പ്രതിദിന ബാംഗ്ലൂര്‍ ട്രെയിനിന് കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തണം

Posted on: 11 Mar 2010



കോഴിക്കോട്: മലബാര്‍ -ബാംഗ്ലൂര്‍ രാത്രിയാത്ര അസാധ്യമാക്കിയ നിരോധനം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തി പ്രതിദിന തീവണ്ടിയടക്കം കൂടുതല്‍ വണ്ടികള്‍ നേടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.

രാത്രികാല യാത്രാ നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ച പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് യാത്രക്കാരുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കാവില്ല. മുടന്തന്‍ന്യായം പറഞ്ഞ് പതിറ്റാണ്ടുകളായി കേരളത്തെ റെയില്‍വേ അവഗണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇ. അഹമ്മദ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരിക്കെ മലബാറിന്റെ ന്യായമായ ആവശ്യം നേടിയെടുക്കാനായില്ലെങ്കില്‍ പിന്നെ, എന്നാണ് നമുക്കിത് അനുവദിച്ചുകിട്ടുക?

പ്രശ്‌നം അര്‍ഹിക്കുന്ന ഗൗരവത്തില്‍ കേന്ദ്രസര്‍ക്കാറിനു മുന്നില്‍ എത്തിക്കാന്‍ കേരളത്തിനു സാധിച്ചാല്‍ മന്ത്രി അഹമ്മദിന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കാനാവും.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ യോഗം വിളിക്കണം. അന്തസ്സംസ്ഥാന ദേശീയപാതയില്‍ ഇതുപോലെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ സംഭവം കേട്ടുകേള്‍വിപോലുമില്ല. കൂടുതല്‍ തീവണ്ടികള്‍ കിട്ടാന്‍ എണ്ണമറ്റ ന്യായങ്ങള്‍ കേരളത്തിന് നിരത്താനുണ്ട്. റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ കേരള എം.പി.മാര്‍ ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കണം. റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയെയും പാര്‍ലമെന്റിനെയും ബോധ്യപ്പെടുത്തണം.

കോഴിക്കോട്ടുനിന്ന് ബാംഗ്ലൂരിലേക്ക് പ്രതിദിന തീവണ്ടി മാത്രമാണ് പ്രശ്‌നത്തിന് പോംവഴി.

രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന യാത്രാപ്രശ്‌നത്തിന് കാലതാമസമില്ലാതെ പരിഹാരം കാണാന്‍ റെയില്‍വേ തയ്യാറാവണം. ഇതിന് കര്‍ണാടകത്തിന്റെ സഹായവും തേടാം.

ബാംഗ്ലൂര്‍ തീവണ്ടിക്കായി ജനപ്രതിനിധികള്‍ക്കൊപ്പം ബഹുജനസംഘടനകളും വ്യാപാര, വാണിജ്യ സംഘടനകളും രംഗത്തിറങ്ങണം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/