കേരളം ചുട്ടുപൊള്ളുന്നു

Posted on: 11 Mar 2010



തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനം വരള്‍ച്ചാഭീതിയിലേക്ക് നീങ്ങുന്നു. പ്രധാന നഗരങ്ങളിലെല്ലാം റെക്കോഡ് ചൂടാണ് കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്താര്‍ദ്ധഗോളത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭിച്ചിട്ടേയുള്ളൂവെന്നും വരുംദിവസങ്ങളില്‍ ചൂട് കനക്കുമെന്നുമാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്. പാലക്കാട്ട് വേനല്‍ കനക്കുംമുമ്പ് ഇത്തവണ സൂര്യാഘാതവുമുണ്ടായി. ഉത്തരായണകാലത്തെ സഞ്ചാരത്തിനിടയില്‍ മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ സൂര്യനെത്തും. ഇക്കാലയളവിനുള്ളില്‍ ഉയര്‍ന്നതോതില്‍ ലഭിക്കുന്ന വേനല്‍മഴ ചൂട് ശമിപ്പിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രതീക്ഷ.

നീണ്ട കാലയളവിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ രേഖപ്പെടുത്തിയത്. താപനിലയില്‍ ശരാശരി രണ്ടുഡിഗ്രി സെല്‍ഷ്യസിലേറെ വര്‍ധനയാണ് എല്ലായിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. വരണ്ട കാലാവസ്ഥയുടെ തുടക്കം മാത്രമാണിതെന്നും ഏപ്രില്‍, മെയ് മാസമാകുമ്പോഴേയ്ക്കും വരള്‍ച്ച മൂര്‍ധന്യത്തിലെത്തുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പങ്കുവെയ്ക്കുന്ന ആശങ്ക.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്തചൂടാണ് അനുഭവപ്പെട്ടത്. മാര്‍ച്ച് 7ന് തലസ്ഥാനത്ത് 36.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. കഴിഞ്ഞ വര്‍ഷങ്ങളിലനുഭവപ്പെട്ട താപനിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ 34 ഡിഗ്രി വരെയായിരുന്നു ഏറ്റവും കൂടുതല്‍ ചൂട്. ആലപ്പുഴ ജില്ലയില്‍ 33 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയത്ത് ബുധനാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമയം 35 ഡിഗ്രിവരെയായിരുന്നു ഇവിടെ ചൂട്. തമിഴ്‌നാട്ടിന്റെ വരണ്ടകാലാവസ്ഥയുടെ സ്വാധീനമുള്ളതിനാല്‍ സ്വതേ താപനില ഉയര്‍ന്നിരിക്കുന്ന പുനലൂരില്‍ ശരാശരി 39.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെയനുഭവപ്പെട്ടത് 36 ഡിഗ്രി താപനിലയാണ്. തമിഴ്‌നാട്ടില്‍ നിന്ന് തെന്മല മലനിരകള്‍ക്കിടയിലൂടെ എത്തുന്ന വരണ്ടകാറ്റാണ് പുനലൂരിലെ താപനില ഉയര്‍ത്തുന്നത്.

കൊച്ചിയില്‍ ബുധനാഴ്ച 36.6 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടു. 34 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്. കടലിന്റെ താപനില ഉയര്‍ന്നിട്ടുണ്ടെന്നും തീരദേശങ്ങളില്‍ ഇക്കുറി ചൂട് കൂടാന്‍ കാരണം ഇതാണെന്നുമാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ കഴിഞ്ഞ ദിവസം ചൂട് 38.9 ഡിഗ്രിയാണ്. 35.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ സാധാരണയായി രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോട്ട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 35.8 ഡിഗ്രി സെല്‍ഷ്യസാണ്. 33 ഡിഗ്രിയായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ഇവിടെ സാധാരണ താപനില. കണ്ണൂരിലും 35.8 ഡിഗ്രിയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 34 ആയിരുന്നു ഇവിടത്തെ സാധാരണ താപനില. ലക്ഷദ്വീപിലും ഇക്കുറി കനത്ത ചൂടാണ് . കടലിന്റെ സാമീപ്യമുണ്ടായിട്ടുകൂടി ഇവിടെ ശരാശരി 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അനുഭവപ്പെടുന്നത്. പാലക്കാട് ഇക്കുറി റെക്കോഡ്ചൂട് അനുഭവപ്പെടുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. പശ്ചിമഘട്ടനിരകളിലെ വിടവ് തമിഴ്‌നാട്ടിലെ വരണ്ടകാറ്റിനെ ഇവിടെയെത്തിക്കുന്നത് കാരണം അത്യുഷ്ണമാണനുഭവപ്പെടുന്നത്.

അത്യുഷ്ണത്തിന്റെ പിടിയിലായ പാലക്കാട് ജില്ലയില്‍ ലക്കിടിയില്‍ സൂര്യാഘാതത്തില്‍ ഒരു പശു ചത്തു. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റിരുന്നു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/