ഗൂഢാലോചനയില്‍ മുഖ്യപങ്ക് സൂഫിയ മഅദനിക്ക് -എന്‍.ഐ.എ.

Posted on: 11 Mar 2010



കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് സൂഫിയ മഅദനിക്ക് തന്നെയാണെന്ന് എന്‍.ഐ.എ. (ദേശീയ അന്വേഷണ ഏജന്‍സി) സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചു.

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് തനിക്ക് തിരുവനന്തപുരത്തും കൊല്ലത്തും പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സൂഫിയ സി.ബി.ഐ. പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സൂഫിയയ്ക്ക് ഒരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് എന്‍.ഐ.എ. കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സൂഫിയയുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍ വാദം നടക്കും.

തൃക്കാക്കര പോലീസ് അന്വേഷിച്ചിരുന്ന ബസ് കത്തിക്കല്‍ കേസാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം എന്‍.ഐ.എ. ഏറ്റെടുത്തിട്ടുള്ളത്. തടിയന്റവിട നസീറാണ് ഒന്നാം പ്രതി. സൂഫിയ പത്താം പ്രതിയാണ്. ബസ് കത്തിക്കാന്‍ പ്രതികള്‍ക്ക് പ്രേരണ നല്‍കിയിട്ടുള്ള സൂഫിയ ഗൂഢാലോചനയിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ പോലീസ് അറിയിച്ചിരുന്നു. പോലീസിന്റെ അനുമാനങ്ങള്‍ ശരിവച്ചുകൊണ്ടാണ് എന്‍.ഐ.എ.യുടെ അന്വേഷണവും മുന്നോട്ടു നീങ്ങുന്നത്.

എറണാകുളം വിട്ട് പോകാന്‍ കോടതിയുടെ അനുമതി വേണമെന്നാണ് ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി വ്യവസ്ഥ ചെയ്തത്. കൊല്ലത്തുള്ള തന്റെ അമ്മയെയും തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന മഅദനിയെയും കാണാന്‍ തനിക്ക് യാത്രചെയ്യണം. അതിനാലാണ് വ്യവസ്ഥയില്‍ ഇളവ് വേണ്ടത്.
സൂഫിയയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം നല്‍കിയാല്‍ അവര്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും എന്‍.ഐ.എ. ഉന്നയിച്ചു. മാത്രമല്ല കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് എന്‍.ഐ.എ. ആരോപിച്ചു. അതിനാല്‍ സൂഫിയയുടെ ഹര്‍ജി തള്ളണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടു. കേസില്‍ പതിനാല് പ്രതികളുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/