ദേശീയ നാടകോത്സവത്തിന് തുടക്കമായി
Posted on: 11 Mar 2010
തിരുവനന്തപുരം: മനുഷ്യബന്ധങ്ങളിലെ അര്‍ത്ഥശൂന്യതയും അപരിചിതത്വവും പേറി ഇബ്‌സന്റെ എല്‍വിദയും ഡോ. ബാന്‍ഗലുമൊക്കെ വീണ്ടും വേദിയിലെത്തിയപ്പോള്‍ നാടകത്തിന്റെ സുന്ദര രാത്രികളിലേയ്ക്ക് വെട്ടംവീണു. ഇനി ദേശവും ഭാഷയും കാലവുമൊക്കെ കലയിലൂടെ മാത്രം സംവദിക്കുന്ന ഏഴുദിനങ്ങള്‍. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിന് ടാഗോര്‍ തിയേറ്ററില്‍ തിരശ്ശീല ഉയര്‍ന്നു.
മള്‍ട്ടിമീഡിയ പ്രസന്‍േറഷനടക്കം സാങ്കേതികതയുടെ പുതുവെട്ടം നിറച്ചുകൊണ്ടാണ് ഇബ്‌സന്‍ നാടകത്തിന്റെസ്വതന്ത്രാവിഷ്‌കാരമായ 'സാഗരകന്യക' ആദ്യദിനം വേദിയിലെത്തിയത്. 'അഭിനയ'യുടെ ജ്യോതിഷ് എം. ജി. സംവിധാനം ചെയ്ത നാടകത്തില്‍ രഘൂത്തമന്‍, പാര്‍വതി, മനു, പ്രതീഷ്, ബില്‍ദാസ് തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്തത്.
ദേശീയ നാടകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അഭിനേതാവിനെ നിസാരവത്കരിച്ച് ഉപകരണങ്ങള്‍ക്കും സാങ്കേതികതയ്ക്കും അമിതപ്രാധാന്യം നല്‍കിക്കൊണ്ടുള്ള അവതരണങ്ങള്‍ നാടകത്തിന്റെ പ്രാദേശികസ്വത്വത്തെയും ലക്ഷ്യത്തെയും കെടുത്താനേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേദിയിലെ മനുഷ്യന്‍ തന്നെയാണ് നാടകത്തിന്റെ ജീവന്‍. അഭിനേതാവ് കേട്ടുപറയുന്ന ഉപകരണം മാത്രമാണെന്ന തരത്തിലുള്ള ഇടിച്ചുതാഴ്ത്തലുകള്‍ കലയെ അപചയപ്പെടുത്തും. സിനിമയും സീരിയലുകളും അവാര്‍ഡ് നിശകളുമാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതെങ്കിലും നാടകത്തിന്റെ ശക്തി കുറഞ്ഞിട്ടില്ല. ഇടക്കാലക്ഷീണം മറികടന്ന് നാടകരംഗത്ത് വീണ്ടും ഉണര്‍വ് ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയകാല നാടകനടി കോഴിക്കോട് ശാന്താദേവിയെ ഉപഹാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി എം. എ. ബേബി, മേയര്‍ സി. ജയന്‍ ബാബു, വി. ശിവന്‍കുട്ടി എം. എല്‍. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി ടി. കെ. മനോജ് കുമാര്‍, പി. ആര്‍. ഡി. ഡയറക്ടര്‍, എം. നന്ദകുമാര്‍, നാടകോത്സവം ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.