
ആലത്തൂര്‍: ചിതലി വെള്ളായി കൊളമ്പിലെ കൊച്ചുവീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ സ്മിജയും റിജയും ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃതജില്ല പാലക്കാടാണെന്ന് പറഞ്ഞ് പഠിക്കയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണവര്‍. സാമൂഹ്യശാസ്ത്രം ചോദ്യപ്പേപ്പറില്‍ സമ്പൂര്‍ണ വൈദ്യുതീകൃതജില്ല ഏതെന്ന ചോദ്യം പ്രതീക്ഷിക്കാം. പാലക്കാട്ടെ കുട്ടികള്‍ക്ക് ഈ ചോദ്യത്തിന് ഫുള്‍മാര്‍ക്കായിരിക്കും. പക്ഷേ ഇരട്ട സഹോദരിമാരായ സ്മിജയ്ക്കും റിജയ്ക്കും മാര്‍ക്ക് കിട്ടണമെങ്കില്‍ കള്ളംപറയണം.
സമ്പൂര്‍ണ വൈദ്യുതീകൃതജില്ലയില്‍ അതും വൈദ്യുതിമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ചിതലിയില്‍ നിന്നുള്ളവരാണ് ഈ ഇരട്ടകള്‍. സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടത്തിന്റെ ആരവത്തില്‍ നാടമരുമ്പോള്‍ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ കരിയും പുകയും ശ്വസിച്ചാണിവര്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.
എരുമയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മലയപ്പൊതി മലയ്ക്കുസമീപം ചിതലി വെള്ളായി കൊളുമ്പില്‍ മുത്തശ്ശി കമലത്തിനൊപ്പമാണ് സ്മിജയും റിജയും താമസിക്കുന്നത്. ആലത്തൂര്‍ എ.എസ്.എം.എം.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. കമലത്തിന്റെ മകള്‍ ശശികലയുടെ മക്കളാണിവര്‍. മാതാപിതാക്കള്‍ തിരുപ്പൂരിലായതിനാല്‍ അമ്മവീട്ടില്‍ നിന്നാണ് വളര്‍ന്നത്. കമലത്തിന്റെ മറ്റൊരു മകള്‍ സുഭാഷിയുടെ മകള്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന ശോഭികയും ഇവരോടൊപ്പമാണ്.
അറുപത്തഞ്ചുകാരിയായ കമലത്തിന് എട്ട് പെണ്ണും ഒരാണുമായി ഒമ്പത് മക്കളാണ്. ഭര്‍ത്താവ് അപ്പുക്കുട്ടന്‍ 17 വര്‍ഷംമുമ്പ് മരിച്ചു. 22 വര്‍ഷത്തിലേറെയായി വെള്ളായികൊളമ്പിലാണ് താമസം. വീട്ടില്‍ വൈദ്യുതി യെത്താന്‍ പത്തോളം പോസ്റ്റുകള്‍ വേണമെന്നതിനാല്‍ അതിനുള്ള പണം കണ്ടെത്താന്‍ കഴിവില്ലാത്തതിനാല്‍ ആദ്യമൊന്നും വൈദ്യുതിക്ക് അപേക്ഷിച്ചിരുന്നില്ല.
കുഴല്‍മന്ദം നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പരിപാടിയുടെ ഭാഗമായി പോസ്റ്റിന് പണംമുടക്കാതെ കണക്ഷന്‍ കിട്ടുമെന്ന് കെ.എസ്.ഇ.ബി.ക്കാര്‍ വന്ന് പറഞ്ഞപ്പോള്‍ കമലം വീടിന്റെ വയറിങ് നടത്തി. 10 പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈനും വലിച്ചു. ഇനി ഒരു സര്‍വീസ്‌വയര്‍ വലിച്ച് ലൈന്‍ ചാര്‍ജ്‌ചെയ്താല്‍ മതി. നാട്ടില്‍ വൈദ്യുതിവിപ്ലവം നടക്കുമ്പോള്‍ തന്റെവീട്ടില്‍ വൈദ്യുതവിളക്കുകളുടെ പൊന്‍പ്രഭ തെളിയുന്നത് കമലവും സ്വപ്നം കണ്ടു. എന്നാല്‍ സമീപത്തെ വ്യവസായസ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ കമലത്തിന് കണക്ഷന്‍ നല്‍കാന്‍ തങ്ങളുടെ സ്ഥലത്തുനിന്ന് ലൈന്‍ വലിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി.യില്‍ പരാതിനല്‍കിയതോടെ കമലത്തിന്റെ സ്വപ്നം പൊലിഞ്ഞു.
എട്ടുവര്‍ഷം മുമ്പ് കമലംവിറ്റ ഭൂമിയിലാണ് വ്യവസായ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കമലം വൈദ്യുതിമന്ത്രിക്കും മറ്റും പരാതിനല്‍കി കാത്തിരിപ്പാണ്. ഒടുവില്‍ കമലത്തിന്റെ പരാതി എ.ഡി.എമ്മിനുമുന്നിലെത്തി. കഴിഞ്ഞയാഴ്ച എ.ഡി.എം. സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കി.
കമലത്തിന് അനുകൂലമായ തീരുമാനം എ.ഡി.എമ്മില്‍ നിന്നുണ്ടായാല്‍ ഉടന്‍ കണക്ഷന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി. ആലത്തൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രാജന്‍ പറഞ്ഞു. എ.ഡി.എമ്മിന്റെ തീരുമാനത്തിലാണ് കമലത്തിന്റെ അവസാന പ്രതീക്ഷ. എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്നതിന് ഒരുദിവസം മുമ്പെങ്കിലും വീട്ടില്‍ വൈദ്യുതവെളിച്ചത്തിലിരുന്ന് ഗൃഹപാഠം ചെയ്യണമെന്നാണ് സ്മിജയുടെയും റിജയുടെയും ആഗ്രഹം.