ടാറ്റയുടെ പത്രപ്പരസ്യം: സര്‍ക്കാരിന്റെ മൗനത്തില്‍ ദുരൂഹത
Posted on: 11 Mar 2010
കൊച്ചി:മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് സ്വന്തം വാദങ്ങള്‍ അവതരിപ്പിച്ച് ടാറ്റ നല്‍കിയ പത്രപ്പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നതിന് വ്യക്തമായതെളിവുകള്‍ കൈയിലുണ്ടായിരിക്കെ സര്‍ക്കാര്‍ മൗനംതുടരുന്നത് ദുരൂഹതയുണര്‍ത്തുന്നു.ടാറ്റയുടെ വാദങ്ങളെ ഖണ്ഡിക്കാനോ അവര്‍ക്കെതിരായ തെളിവുകള്‍ പ്രസിദ്ധപ്പെടുത്താനോ റവന്യൂവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.മൂന്നാര്‍ വിഷയത്തില്‍ കര്‍ശന നിലപാടെടുക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ മൃദു സമീപനത്തിലാണ്.
അമൂന്നാര്‍:ടാറ്റ ടീക്ക് പറയാനുള്ളത് അ എന്ന തലക്കെട്ടില്‍ കഴിഞ്ഞമാസം 25നാണ് ടാറ്റ കേരളത്തിലെ പ്രമുഖപത്രങ്ങളിലെല്ലാം മുഴുപ്പേജ് പരസ്യം നല്‍കിയത്. ടാറ്റ കമ്പനി സ്വയംതയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പരസ്യത്തിലുണ്ടായിരുന്നത്.കണ്ണന്‍ദേവന്‍ഹില്‍സിലെ കൈയേറ്റത്തെക്കുറിച്ചുള്ള സര്‍വേ വിജിലന്‍സ് ഓഫീസര്‍ ബിജു പ്രഭാകറുടെ അന്വേഷണത്തിനിടെയാണ് ഇത് പ്രസിദ്ധീകരിച്ചത്.തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ അനുബന്ധമായി സര്‍വേ വിജിലന്‍സ് ഓഫീസര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.ടാറ്റയും സര്‍വേ വകുപ്പിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ വിശദാംശങ്ങളും ഇതിലുണ്ടായിരുന്നു.പക്ഷേ ഇതിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു പകരം റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കാനാണ് റവന്യൂവകുപ്പ് ശ്രമിച്ചത്.റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ ചിലര്‍ ഇതിലെ കണ്ടെത്തലുകളെ വളച്ചൊടിക്കാനും നീക്കം നടത്തി.
പരസ്യത്തില്‍ ടാറ്റ പറഞ്ഞ ഒമ്പതുചോദ്യോത്തരങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ടാറ്റയ്‌ക്കെതിരായ നിയമയുദ്ധത്തില്‍ സര്‍ക്കാരിന് തുണയാകുന്ന കണ്ടെത്തലുകളാണിവ.പക്ഷേ അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാതെ റിപ്പോര്‍ട്ടിനെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ശ്രമം.
കമ്പനിയുടെ കെട്ടിടങ്ങള്‍ ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്ന ഒരു ചോദ്യം പരസ്യത്തിലുണ്ട്.ഇതിന് ടാറ്റ നല്‍കിയ മറുപടി ഇതാണ്.അഉവ്വ്.കമ്പനി കെട്ടിടങ്ങള്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ല.അ.പക്ഷേ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍ ആക്ട് എന്നൊരു ആക്ട് ഇല്ല.നിലവിലുള്ള ആക്ടിന്റെ പേര് ദി കണ്ണന്‍ദേവന്‍ ഹില്‍സ് (റിഡംപ്ഷന്‍ ഓഫ് ലാന്‍ഡ്‌സ്) ആക്ട് 1971 എന്നാണ്.ഇല്ലാത്ത ആക്ടിന്റെ പേരു പറഞ്ഞ് പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ടാറ്റ പരസ്യത്തില്‍ ശ്രമിച്ചത്.
പരസ്യത്തില്‍ പറഞ്ഞ ചില വസ്തുതകള്‍ പരിശോധിച്ചാല്‍ ടാറ്റയ്ക്ക് ഇത്രയധികം സ്ഥലവും കെട്ടിടവും ആവശ്യമില്ല എന്ന് വ്യക്തമാകും.ഇത് പരസ്യത്തില്‍ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്.ഇതുള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് കണ്ണന്‍ദേവന്‍ ഹില്‍സ് ആക്ട് ഭേദഗതി ചെയ്യണമെന്ന് സര്‍വേ വിജിലന്‍സ് ഓഫീസര്‍ ശുപാര്‍ശചെയ്യുന്നു.ലക്ഷ്മീ പ്ലാന്‍േറഷനില്‍ തടയണ നിര്‍മ്മിക്കാനായി ടാറ്റ അനധികൃമായി പാറപൊട്ടിക്കല്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.ലക്ഷക്കണക്കിന് രൂപ വരുന്ന പാറയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള റോയല്‍ട്ടി നല്‍കിയിട്ടില്ല.എക്‌സ്‌പ്ലോസീവ് ലൈസന്‍സ് എടുക്കാതെയാണ് വന്‍ പാറക്കൂട്ടം നിശ്ശേഷം ഇല്ലാതാക്കിയത്.
മലയാള പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും ടാറ്റ നല്‍കിയ പരസ്യങ്ങളിലെ കണക്കുകള്‍ തമ്മിലും വൈരുദ്ധ്യമുണ്ട്.മലയാള പത്രങ്ങളിലെ പരസ്യത്തില്‍ 'യൂക്കാലി മരങ്ങള്‍ക്ക് പകരം ഫര്‍ണസ് ഓയില്‍ ഉപയോഗിച്ചാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 36 ദശലക്ഷം ലിറ്റര്‍ ഓയില്‍ വേണ്ടിവരുമായിരുന്നു..' എന്നത് ഇംഗ്ലീഷ് പത്രത്തില്‍ 26 ദശലക്ഷം ലിറ്ററായി കുറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam