ഇന്ത്യന്‍ കാര്‍ഷികമേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വെയ്ക്കരുത് - മുഖ്യമന്ത്രി
Posted on: 11 Mar 2010
തിരുവനന്തപുരം: ഇന്ത്യന്‍ കാര്‍ഷികമേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവെയ്ക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കര്‍ഷകരെ അമേരിക്കന്‍ അഗ്രോ ബിസിനസ് മേഖലയുമായി ബന്ധപ്പെടുത്താനുള്ള കരാറിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് കേരളം പ്രതിഷേധമറിയിച്ചത്. ഇതുസംബന്ധിച്ച ധാരണാപത്രം വൈകാതെ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ പരമ്പരാഗത കൃഷിരീതികളും വിത്തിനങ്ങളും ഇല്ലായ്മ ചെയ്യാനും കര്‍ഷകരെ തൊഴില്‍രഹിതരാക്കി മാറ്റാനും ഈ തീരുമാനം വഴിതെളിക്കും.
സംസ്ഥാന ഗവണ്മെന്റുകളുമായി വേണ്ടത്ര ചര്‍ച്ച നടത്താതെ സുപ്രധാനമായ ഇത്തരമൊരു വിഷയത്തില്‍ കേന്ദ്രം തീരുമാനമെടുത്തതിലുള്ള ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ഭക്ഷ്യസുരക്ഷ, ജനിതക വിത്തിനങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയ കാര്യങ്ങളില്‍ പിന്തുടരുന്ന സുതാര്യമല്ലാത്ത നിലപാടാണ് ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam