ഇതെന്തൊരു അനീതി, അക്രമം
Posted on: 11 Mar 2010
വിലക്കയറ്റത്തിനെതിരെ കേന്ദ്ര ഓഫീസുകള്‍ അഞ്ചുദിവസത്തേക്ക് ഉപരോധിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയിലെ സംഘടനകള്‍ എന്നത് നല്ലതുതന്നെ. പക്ഷേ, കഷ്ടതകളെല്ലാം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണല്ലോ. മാനാഞ്ചിറയുടെ ഒരു ഭാഗത്ത് അഞ്ചു ദിവസത്തേക്ക് ഉപരോധം വന്നാല്‍ സിറ്റിയാകെ നിശ്ചലമാകുന്നതാണ്. ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടുകയാണ്. ഇവരെയെല്ലാം യഥാര്‍ഥത്തില്‍ പോലീസ് ലാത്തിവീശി ഓടിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ക്കു നീതി നല്‍കുകയല്ലേ പോലീസ് ചെയ്യേണ്ടത്. ഇത്തരം ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കാനും ജനജീവിതം സുഗമമാക്കുവാനും സര്‍ക്കാര്‍ ഇടപെടേണ്ടതല്ലേ? പൊതുസ്ഥലം ഉപരോധിച്ചല്ല പ്രതിഷേധം അറിയിക്കേണ്ടത്. മാത്രമല്ല ഇങ്ങനെ സമരം നടത്തിയതുകൊണ്ട് ഏതെങ്കിലും സാധനത്തിന്റെ വില ഇന്നേവരെ കുറഞ്ഞ ചരിത്രമുണ്ടായിട്ടില്ല. ജനങ്ങളെ കഴുതകളാക്കുകയാണ് ചെയ്യുന്നത്.
- സതീഷ് ചന്ദ്രന്‍, തൊണ്ടയാട്.
ഈ പിടിച്ചുപറി നിര്‍ത്തണം
കോഴിക്കോട്ടെ ഏതുറോഡില്‍ നോക്കിയാലും പൂച്ചകള്‍ എലിയെ പിടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നതുപോലെ ഒരു വെള്ള മൊബൈല്‍ വാനുമായി പോലീസുകാര്‍ ടൂവീലര്‍ക്കാരെ പിടിക്കുവാന്‍ പതുങ്ങിനില്ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്.ചെറിയ കട്ട്‌റോഡുപോലും വെറുതെവിടുന്നില്ല. ഇതുകണ്ടാല്‍ പോലീസിന്റെ പ്രധാനജോലി ടൂവീലര്‍ക്കാരെ വേട്ടയാടുകയാണെന്നു തോന്നും. ചിലസ്ഥലങ്ങളില്‍, ബൈക്കിലും ജീപ്പിലും ഈ കൂട്ടരെ കാണാം.
ഇപ്പോള്‍ സംഗതിയുടെ കിടപ്പ് മാറി. ഹെല്‍മെറ്റ്, ആര്‍.സി. ബുക്ക്, ലൈസന്‍സ്, ടാക്‌സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ ഉണ്ടായാലും രക്ഷയില്ല. മറ്റേതെങ്കിലും കാരണത്താല്‍ വിരട്ടി 100 രൂപ ഫൈന്‍ അടപ്പിക്കും. മരിച്ചവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാലും കുടുംബസമേതം യാത്രചെയ്യുകയാണെങ്കിലും പോലീസ് കനിയില്ല. ഈയിടെ പ്രതികളുടെ ബാഹുല്യം കാരണം എന്റെ വണ്ടിയുടെ പരിശോധന കഴിയുവാന്‍ 25 മിനിറ്റെടുത്തു. അതു കഴിഞ്ഞ് ഞാനും മകനും മരണവീട്ടില്‍ എത്തുമ്പോഴേക്കും ശവദാഹം കഴിഞ്ഞിരുന്നു. ജനങ്ങളിപ്പോള്‍ കള്ളന്മാരെക്കാള്‍ പേടിക്കുന്നത് പോലീസുകാരെയാണ്.
- എടക്കാട് ദേവദാസ്, ഈസ്റ്റ്ഹില്‍.