സ്മാര്‍ട്ട് സിറ്റി: ഡയറക്ടര്‍ ബോര്‍ഡ് 29ന് ചേരാന്‍ നീക്കം

Posted on: 11 Mar 2010



കൊച്ചി: ടീകോമിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഇരുപതാമത് ഡയക്ടര്‍ ബോര്‍ഡ് യോഗം കൊച്ചിയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ദുബായ് സംഘം. അതോടൊപ്പം മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്തില്‍ നടത്തുമെന്നും ടീകോം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയിലെ പദ്ധതിയില്‍ അലംഭാവം കാണിക്കുന്നതിനെക്കുറിച്ച് ടീകോമിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വരുമ്പോള്‍ സ്മാര്‍ട്ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ മാള്‍ട്ടയിലാണ്. അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് പദ്ധതിയുടെ നിര്‍മാണ പുരോഗതി ഫരീദ് അബ്ദുള്‍ റഹ്മാന്‍ മാള്‍ട്ടയിലെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വികസനകാര്യ വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി ഡോ. ഓസ്റ്റിന്‍ ഗാട്ട് കഴിഞ്ഞ ദിവസം സ്മാര്‍ട്ട് സിറ്റി പ്രദേശം സന്ദര്‍ശിച്ചിരുന്നു. ആഗോളതലത്തില്‍ പ്രശസ്തരായ ഒട്ടേറെ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ മാള്‍ട്ട സ്മാര്‍ട്ട് സിറ്റിയില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.

മാള്‍ട്ട സ്മാര്‍ട്ട് സിറ്റിയോടൊപ്പം തന്നെ വിഭാവനം ചെയ്തതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. പക്ഷേ, കൊച്ചി പദ്ധതി ഇന്നും അനിശ്ചിതത്വത്തില്‍ നില്‍ക്കുകയാണ്. അതേസമയം, ചട്ടമനുസരിച്ച് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ 20-ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ചില്‍ നടക്കേണ്ടതാണെന്ന് ടീകോം പ്രതിനിധികള്‍ അറിയിച്ചു. അതിനാല്‍, ഈ മാസം 29ന് യോഗം ചേരാന്‍ നീക്കം നടത്തുന്നുണ്ട്. കൊച്ചിയിലെ റമദാ ഹോട്ടലാണ് വേദിയായി പരിഗണിക്കുന്നത്.

പദ്ധതി സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കത്തോ ഇ-മെയിലോ ലഭിച്ചിട്ടില്ലെന്നും ടീകോം പ്രതിനിധികള്‍ പറഞ്ഞു. കത്ത് കിട്ടിയതിനുശേഷം ഉചിതമായ രീതിയില്‍ തന്നെ വിശദീകരണം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/