വനിതാബില്‍: വിട്ടുനിന്നത് തൃണമൂലിന്റെ രാഷ്ട്രീയതന്ത്രം

Posted on: 11 Mar 2010


പ്രവീണ്‍ കൃഷ്ണന്‍



ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നത് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗം. വനിതാബില്ലില്‍ മുസ്‌ലിം സമുദായത്തിന് പ്രത്യേക സംവരണം വേണമെന്നാണ് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നിലപാട്. ബില്ലിനെ പിന്തുണച്ചാല്‍ ബംഗാളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്ക് എതിരാകാന്‍ ഇടയാകുമോ എന്ന ആശങ്കയാണ് മമതയുടെ ഈ നിലപാടിന് കാരണം. സി.പി.എം. ബില്ലിനെ അനുകൂലിച്ച് അവര്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ പിന്തുണയ്ക്കാനുള്ള വൈമുഖ്യമാണ് തൃണമൂലിന്റെ വിട്ടുനില്ക്കലിന്റെ മറ്റൊരു കാരണം.

സംവരണത്തിനകത്ത് പ്രത്യേക സംവരണം എന്ന വാദത്തോട് സി.പി.എം. ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബില്ലിനെ തങ്ങള്‍ അനുകൂലിക്കാത്തത് ബംഗാള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് മമത കരുതുന്നു. സി.പി.എമ്മിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നവരാണ് ബംഗാളിലെ 25 ശതമാനത്തോളം വരുന്ന മുസ്‌ലിം ന്യൂനപക്ഷം.

അതേസമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിന് തൃണമൂല്‍ നിരത്തുന്ന വാദങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സഭയിലെ ഏകോപനത്തില്‍ കോണ്‍ഗ്രസ് പിഴവ് വരുത്തിയെന്നാണ് മമതയുടെ പരാതി. വോട്ടെടുപ്പില്‍ നിന്ന് മമത വിട്ടുനിന്നത് കോണ്‍ഗ്രസ് ഗൗരവമായി എടുത്തിട്ടില്ല. ബംഗാള്‍ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള മമതയുടെ തന്ത്രപരമായ നീക്കം മാത്രമായാണ് കോണ്‍ഗ്രസ്സും ഇതിനെ കാണുന്നത്.

വോട്ടെടുപ്പില്‍ നിന്ന് തൃണമൂല്‍ വിട്ടുനിന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബില്‍ സഭയുടെ പരിഗണനയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മന്ത്രിയെന്ന നിലയില്‍ മമതയും പങ്കാളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. മമത പ്രമുഖ വനിതാ നേതാവാണെന്നും ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോഴുള്ള തീരുമാനം പുനഃപരിശോധിച്ച് ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/