലകളിലും ഇത്തരം ബസ്സുകള്‍ രംഗത്തിറക്കാം. അമ്പതു ലക്ഷം രൂപ മാത്രമാണ് ഇത്തരം ബസ്സുകള്‍ക്കുള്ള നിര്‍മാണച്ചെലവ്. കേന്ദ്രസര്‍ക്കാറിനും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഈ ബസ്സുകളെക്കുറിച്ച് വിവരിച്ച് കത്തെഴുതിയെങ്കിലും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ ഇത്തരമൊരു ബസ് പരിപൂര്‍ണമായി വികസിപ്പിച്ചെടുത്തത് ഇന്ത്യയാണെന്ന് അവകാശപ്പെടാം. ഐ.ഐ.ടി. ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ പ്രൊഫ. എസ്.കെ. സൂത്, മലയാളിയും ഐ.ഐ.ടി. മുന്‍വിദ്യാര്‍ഥിയുമായ പനമ്പിള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും ഈ പദ്ധതിയില്‍ ആരോഗ്യസ്വാമിയെ സഹായിച്ചിരുന്നു.