സ്വപ്നങ്ങളുടെ 'സ്ലാംഡങ്കു'മായ് ഗീതു

Posted on: 11 Mar 2010



കൊച്ചി:''വരുമൊരു നാള്‍....'' - ഗീതു അന്ന ജോസ് പറയുന്നത് ആത്മവിശ്വാസത്തോടെയാണ്. അമേരിക്കയില്‍ വുമണ്‍സ് എന്‍ബിഎ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവുന്ന ദിവസം. അതിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സീനിയര്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ ഈ മലയാളി ക്യാപ്റ്റന്‍. വിയറ്റ്‌നാമില്‍ ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസിലെ ബാസ്‌ക്കറ്റ് വെള്ളിമെഡല്‍ നേടിയ ടീം ഇനി ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ എവിടെയെത്തുമെന്ന ആകാംഷയിലാണ് ക്യാപ്റ്റന്‍. നന്നായി പൊരുതിയാല്‍ നമുക്കൊരു മെഡല്‍ വിദൂരമല്ലെന്നു ഗീതു പറയുന്നു.

കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേരളത്തിലെ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകര്‍ക്കായി ഇന്ത്യന്‍ ടീം കോച്ച് അലക്‌സാണ്ടര്‍ ബുക്കാന്‍ നടത്തുന്ന ക്ലിനിക്കില്‍ സ്വന്തം അന്താരാഷ്ട്ര മത്സരാനുഭവങ്ങള്‍ പങ്കുവെക്കാനെത്തിയതായിരുന്നു ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വനിത കൂടിയായ ഗീതു . ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയുടെ ഭാരം ആദ്യനാളുകളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും വിഷയമല്ലെന്ന് തിരുവല്ലക്കാരി താരം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ അന്‍പതോളം കോച്ചുമാരാണ് ഒരേ സമയം ഗീതുവിനോടു സംസാരിച്ചത്.തൃപ്തി നല്‍കിയത് ഓസ്‌ട്രേലിയന്‍ പ്രൊഫഷണല്‍ ലീഗായിരുന്നെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നതു ശരിയല്ലല്ലോ..? മാത്രവുമല്ല കളിച്ചു ജയിക്കാതെ സര്‍ക്കാര്‍ സമ്മാനം തരണമെന്നു വാശി പിടിക്കുന്നതില്‍ എന്തര്‍ഥം..?ദക്ഷിണ റെയില്‍വേ ചെന്നൈ ഓഫീസില്‍ ചീഫ് ടിക്കറ്റ് എക്‌സാമിനര്‍ തസ്തികയില്‍ ജോലി നോക്കുന്ന താരം പറയുന്നു.

ഗീതുവിനെപ്പോലെ മികച്ച താരം ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീമില്‍ ഇല്ലാതെ പോയതില്‍ താന്‍ നിര്‍ഭാഗ്യവാനാണെന്നായിരുന്നു വേദിയില്‍ ഗീതുവിനൊപ്പമുണ്ടായിരുന്ന ദേശീയ കോച്ച് അലക്‌സാണ്ടര്‍ ബുക്കാന്റെ പ്രതികരണം.

ഗീതുവിന് കൊച്ചി ആര്‍.എസ്.സി. യുടെ വിശിഷ്ടാംഗത്വം

കൊച്ചി: ഗീതു അന്ന ജോസിന് കൊച്ചിയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നു. ആര്‍.എസ്.സി.യില്‍ വ്യാഴാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റു കൂടിയായ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം ഗീതു അന്നയ്ക്ക് അംഗത്വപത്രം കൈമാറും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/