വനിതാബില്‍ ലോക്‌സഭയില്‍ രണ്ടാംഘട്ട സമ്മേളനത്തില്‍ മാത്രം

Posted on: 11 Mar 2010


എം.കെ. അജിത്കുമാര്‍



ന്യൂഡല്‍ഹി: പാര്‍ട്ടികളിലും ഇരുമുന്നണികളിലും വനിതാസംവരണ ബില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതു വൈകും. ഏപ്രില്‍ 12-നു തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനത്തിന്റെ അവസാനം ബില്‍ അവതരിപ്പിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. പൊതുബജറ്റിന്റെ നികുതിനിര്‍ദേശങ്ങളടങ്ങിയ ധനബില്ല് പാസ്സാക്കുന്നതിനു മുന്‍ഗണന നല്‍കാനും ഇടഞ്ഞുനില്‍ക്കുന്ന യാദവനേതാക്കളെ അനുനയിപ്പിക്കാനുമാണ് ഈ കാലതാമസം.

രാജ്യസഭയില്‍ ബില്ല് അംഗീകരിച്ചതിന്റെ ആവേശം തണുക്കുന്നതിനുമുമ്പ് ലോക്‌സഭയിലും അത് പാസാക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സിലും യു.പി.എ.യിലും പ്രബലമായിരുന്നു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ ഉന്നതതല യോഗത്തില്‍ അതു വേണ്ടെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.

വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശകസമിതിയായിരിക്കും വിഷയത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുക. ബില്ല് പാസ്സാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് യു.പി.എ.യുടെ രാഷ്ട്രീയതീരുമാനം. ഒന്നാംഘട്ടസമ്മേളനത്തിന്റെ അവസാനദിവസങ്ങളായ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന.

യു.പി.എ.നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പ്രീണിപ്പിക്കാനുള്ള നടപടികളൊന്നും കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ധനബില്ല് പാസ്സാക്കേണ്ടത് റെയില്‍വേ മന്ത്രിയെന്ന നിലയില്‍ മമതയുടെയും ആവശ്യമായതിനാല്‍ പ്രതിപക്ഷം അതിനെതിരെ ഖണ്ഡനോപക്ഷേപം കൊണ്ടുവന്നാലും തൃണമൂല്‍ അവരോടൊപ്പം ചേരില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ വിശ്വാസം. പ്രതിപക്ഷനിരയില്‍ ഉണ്ടായ ഭിന്നിപ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ധനബില്ല് പരാജയപ്പെട്ടാല്‍ അത് സര്‍ക്കാര്‍ പരാജയപ്പെടുന്നതിന് തുല്യമാണ്. പിന്നെ ബദല്‍ ഗവണ്‍മെന്റാണ് പോംവഴി. ബദല്‍ സര്‍ക്കാറിന് ഇപ്പോഴാരും തയ്യാറല്ലെന്നതാണ് യു.പി.എ.യുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. സര്‍ക്കാറിനെതിരെ അവിശ്വാസപ്രയേമം കൊണ്ടുവരാന്‍ ബുധനാഴ്ച രാവിലെ സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡി.യും വിഫലശ്രമ നടത്തിയിരുന്നു. ബി.ജെ.പി., ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കാഞ്ഞതിനാല്‍ ആ നീക്കം ഉപേക്ഷിക്കപ്പെട്ടു.

ലോക്‌സഭയില്‍ വനിതാബില്ലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന 30 ഓളം എം.പി.മാരാണുള്ളത്. എസ്.പി., ആര്‍.ജെ.ഡി., ജനതാദള്‍-യു പാര്‍ട്ടിക്കാരാണവര്‍. ജനതാദളിനകത്ത് അഭിപ്രായവ്യത്യാസമുള്ളതിനാല്‍ ഒരുവിഭാഗം മാത്രമേ നടപടികള്‍ തടസ്സപ്പെടുത്തുകയുള്ളൂ. ബില്ലിനെ എതിര്‍ക്കുന്നവര്‍ നടുത്തളത്തിലിറങ്ങി രാജ്യസഭയില്‍ കാഴ്ചവെച്ചതുപോലുള്ള രംഗങ്ങളുണ്ടാക്കിയാല്‍ അവരെ എങ്ങനെ നേരിടണമെന്നകാര്യം സര്‍ക്കാറിന്റെ ഗൗരവമായ ആലോചനയിലാണ്. രാജ്യസഭയില്‍ ഏഴംഗങ്ങളെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടിവന്നത്. ലോക്‌സഭയില്‍ മുതിര്‍ന്ന നേതാക്കളുള്ളതും എതിര്‍ക്കുന്നവരുടെ അംഗബലം കൂടുതലാണെന്നതും കണക്കിലെടുത്ത് മാര്‍ഷലുകളുടെ ഇടപെടല്‍ പരമാവധി ഒഴിവാക്കണമെന്നാണ് തീരുമാനം.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/